വൈക്കം: തകിൽ വിദ്വാൻ കരുണാ മൂർത്തി അന്തരിച്ചു. 52 വയസ്സായിരുന്നു. വൈക്കം ചാലപ്പറമ്പ് സ്വദേശിയായ അദ്ദേഹം പാൻക്രിറ്റൈറ്റിസിനെ തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 2.50 നാണ് അന്തരിച്ചത്. അസുഖം മൂർഛിച്ചതിനെ തുടർന്നു തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രാജ്യാന്തര പ്രശസ്തമായ തകിൽ വിദ്വാനാണ്. വൈക്കം ക്ഷേത്ര കലാപീഠം അദ്ധ്യാപകൻ ആയിരുന്നു. കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാൻ പദവി ലഭിച്ചിട്ടുണ്ട്. തകിലിൽ കീർത്തനങ്ങൾ വായിക്കുന്നതിലൂടെ ആസ്വാദക മനം കവർന്ന കലാകാരനാണ് കരുണാമൂർത്തി. ഭാര്യ:ശ്രീലത മൂർത്തി. മക്കൾ: ആതിര മൂർത്തി, ആനന്ദ് മൂർത്തി. മരുമകൻ: മനു ശങ്കർ. മൃതദേഹം ബുധനാഴ്ച വൈകിട്ട് 5ന് വൈക്കത്തെ വീട്ടിൽ എത്തിക്കും. സംസ്‌കാരം നാളെ രണ്ടിന് നടക്കും.