തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതികളുടെ വീടുകളിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിൽ ബെനാമി രേഖകൾ ഉൾപ്പെടെ കണ്ടെത്തിയതായി സൂചന. പ്രതികളുടെ മൊഴി പ്രകാരം കൂടുതൽ രേഖകൾ കണ്ടെടുത്തു. 29 അനധികൃത വായ്പ രേഖകളാണ് കണ്ടെത്തിയത്. 29 വായ്പകളിൽ നിന്നായി 14.5 കോടി രൂപ വകമാറ്റി. പ്രതികളെ വീട്ടിലെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുത്തു.

ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലെ ആറ് പ്രതികളായ റെജി അനിൽ കുമാർ, കിരൺ, ബിജു, കരീം, ബിജോയ് എ കെ, ടി.ആർ സുനിൽ കുമാർ, സി കെ ജിൽസ് എന്നിവരുടെ ഇരിങ്ങാലക്കുട, പൊറത്തിശേരി, കൊരുമ്പിശേരി എന്നിവിടങ്ങളിൽ വീടുകളിലാണ് പരിശോധന നടക്കുന്നത്. ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണ സംഘത്തിന്റെ പരിശോധന.

പ്രതികൾക്ക് പങ്കാളിത്തമുള്ള ഇരിങ്ങാലക്കുടയിൽ രജിസ്റ്റർ ചെയ്ത കമ്പനികളിൽ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. പെസോ ഇൻഫ്രാസ്ട്രക്‌ച്ചേഴ്‌സ്, സിസിഎം ട്രേഡേഴ്‌സ്, തേക്കടി റിസോർട്‌സ്, മൂന്നാർ ലക്‌സ്വേ എന്നീ കമ്പനികളെയാണ് അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയത്.

ബാങ്കിൽനിന്നു തട്ടിയെടുത്ത പണം പ്രതികൾ നിക്ഷേപിച്ച കമ്പനികളാണ് ഇവ. ഈ പണം തിരിച്ചുപിടിക്കേണ്ടത് നിർണായകമാണ്. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടിയും ക്രൈംബ്രാഞ്ച് സ്വീകരിക്കുന്നുണ്ട്.

അതിനിടെ, കേസിൽ നാല് പ്രധാന പ്രതികളെ പൊലീസ് പിടികൂടി. കേസിലെ ഒന്നാം പ്രതി സുനിൽകുമാർ, രണ്ടാം പ്രതി ബിജു, ജിൽസ്, ബിജോയ് എന്നിവരാണ് കസ്റ്റഡിയിലായത്. ബിജു കരീം ബാങ്കിന്റെ മാനേജരും, സുനിൽ കുമാർ സെക്രട്ടറിയും ആയിരുന്നു. ജിൽസ് ആയിരുന്നു ബാങ്കിന്റെ ചീഫ് അക്കൗണ്ടന്റ്, ബിജോയ് കമ്മീഷൻ ഏജന്റായിരുന്നു.

തൃശൂർ അയ്യന്തോളിലെ ഒരു ഫ്‌ളാറ്റിൽ നിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം അയ്യന്തോളിലെ ഒരു സൂപ്പർമാർക്കറ്റിൽ ഇവർ എത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

നേരത്തെ ഇവർ തൃശൂരിലുണ്ടെന്ന് വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. തട്ടിപ്പിനിരയായവരിൽ നിന്നും വാങ്ങിയ പണം എവിടെയെന്നറിയാൻ ഇവർ നടത്തിയ ക്രയവിക്രയങ്ങളെ കുറിച്ച് അറിയേണ്ടതുണ്ട്.

100 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയ കരുവന്നൂർ ബാങ്കിലെ സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സഹകരണ രജിസ്ട്രാർ നേരത്തെ പിരിച്ചുവിട്ടിരുന്നു. ഭരണസമിതിക്കും തട്ടിപ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നത് കണക്കിലെടുത്താണ് കെ കെ ദിവാകരൻ പ്രസിഡന്റായ ഭരണസമിതി ജില്ലാ രജിസ്ട്രാർ പിരിച്ചുവിട്ടത്. മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) എം സി അജിത്തിനെ കരുവന്നൂർ ബാങ്ക് അഡ്‌മിനിസ്ട്രേറ്ററായി ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സംഭവത്തിൽ ബാങ്ക് സെക്രട്ടറി ഉൾപ്പടെ നാലോളം പേരെ സസ്‌പെന്റ് ചെയ്തിരുന്നു. മുൻ സെക്രട്ടറി സുനിൽകുമാർ, മുൻ ബ്രാഞ്ച് മാനേജർ ബിജു, മുൻ സീനിയർ അക്കൗണ്ടന്റ് ജിൽസ്, സൂപ്പർ മാർക്കറ്റ് അക്കൗണ്ടന്റായിരുന്ന റെജി അനിൽ, കിരൺ, ബിജോയ് എന്നിവരുടെ പേരിലാണ് കേസ്. വിശ്വാസ വഞ്ചന, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ എന്നിവയ്ക്ക് പുറമെ ബാങ്ക് ജീവനക്കാർ തട്ടിപ്പ് നടത്തിയതിനുള്ള വകുപ്പും ചേർത്തിട്ടുണ്ട്. ടി ആർ സുനിൽകുമാറും ബിജുവും സി പി എം ലോക്കൽ കമ്മിറ്റി അംഗങ്ങളും ജിൽസ് പാർട്ടി അംഗവുമാണ്.

അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ തൃശൂർ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തൽ. ഇത്തരം വീഴ്ചകൾ ഒഴിവാക്കാൻ പാർട്ടി -സർക്കാർ തലത്തിൽ തിരുത്തൽ നടപടിയെടുക്കാനും തീരുമാനമായി. സമാനമായ തട്ടിപ്പ് ആവർത്തിക്കരുതെന്ന് സിപിഎം സഹകരണ വകുപ്പിന് നിർദ്ദേശം നൽകി. ബാങ്ക് തട്ടിപ്പ് സംസ്ഥാന നേതൃത്വം നേരത്തേ അറിഞ്ഞിരുന്നെന്നും ഇതോടെ വ്യക്തമായി.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്റെ ഗൗരവം സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്താൻ ജില്ലാഘടകത്തിനു കഴിഞ്ഞില്ലെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉയർന്ന വിമർശനം. തട്ടിപ്പിനെ കുറിച്ച് ആദ്യം പരാതി ലഭിച്ചത് തൃശൂരിൽ നിന്നുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനാണ്. ജില്ലയിൽ അന്വേഷണം തീരുമാനിച്ച് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ജില്ലയിൽ നിന്നു തന്നെയുള്ള എ.സി.മൊയ്തീൻ അന്ന് സഹകരണ മന്ത്രിയായിരുന്നു. അതിനാൽ തട്ടിപ്പിനെ കുറിച്ച് കൃത്യമായ വിവരം അദ്ദേഹത്തിനും ഉണ്ടായിരുന്നു.

എന്നിട്ടും വേണ്ടത്ര പ്രധാന്യത്തോടെ ഇത് സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ജാഗ്രത കാട്ടുകയും ചെയ്തില്ല. തട്ടിപ്പ് വിശദമായി പരിശോധിക്കാൻ ജില്ലാ നേതൃത്വത്തിന് സംസ്ഥാന സെക്രട്ടേറിയറ്റ് നിർദ്ദേശം നൽകി. തൃശൂരിലെ കൂടുതൽ നേതാക്കൾക്കെതിരെ നടപടിയും വരും. തൃശൂരിൽ പാർട്ടിയുടേയും സഹകരണ പ്രസ്ഥാനങ്ങളുടേയും വിശ്വാസ്യത തിരിച്ചുപിടിക്കാൻ ഉതകുന്ന നടപടികൾ വേണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് ജില്ലാ നേതൃത്വത്തിനും സർക്കാരിനും നിർദ്ദേശം നൽകി.

സഹകരണ മേഖലയിൽ പിടിമുറുക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ പാർട്ടി ഘടകങ്ങളും ശക്തമായ ജാഗ്രത പുലർത്തണം എന്നും തീരുമാനിച്ചു. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളായ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത് സിപിഎമ്മിന് വലിയ ആഘാതമാണെന്നതിനാലാണ് പെട്ടന്നു തന്നെ തിരുത്തൽ നടപടികളിലേക്ക് നീങ്ങിയത്.

സംസ്ഥാനത്ത് പാർട്ടി നിയന്ത്രണത്തിലുള്ള എല്ലാ സഹകരണ സ്ഥാപനങ്ങളിലു പാർട്ടിതല പരിശോധന നടത്തും. സംസ്ഥാനതലത്തിലും ജില്ലാ പ്രാദേശിക തലങ്ങളിലും സിപിഎമ്മിനുള്ള സഹകരണ സബ് കമ്മിറ്റികളുടെ പ്രവർത്തനം കൂടുതൽ ഊർജസ്വലമാക്കും. ക്രമക്കേടുകൾ തടയാൻ സഹകരണ നിയമഭേദഗതിക്ക് സർക്കാരും നടപടി തുടങ്ങി. സഹകരണ വിജിലൻസ് ശക്തിപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. നിരീക്ഷണത്തിനും പരിശോധനയ്ക്കും പ്രത്യേക സമിതിയെ നിയോഗിക്കാനാണ് ആലോചന.