- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം; ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി; 10 ദിവസത്തിനു ശേഷം പരിഗണിക്കും
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി പരിഗണിക്കുന്നത് വീണ്ടും മാറ്റി. പത്തു ദിവസത്തിനു ശേഷം പരിഗണിക്കുന്നതിനാണു മാറ്റിവച്ചിരിക്കുന്നത്.
സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമാണെന്നുമുള്ള സർക്കാർ വാദത്തിന് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ഹർജിക്കാരന് ഹൈക്കോടതി നിർദ്ദേശം നൽകി. തൃശൂർ സ്വദേശിയായ കരുവന്നൂർ ബാങ്ക് മുൻ ജീവനക്കാരനാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
ബാങ്ക് തട്ടിപ്പിലൂടെ പ്രതികൾ സമ്പാദിച്ച പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കു പോലും ഉപയോഗിച്ചിട്ടുണ്ടാകുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് പരിഗണിച്ച ഹൈക്കോടതി 300 കോടി രൂപയുടെ തട്ടിപ്പ് സിബിഐ അന്വേഷിക്കേണ്ടതല്ലേ എന്നു സർക്കാരിനോട് ആരാഞ്ഞിരുന്നു.
ക്രൈംബ്രാഞ്ചിനൊപ്പം ഇഡി അന്വേഷണവും നടക്കുന്നുണ്ടെന്നും കൂടുതൽ പ്രതികൾ പിടിയിലാകുമെന്നും സർക്കാർ വിശദമാക്കിയതോടെ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. ഇതിനിടെ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നുണ്ട്. 4 ഭരണസമിതി അംഗങ്ങളായിരുന്ന സിപിഎം നേതാക്കളെ അന്വേഷണ സംഘം ഇന്ന് രാവിലെ അറസ്റ്റു ചെയ്തിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