- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: ഒളിവിലായിരുന്ന മുഖ്യപ്രതി കിരൺ കൊല്ലങ്കോട് നിന്നും പിടിയിൽ; ബാങ്കിലെ കമ്മിഷൻ ഏജന്റായിരിക്കെ തട്ടിയെടുത്തത് 25 കോടി രൂപ; ഒളിവിൽ കഴിഞ്ഞത് വിവിധ സംസ്ഥാനങ്ങളിലെന്ന് അന്വേഷണ സംഘം
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പുക്കേസിലെ മുഖ്യപ്രതി കിരൺ അറസ്റ്റിൽ. മാപ്രാണം സ്വദേശിയാണ്. നാലാം പ്രതി കിരണിനെ കൊല്ലങ്കോട് നിന്നാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ബാങ്കിലെ കമ്മിഷൻ ഏജന്റായിരിക്കെ 25 കോടിയോളം രൂപ കിരൺ കരുവന്നൂർ ബാങ്കിൽനിന്ന് തട്ടിയെടുത്തുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതോടെ നാടുവിട്ടതായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ ചുറ്റിക്കറങ്ങിയ ശേഷം കേരളത്തിലേക്ക് കടന്നപ്പോഴായിരുന്നു അറസ്റ്റ്. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. പ്രധാന പ്രതികളെല്ലാം ഇതോടെ അറസ്റ്റിലായി. ഇനി, ഭരണസമിതിയിലെ ചിലരെ മാത്രമാണ് പിടികൂടാനുള്ളത്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതു മുതൽ കിരൺ ഒളിവിലാണ്. തമിഴ്നാട്, കർണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ കിരൺ ഒളിവിൽ ആയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൊബൈൽ ഫോൺ, എടിഎം കാർഡ് തുടങ്ങിയവ കിരൺ ഉപയോഗിച്ചിരുന്നില്ല. വീട്ടിലുള്ളവരേയും ബന്ധപ്പെടാതെയാണ് കിരൺ കഴിഞ്ഞിരുന്നത്. പ്രതി കൊല്ലങ്കോട് ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച രാവിലെ ഇയാളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ബാങ്ക് ജീവനക്കാരനല്ലാത്ത തനിക്ക് തട്ടിപ്പിൽ യാതൊരു പങ്കുമില്ലെന്ന വാദം ഉന്നയിച്ച് കിരൺ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. കമ്മീഷൻ ഏജന്റായ കിരണിന്റ അക്കൗണ്ടിലേക്ക് 46 വായ്പകളിൽ നിന്നായി 25 കോടി രൂപ എത്തിയെന്നാണ് കണ്ടെത്തൽ. ഇത് തെളിയിക്കുന്ന രേഖകളും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്.
ബാങ്ക് അംഗമായിരുന്ന കിരൺ മുൻ ബാങ്ക് സെക്രട്ടറിയായിരുന്ന സുനിൽ കുമാറുമായി ഒത്തുചേർന്നാണ് തട്ടിപ്പുകളെല്ലാം നടത്തിയത്. തട്ടിപ്പിൽ നേരിട്ട് പങ്കുള്ള കിരൺ ഒഴികെയുള്ള എല്ലാ പ്രതികളേയും നേരത്തെ പിടികൂടിയിരുന്നു.
തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വത്തിലുള്ള മുൻ ഭരണസമിതിയിലെ രണ്ട് അംഗങ്ങൾ കൂടി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കെ.വി.സുഗതൻ, എം.എ.ജിജോരാജ് എന്നിവരാണു പിടിയിലായത്. ക്രൈം ബ്രാഞ്ച് ഓഫിസിലെത്തി ഇവർ കീഴടങ്ങുകയായിരുന്നു എന്നു സൂചനയുണ്ട്. ഇവരെ റിമാൻഡ് ചെയ്തു.
300 കോടി രൂപയുടെ ക്രമക്കേടു നടന്നതായി കണക്കാക്കുന്ന കേസിൽ 104 കോടി രൂപയുടെ അഴിമതിയാണു ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയത്. തട്ടിപ്പിൽ പങ്കാളിയായെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ 12 അംഗ ഭരണസമിതിയിലെ ഏഴ് പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
അമ്പിളി മഹേഷ്, മിനി നന്ദനൻ എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്. നാല് പതിറ്റാണ്ടിലേറെയായി സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണു കരുവന്നൂർ ബാങ്ക് ഭരിക്കുന്നത്. വ്യാപക തട്ടിപ്പുകൾ നടക്കുന്നതായി 10 കൊല്ലം മുൻപുതന്നെ പരാതികൾ ലഭിച്ചിട്ടും അവഗണിക്കുകയായിരുന്നു എന്ന് ആക്ഷേപമുണ്ട്.
തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ 100 കോടിയിലധികം രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തൽ. സിപിഎം നേതൃത്വത്തിലുള്ള 13 അംഗ ഭരണ സമിതിയായിരുന്നു ബാങ്കിലേത്. ഈ ഭരണസമിതിയെ തട്ടിപ്പ് പുറത്തായതിനെത്തുടർന്ന് പിരിച്ചു വിട്ടിരുന്നു. പല രീതിയിലാണ് വായ്പാ തട്ടിപ്പ് നടത്തിയിരിക്കുന്നത്. 100ലധികം വ്യാജ വായ്പകളാണ് ഭരണസമിതിയുടെ വ്യക്തമായ പങ്കോട് കൂടി നടത്തിയതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.
കേസിൽ 12 ഭരണസമിതി അംഗങ്ങളെ ക്രൈം ബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്. ഇതിൽ രണ്ട് പേർ ഇനിയും പിടിയിലാകാനുണ്ട്. ഇവരിലൊരാളുടെ മകളുടെ വിവാഹച്ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്ത് വന്നത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. കേസിലെ പ്രതി അമ്പിളി മഹേഷിന്റെ മകളുടെ വിവാഹ ചടങ്ങിലാണ് മന്ത്രി പങ്കെടുത്തത്.
100 കോടിയുടെ തട്ടിപ്പും 300 കോടി രൂപയുടെ ക്രമക്കേടുമാണ് കരുവന്നൂർ ബാങ്കിലെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. കേസിൽ ജൂലായ് 17നാണ് ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാർ(58), മുൻ ബ്രാഞ്ച് മാനേജർ എം.കെ. ബിജു കരീം(45), മുൻ സീനിയർ അക്കൗണ്ടന്റ് ജിൽസ്(43), ബാങ്ക് അംഗം കിരൺ(31), ബാങ്കിന്റെ മുൻ റബ്കോ കമ്മീഷൻ ഏജന്റ് ബിജോയ് (47), ബാങ്ക് സൂപ്പർമാർക്കറ്റ് മുൻ അക്കൗണ്ടന്റ് റെജി അനിൽ(43) എന്നിവരാണ് കേസിലെ ആറ് പ്രതികൾ.
മറുനാടന് മലയാളി ബ്യൂറോ