തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ 300 കോടി രൂപയുടെ വെട്ടിപ്പിൽ സിപിഎം നേതാക്കളും പ്രതികളും അടക്കം 13 പേർക്കെതിരെ കൂട്ടനടപടി എടുക്കുമ്പോൾ ചർച്ചയാകുന്നത് പാർട്ടിക്കുള്ളിലെ ഗൂഢാലോചന. ബാങ്ക് പ്രസിഡന്റ് അടക്കം 4 പാർട്ടി അംഗങ്ങളെ ജില്ലാ കമ്മിറ്റി പുറത്താക്കി. ഇവരെ എല്ലാം ക്രൈംബ്രാഞ്ച് കേസിൽ പ്രതിയാക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

മൂന്ന് പ്രധാന നേതാക്കൾക്കെതിരേയും നടപടി വന്നേക്കും. ബേബി ജോൺ, എസി മൊയ്ദീൻ, പികെ ബിജു എന്നിവരാണ് അച്ചടക്ക നടപടിക്ക് സാധ്യതയുള്ളത്. ബേബി ജോൺ ജില്ലാ സെക്രട്ടറിയായപ്പോഴാണ് പരാതി ആദ്യമായി കിട്ടുന്നത്. പിന്നീട് എസി മൊയ്ദിനായി സെക്രട്ടറി. വർഷങ്ങൾക്ക് മുമ്പു കിട്ടിയ പരാതിയിൽ പികെ ബിജു അന്വേഷണം നടത്തി. എന്നാൽ അന്നൊന്നും സംഭവത്തിന്റെ വ്യാപ്തി സംസ്ഥാന നേതൃത്വം അറിഞ്ഞില്ല. ഇതിന് കാരണം ഈ നേതാക്കളുടെ വീഴ്ചയാണെന്നാണ് വിലയിരുത്തൽ.

ബാങ്കിലെ പ്രതിസന്ധി പുറത്ത് എത്തിയ ശേഷം കരുവന്നൂരിൽ സിപിഎം അന്വേഷണം നടത്തിയിരുന്നു. അതിന് ശേഷമാണ് ജില്ലാ സെക്രട്ടേറിയറ്റ്് മുൻ അംഗം അടക്കം മറ്റ് 9 പേർക്കെതിരെ നടപടിയെടുക്കാനും തീരുമാനിച്ചത്. 110 കോടി രൂപയുടെ അഴിമതി നടന്നെന്നാണു വിലയിരുത്തൽ. അതേസമയം, പ്രതികളിൽ 4 പേരെ അറസ്റ്റ് ചെയ്‌തെന്ന വിവരം ക്രൈംബ്രാഞ്ച് ഇന്നലെയും സ്ഥിരീകരിച്ചിട്ടില്ല. ഇതും ദുരൂഹമായി തടുരന്നു. അതായത് പ്രതികൾ ആരേയും ഇനിയും പിടികൂടിയിട്ടില്ല.

പാർട്ടിയിൽ നിന്ന് പുറത്താക്കിയ ശേഷം മതി അറസ്റ്റിൽ സ്ഥിരീകരണമെന്ന നിലപാട് സിപിഎം സ്വീകരിച്ചതായി സൂചനയുണ്ട്. ഇതിന് വേണ്ടിയാണ് അടിയന്തര നടപടി എടുത്തത്. പാർട്ടിക്കാരല്ലാത്തതിനാൽ ഇനി പ്രതികളെ ഇനി കോടതിയിൽ എത്തിക്കുമെന്നാണ് സൂചന. തൃശൂർ അയ്യന്തോളിലെ ഫ്‌ളാറ്റിൽ നിന്ന് ഞായറാഴ്ച ഉച്ചയോടെ നാലു പേരെ പിടികൂടിയെന്നായിരുന്നു വാർത്തകൾ. ഇതാണ് ക്രൈംബ്രാഞ്ച് ഇനിയും സ്ഥിരീകരിക്കാത്തത്.

ബാങ്ക് പ്രസിഡന്റും സിപിഎം മാടായിക്കോണം ബ്രാഞ്ച് അംഗവുമായ കെ.കെ. ദിവാകരൻ, അഴിമതിക്കേസിലെ ഒന്നാം പ്രതിയും കരുവന്നൂർ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും ഇപ്പോൾ അംഗവുമായ ടി.ആർ. സുനിൽകുമാർ, രണ്ടാം പ്രതിയും ബാങ്ക് മാനേജരും പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി അംഗവുമായ ബിജു കരീം, അഞ്ചാം പ്രതിയും തൊടുപറമ്പ് ബ്രാഞ്ച് അംഗവുമായ സി.കെ. ജിൽസ് എന്നിവരെയാണു പുറത്താക്കിയത്.

ജില്ലാ സെക്രട്ടേറിയറ്റ്് മുൻ അംഗവും ബാങ്ക് മുൻ പ്രസിഡന്റും മുതിർന്ന നേതാവുമായ സി.കെ. ചന്ദ്രനെ ഒരു വർഷത്തേക്കു സസ്‌പെൻഡ് ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.ആർ. വിജയ, ഉല്ലാസ് കളക്കാട്, എന്നിവരെ ലോക്കൽ കമ്മിറ്റിയിലേക്കു തരം താഴ്‌ത്തി. ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജൻ, കരുവന്നൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ്. വിശ്വംഭരൻ എന്നിവരെ സ്ഥാനത്തുനിന്നു നീക്കി. ബാങ്ക് ഡയറക്ടർ ബോർഡംഗങ്ങളായ എം.ബി. ദിനേഷ്, ടി.എസ്. ബൈജു, അമ്പിളി മഹേഷ്, എ. നാരായണൻ എന്നിവരെ പാർട്ടിയിൽ നിന്നു സസ്‌പെൻഡ് ചെയ്തു.

ഫലത്തിൽ ഇവരെല്ലാം തെറ്റു ചെയ്തുവെന്ന് സിപിഎം സമ്മതിക്കുകയാണ്. ഇവർക്കെതിരെ പൊലീസ് എന്തു നടപടി എടുക്കുമെന്നതാണ് ഇനി നിർണ്ണായകം. ഇരിങ്ങാലക്കുട നഗരസഭ പ്രതിപക്ഷ നേതാവായ കെ.ആർ. വിജയ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിലെ സ്ഥാനാർത്ഥി സാധ്യതാപട്ടികയിലുമുണ്ടായിരുന്നു. 2 ദിവസമായി ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിലെ ചർച്ചകൾക്കു ശേഷമാണു നടപടി. ആദ്യ ദിവസം 7 മണിക്കൂറാണ് ഈ വിഷയം ചർച്ച ചെയ്തത്.

10 വർഷം മുൻപു പരാതി ലഭിച്ചിട്ടും ഒരു തവണപോലും ജില്ലാ കമ്മിറ്റി ഇടപെട്ടില്ലെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. 2 വർഷം മുൻപു സഹകരണ അസിസ്റ്റന്റ് രജിസ്റ്റ്രാറുടെ റിപ്പോർട്ട് പുറത്തുവന്നപ്പോഴും ഇടപെടലുണ്ടായില്ല. ഇതാണ് പാർട്ടിയുടെ അച്ചടക്ക നടപടിക്ക് കാരണം. ഫലത്തിൽ തട്ടിപ്പ് അറിഞ്ഞിട്ടും മറച്ചു വച്ചവരാണ് ഇവർ. ഈ സാഹചര്യത്തിൽ നടപടി എടുത്തവർക്കെല്ലാം എതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാണ്.