ബെംഗളൂരു: ഇന്ത്യൻ വനിതാ ക്രിക്കറ്റർ കരുണാ ജെയ്ൻ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. മുപ്പത്തിയാറാം വയസിലാണ് വിക്കറ്റ് കീപ്പർ ബാറ്ററുടെ പടിയിറക്കം. ഇന്ത്യൻ വനിതകൾക്കായി 2005 മുതൽ 2014 വരെ 5 ടെസ്റ്റുകളും 44 ഏകദിനങ്ങളും 9 രാജ്യാന്തര ടി20കളും കളിച്ചിട്ടുണ്ട്. 2005ൽ ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യൻ ടീമിലെ നിർണായക താരങ്ങളിലൊരാളായി.

'അവിശ്വസനീയമായ യാത്രയായിരുന്നു ക്രിക്കറ്റ് കരിയറിലേത്. എന്റെ ഉയർച്ചകളിലും വീഴ്ചകളിലും ഏവരുടേയും പിന്തുണയില്ലായിരുന്നെങ്കിൽ അത് സാധ്യമല്ലായിരുന്നു. എന്റെ കുടുംബമായിരുന്നു ഏറ്റവും പിന്തുണച്ചത്. ക്രിക്കറ്റ് താരമായ സഹോദരൻ ഞാൻ മൈതാനത്തിറങ്ങിയപ്പോഴെല്ലാം ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ കരുത്ത് പകർന്നു. അവരുടെ ത്യാഗവും പിന്തുണയും കൊണ്ടാണ് ഇത്രയും കാലം കളിക്കാനായത്.

 

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി അറിയിക്കുകയാണ്. തുടർന്നും ക്രിക്കറ്റിന് തന്റെ സംഭാവനകൾ നൽകും. എന്റെ ക്രിക്കറ്റ് യാത്രയുടെ ഭാഗമായ എല്ലാവർക്കും നന്ദിയറിയിക്കുന്നു. എല്ലാ പരിശീലകർക്കും സപ്പോർട്ട് സ്റ്റാഫിനും സഹതാരങ്ങൾക്കും നന്ദി. ബിസിസിഐക്കും സംസ്ഥാന അസോസിയേഷനുകൾക്കും നന്ദിയറിയിക്കാൻ ഈ അവസരം ഉപയോഗിക്കുകയാണ്' എന്നും കരുണാ ജെയ്ൻ വിരമിക്കൽ സന്ദേശത്തിൽ കൂട്ടിച്ചേർത്തു.