- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നിക്ഷേപിച്ചവർക്ക് ഇൻഷുറൻസിലെ താൽകാലിക ആശ്വാസവുമില്ല; ഒരു അക്കൗണ്ടിനു പരമാവധി 2 ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കിയ പദ്ധതിയിലെ തിരുത്തൽ വെട്ടിലാക്കുന്നത് കഷ്ടപ്പെട്ട് പണം നിക്ഷേപിച്ച പാവങ്ങളെ; കരുവന്നൂർ ബാങ്കിനെ വിശ്വസിച്ചവർക്ക് കിട്ടയത് വമ്പൻ പണി
തൃശൂർ: കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പണി കിട്ടുമെന്ന് ഉറപ്പായി. 300 കോടിയുടെ അഴിമതി നടന്ന കരുവന്നൂർ സഹകരണ ബാങ്ക് അടക്കമുള്ള സ്ഥാപനങ്ങളിലെ നിക്ഷേപകർക്ക് ഇൻഷുറൻസ് സംരക്ഷണം കിട്ടില്ലെന്നാണ് റിപ്പോർട്ട്. കരുവന്നൂർ പോലെ 300 കോടിയുടെ തട്ടിപ്പു നടത്തിയാൽ പോലും സ്ഥാപനം പൂട്ടിയെന്ന ഉത്തരവു വരാതെ നിക്ഷേപകർക്കു ഇൻഷുറൻസ് തുക ലഭിക്കില്ല. അടച്ചു പൂട്ടാനുള്ള സാധ്യത കുറവുമാണ്. അതുകൊണ്ട് തന്നെ നിക്ഷേപം പിൻവലിക്കാൻ ആഗ്രഹിക്കുന്നവർക്ക് നിരാശ മാത്രമാകും ഫലം.
കരുവന്നൂർ ബാങ്കിൽ ഇടപാടുകൾക്കായി ബാക്കി ഉള്ളത് വെറും 25 ലക്ഷം രൂപ മാത്രമാണ്. പണം കണ്ടെത്താൻ സ്വർണ്ണപ്പണയ വായ്പകൾ തിരിച്ചു പിടിക്കാൻ മൂന്നംഗ അഡ്‌മിനിസ്‌ട്രേറ്റീവ് സമിതി നടപടികൾ തുടങ്ങി. ബാങ്കിന് കീഴിലെ സൂപ്പർമാർക്കറ്റുകളിലെ വരുമാനം കൊണ്ടാണ് നിലവിൽ പണമിടപാടുകൾ നടക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അതുകൊണ്ടു തന്നെ നിക്ഷേപകർക്ക് പണം തിരികെ നൽകാനുള്ള പ്രാപ്തി ബാങ്കിനില്ല. ഇൻഷുറൻസിലൂടെ ആശ്വാസം കിട്ടുമെന്ന് കരുതുന്നവർക്കാണ് അതും കിട്ടില്ലെന്ന തിരിച്ചറവിൽ വേദന നിറയുന്നത്.
പ്രതിസന്ധി നേരിടുന്ന സ്ഥാപനങ്ങളെ, ഇൻഷുറൻസ് പരിരക്ഷ നൽകാൻ രൂപീകരിച്ച സഹകരണ ഡിപ്പോസിറ്റ് ഗാരന്റി ഫണ്ട് ബോർഡിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതാണ് പ്രതിസന്ധിയാകുന്നത്. തകരുന്ന സംഘങ്ങളിലെ നിക്ഷേപകരെ സഹായിക്കാനായി യുഡിഎഫ് സർക്കാരിന്റെ കാലത്താണ് കേരള സഹകരണ വകുപ്പ് ഗാരന്റി സ്‌കീം എന്ന പദ്ധതി നടപ്പാക്കിയത്. ഈ ബോർഡിന്റെ പരിധിയിൽ നിന്നു പ്രതിസന്ധി സംഘങ്ങളെ 2018 സെപ്റ്റംബറിൽ ഇറക്കിയ ഉത്തരവിലൂടെ സംസ്ഥാന സർക്കാർ ഒഴിവാക്കി. പിണറായി സർക്കാരിന്റെ ഉത്തരവ് മൂലം ലിക്വിഡേറ്റ് ചെയ്യുകയോ പ്രവർത്തനം അവസാനിപ്പിക്കുകയോ ചെയ്ത സംഘങ്ങളുടെ നിക്ഷേപത്തിനു മാത്രമേ ഇൻഷുറൻസ് തുക ലഭിക്കൂ.
