{{ചവറുകളുടെ വർഷം! സങ്കേതികമായും സാമ്പത്തികമായാലും മലയാളസിനിമ ഒരുപാട് മുന്നോട്ടുപോയ 2017ന്റെ അവസാനം, കലാമൂല്യമുള്ള സിനിമകളുടെ കണക്കെടുക്കുമ്പോൾ ആദ്യം നാക്കിൽ വന്ന വാക്കാണിത്. പൊട്ടക്കഥകളും ക്‌ളീഷേ രംഗങ്ങളും, മസ്തിഷ്‌കത്തിൽനിന്ന് സാമാന്യയുക്തിയെ നിയന്ത്രിക്കുന്ന ഭാഗം തുരന്നുമാറ്റിയാൽ മാത്രം കാണാൻ കഴിയുന്ന അയഥാർഥമായ പേക്കൂത്തുകളും കണ്ടുമടുത്തുപോയ ഒരു വർഷംകൂടി. 130ലേറെ സിനിമകൾ ഇറങ്ങിയ ഒരു വർഷത്തിന്റെ ഫ്‌ളാഷ്ബാക്കടിച്ചു നോക്കുമ്പോൾ അതിൽ 110 പടങ്ങളും, നല്ലചിത്രങ്ങളെ സ്‌നേഹിക്കുന്ന, വ്യത്യസ്തമായ സിനിമാ അനുഭവം ആഗ്രഹിക്കുന്നവർക്ക്, ശുദ്ധ വേസ്റ്റും ബോറുമായാണ് അനുഭവപ്പെട്ടത്. ഏറ്റവും ഭയാനകമായ അവസ്ഥ ഈ ചവറുകളിൽ പലതും വൻ ഹിറ്റാവുന്നുവെന്നതാണ്.

തെലുങ്കിനെ അമ്പരപ്പിക്കുന്ന പൂരക്കത്തികൾക്കുപോലും ഇവിടെ ജനം ഇടിച്ചുകയറുകയാണ്. ആ അർഥത്തിൽ മലയാള സിനിമയുടെ സാമ്പത്തിക അടിത്തറമെച്ചപ്പെട്ട വർഷംകൂടിയാണിത്. പക്ഷേ ഈ വർഷം നല്ല സിനിമകൾ എത്രയൊക്കെ എന്ന് ചോദിച്ചാൽ വിരൽമടക്കി എണ്ണിപ്പറയാവുന്ന അവസ്ഥയാണ്. ഏറ്റവും ലജ്ജാകരം നമ്മുടെ സൂപ്പർതാരങ്ങളുടെ ഒരു പടവും മികച്ച ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടം പിടിച്ചിട്ടില്ല എന്നതാണ്. ഫാൻസുകാർക്ക്വേണ്ടിയുള്ള കട്ടകോപ്പിരാട്ടികൾക്ക് മാത്രമേ, വന്നുവന്ന് നമ്മുടെ താരങ്ങൾക്ക് സമയമുള്ളൂവെന്ന് തോനുന്നു. പ്രേക്ഷകന്റെ മനസ്സിൽ ഒരുതരം സ്റ്റീരിയോടൈപ്പായ സിനിമാ സങ്കൽപ്പം ഉറച്ചുപോവുകയും വ്യത്യസ്തമായ ചിത്രങ്ങൾ പരാജയപ്പെടുകയും ചെയ്യുമെന്നതാണ് ഈ താര ക്രോപ്രായങ്ങൾകൊണ്ടുള്ള ദോഷം.