- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കരുവന്നൂർ അമിത് ഷായ്ക്ക് കൊടുത്തത് അടിക്കാനുള്ള വടി; തട്ടിപ്പ് മറച്ചു വച്ച ഏര്യാ-ലോക്കൽ കമ്മറ്റികളെ പിരിച്ചു വിട്ടേക്കും; നേതാക്കളെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചും; ഭരണ സമിതിക്കാരും പ്രതികളാകും; തിരുത്തൽ സാധ്യത തേടി സിപിഎം
തിരുവനന്തപുരം: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ ലോക്കൽ ഏര്യാ കമ്മറ്റികൾക്കെതിരെ നടപടി വരും. വിഷയത്തിൽ പാർട്ടിക്ക് നേരിടേണ്ടിവരുന്ന ആരോപണങ്ങളെ മറികടക്കാൻ സർക്കാർ ഇടപെടണമെന്ന് സിപിഎം. നിർദ്ദേശം വന്നു കഴിഞ്ഞു. കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ ഗൗരവം സംസ്ഥാനനേതൃത്വത്തെ ബോധ്യപ്പെടുത്തുന്നതിൽ ജില്ലാഘടകത്തിന് വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലാണ് സിപിഎം സംസ്ഥാന സമിതിക്കുള്ളത്. ഈ സാഹചര്യത്തിൽ ജില്ലാ തലത്തിലെ നേതാക്കൾക്കെതിരേയും നടപടി വന്നേക്കും.
സംസ്ഥാനത്തെ സഹകരണബാങ്കുകളെ സിപിഎം. സാമ്പത്തികലാഭത്തിനായി ഉപയോഗിക്കുവെന്നത് ബിജെപി.യുടെ പ്രചാരണമാണ്. ഇതിന് ബലം നൽകുന്നതിന് കരുവന്നൂർ ബാങ്കിലുണ്ടായ തട്ടിപ്പ് കാരണമാകുമെന്നും സിപിഎം. വിലയിരുത്തുന്നു. അമിത് ഷായുടെ നേതൃത്വത്തിൽ കേന്ദ്രം പുതിയ വകുപ്പുണ്ടാക്കിയതും കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനാണ്. ഇത്തരം ആരോപണങ്ങൾ കേന്ദ്രത്തിന് കൂടുതൽ കരുത്ത് നൽകും.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഭരണസമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യംചെയ്യും. തൃശൂർ ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാകാൻ മൂന്ന് അംഗങ്ങൾക്ക് നിർദ്ദേശം നൽകി. വായ്പ അനുവദിച്ചതിലെ അപാകതകളെക്കുറിച്ചാണ് അന്വേഷണം. ബാങ്ക് ഉദ്യോഗസ്ഥരായ പ്രതികളോടും ഹാജരാകാൻ അന്വേഷണസംഘം നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് സിപിഎം പാർട്ടി തല നടപടികൾക്ക് ഒരുങ്ങുന്നത്. ലോക്കൽ-ഏര്യാ കമ്മറ്റികളെ പിരിച്ചു വിടുന്നതും ആലോചനയിലാണ്. ഈ മേഖലയിൽ സർവ്വത്ര പൊളിച്ചെഴുത്താണ് പരിഗണനയിൽ.
2019ലാണ് ആദ്യ പരാതി കിട്ടിയത്. അത് ആരും ഗൗരവത്തോടെ എടുത്തില്ലെന്നാണ് സിപിഎം വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് തെറ്റു തിരുത്തലിന് സിപിഎം തയ്യാറാകുന്നത്. തട്ടിപ്പുകാർക്ക് പാർട്ടിയുടെയും സർക്കാരിന്റെയും പിന്തുണ കിട്ടില്ലെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണം. അതിന് സഹകരണബാങ്കുകളെക്കുറിച്ച് ഉയരുന്ന എല്ലാപരാതികളിലും സർക്കാർ അന്വേഷണം നടത്തണമെന്ന് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചു.
പാർട്ടിനിയന്ത്രണത്തിലുള്ള എല്ലാ സഹകരണസ്ഥാപനങ്ങളിലെയും ഭരണസമിതി അംഗങ്ങളുടെയും പ്രവർത്തനം പരിശോധിക്കാനും തീരുമാനിച്ചു. പാർട്ടി അംഗങ്ങളായ ഭരണസമിതി അംഗങ്ങളുടെ പ്രത്യേക യോഗം വിളിക്കുകയും പ്രവർത്തനങ്ങൾ പരിശോധിക്കുകയും ചെയ്യേണ്ടത് സബ്കമ്മിറ്റി ചുമതലയുള്ള പാർട്ടിനേതാക്കളാണ്. ഇത്തരം പരിശോധനകളിൽ വീഴ്ചയുണ്ടാകുന്നുവെന്നാണ് കരുവന്നൂർ ബാങ്ക് സംഭവം ബോധ്യപ്പെടുത്തുന്നത്. ഇതിൽ തിരുത്തൽ വേണമെന്നാണ് സിപിഎം നിർദ്ദേശം. സിപിഎം നിയന്ത്രണത്തിലുള്ളതാണ് കരുവന്നൂരിലെ ബാങ്ക് സമിതി. തട്ടിപ്പുകൾ പാർട്ടി തലത്തിൽ വിശദമായി പരിശോധിക്കുമെന്ന് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ബാങ്കിനെക്കുറിച്ചുള്ള പരാതികൾ നേരത്തേ സിപിഎം. ജില്ലാഘടകം അന്വേഷിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി അംഗം പി.കെ. ബിജുവിനെയാണ് നിയോഗിച്ചത്. സംസ്ഥാന സമിതി അംഗത്തെ അന്വേഷണകമ്മിഷനാക്കുമ്പോൾ സംസ്ഥാന നേതൃത്വം അറിയും. തൃശ്ശൂരിൽനിന്നുള്ള എ.സി. മൊയ്തീനായിരുന്നു ഒന്നാം പിണറായിസർക്കാരിന്റെ കാലത്ത് തുടക്കത്തിൽ സഹകരണമന്ത്രി. മൊയ്തീനെതിരേയും ആരോപണം ഉയർന്നിട്ടുണ്ട്. വെട്ടിപ്പ് തടയാനും പരിശോധിക്കാനും തിരുത്താനും പാർട്ടിസർക്കാർ തലത്തിൽ നടപടിയെടുക്കും.
സഹകരണ മേഖലയിൽ പിടിമുറുക്കാനുള്ള കേന്ദ്ര നീക്കത്തിന് ഇത്തരം വെട്ടിപ്പുകൾ ഗുണകരമായി മാറുമെന്ന വിലയിരുത്തൽ നേതൃത്വത്തിനുണ്ട്.
9 അംഗ അന്വേഷണ സമിതി
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സമഗ്രമായി അന്വേഷിക്കാൻ ഒൻപതംഗ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ച് ഉത്തരവായി. സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ അടക്കം ഇടപെടൽ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വി.എൻ. വാസവൻ നിർദ്ദേശിച്ചു. മറ്റു ജില്ലകളിലെ ബാങ്കുകളുടെ കാര്യവും സമിതി പരിശോധിക്കും. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് വിശദ അന്വേഷണത്തിനുള്ള ഉത്തരവ്.
മറുനാടന് മലയാളി ബ്യൂറോ