തകരുന്ന സംഘങ്ങളുമായി ബന്ധപ്പെട്ട കേസ് ഏറെ നീളും. ഈ അവസ്ഥ മറികടക്കാനാണ് ഉമ്മൻ ചാണ്ടി സർക്കാർ പദ്ധതി കൊണ്ടുവന്നത്. ഒരു അക്കൗണ്ടിനു പരമാവധി 2 ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതായിരുന്നു പദ്ധതി. ഇതിനായി പ്രത്യേക ബോർഡും രൂപീകരിച്ചു. പ്രീമിയമായി സഹകരണ സംഘങ്ങളിൽ നിന്നു 100 കോടിയോളം ബോർഡ് പിരിച്ചിട്ടുമുണ്ട്. ഇതിൽ നിന്നാണ് കരുവന്നൂർ പുറത്തായത്.
കേന്ദ്ര സർക്കാരിന് റിസർവ് ബാങ്കിന്റെ കീഴിൽ ഇത്തരമൊരു പദ്ധതിയുണ്ട്. അതനുസരിച്ച്, ഒരു നിക്ഷേപകന് ഒരു ബാങ്കിൽനിന്നു 1.5 ലക്ഷം രൂപ വരെ താൽക്കാലികമായി നൽകും. പിന്നീട് ബാങ്ക് മറ്റേതെങ്കിലും ബാങ്കുമായി ലയിച്ചാൽ മുഴുവൻ നിക്ഷേപ തുകയും നൽകും. അതേ മാതൃകയിൽ രൂപീകരിച്ച പദ്ധതിയായിരുന്നു ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടു വന്നത്. എന്നാൽ ഇൻഷുറൻസ് മൂലമുണ്ടാകുന്ന ബാധ്യതയിൽ നിന്ന് ഒഴിവാകാനാണ് പിണറായി സർക്കാർ ഉത്തരവു പുതുക്കി.
പലയിടത്തും സംഘങ്ങൾ തകർന്നതോടെ നിക്ഷേപകർ ഈ തുകയെങ്കിലും കിട്ടാനായി ഹൈക്കോടതിയെ സമീപിച്ചു. അപ്പോഴാണു പുതിയ നിയമത്തിന്റെ വിവരം കോടതിയെ സർക്കാർ അറിയിക്കുന്നത്. പ്രീമിയം അടയ്ക്കുന്ന സഹകരണ സംഘങ്ങളെ ഇക്കാര്യം അറിയിച്ചതുമില്ല. അങ്ങനെ രഹസ്യമാക്കിയാണ് എല്ലാം ചെയ്തത്. കരുവന്നൂരിൽ നിക്ഷേപം പിൻവലിക്കാൻ നിരവധി പേർ എത്തുന്നുണ്ട്. എന്നാൽ കൊടുക്കാനുള്ള പണം അവിടെ ഇല്ല. മുപ്പത് പേർക്ക് പതിനായിരം രൂപ വീതമാണ് പ്രതിദിനം ബാങ്കിൽ നിന്ന് നൽകുന്നത്. ഇങ്ങനെ നൽകാൻ ഇനി 25 ലക്ഷം രൂപയാണ് അവശേഷിക്കുന്നത്.
മാപ്രാണം, കരുവന്നൂർ എന്നിവിടങ്ങളിലെ മൂന്ന് സൂപ്പർമാർക്കറ്റുകളിലെ വരുമാനത്തിലൂടെയാണ് ഇടപാടുകൾക്ക് പണം കണ്ടെത്തുന്നത്. കൂടുതൽ പണം കണ്ടെത്താൻ കുടിശ്ശിക വരുത്തിയ സ്വർണ്ണപ്പണയ വായ്പകൾ തിരിച്ചു പിടിക്കാനാണ് തീരുമാനം. ഇതിന്റെ രേഖകൾ പരിശോധിച്ചു വരികയാണ് അഡ്‌മിനിസ്‌ട്രേറ്റീവ് സമിതി. വലിയ തുക ഇതുവഴി കണ്ടെത്താൻ കഴിയുമെന്നാണ് സമിതി വിലയിരുത്തുന്നത്. അടുത്ത ഒരുമാസം വരെയെങ്കിലും ഇങ്ങനെ പിടിച്ചുനിൽക്കാം. അതിനകം സർക്കാരിൽ നിന്നും പ്രത്യേക പാക്കേജ് ലഭ്യമാവുമെന്നാണ് പ്രതീക്ഷ.
മറുനാടന് മലയാളി ബ്യൂറോ