തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നാല് പ്രധാന പ്രതികളെ പൊലീസ് പിടികൂടി. ബിജു കരീം, ബിജോയ്, സുനിൽകുമാർ, കിരൺ എന്നിവരാണ് പിടിയിലായത്. തൃശ്ശൂർ നഗരത്തിൽ നിന്നാണ് ഇവർ പിടിയിലായത്. ബിജു കരീം ബാങ്കിന്റെ മാനേജരും, സുനിൽ കുമാർ സെക്രട്ടറിയും ആയിരുന്നു.

സിപിഎമ്മിന്റെ പൊറത്തിശേരി ലോക്കൽ കമ്മിറ്റി അംഗമാണ് ബിജു കരീം. സെക്രട്ടറി ടി ആർ സുനിൽകുമാറാകട്ടെ കരുവന്നൂർ ലോക്കൽകമ്മിറ്റി അംഗവും. തൃശൂരിലെ ഫ്‌ളാറ്റിൽ ഒളിച്ചു താമസിക്കുകയായിരുന്നു ഇവർ. തട്ടിപ്പിൽ വലിയ ഗൂഢാലോചന നടന്നുവെന്നാണ് വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ ഇവരുടെ മൊഴി നിർണ്ണായകമാകും. അയ്യന്തോളിലെ ഫ്‌ളാറ്റിൽ നിന്നാണ് പിടികൂടിയത്. ഇവർ ആരും മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. ഇനി രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.

കരുവന്നൂർ സഹകരണ ബാങ്ക് വായ്‌പ്പാ തട്ടിപ്പ് കേസിലെ പ്രതികളുടെ വീടുകളിൽ ക്രൈം ബ്രാഞ്ച് തെരച്ചിലിൽ നടത്തുന്നുണ്ട്. കേസിലെ മുഖ്യ പ്രതികളായ റെജി അനിൽ കുമാർ, കിരൺ, ബിജു, കരീം, ബിജോയ് എ കെ, ടി.ആർ സുനിൽ കുമാർ, സി.കെ. ജിൽസ് എന്നിവരുടെ ഇരിങ്ങാലക്കുട, പൊറത്തിശേരി, കൊരുമ്പിശേരി എന്നിവിടങ്ങളിൽ വീടുകളിലാണ് പരിശോധന നടക്കുന്നത്.

ഇതിനിടെയാണ് നാലു പേർ പിടിയിലാകുന്നതും. ക്രൈംബ്രാഞ്ച് ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണ സംഘത്തിന്റെ പരിശോധന. ഉദ്യോഗസ്ഥർ വീട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയാണ്. ഭൂമിയുടെയും നിക്ഷേപത്തിന്റെയും രേഖകൾക്കായാണ് അന്വേഷണ സംഘം പ്രതികളുടെ വീടുകളിൽ പരിശോധന നടത്തുന്നത്.

അതേസമയം പ്രതികൾ സംസ്ഥാനത്തിന്റെ പലയിടത്തും നിക്ഷേപം നടത്തിയതായി സൂചനയുണ്ട്. ഇരിങ്ങാലക്കുടയിൽ രജിസ്റ്റർ ചെയ്ത നാല് സ്വകാര്യ കമ്പനികൾക്കും കരുവന്നൂർ ബാങ്ക് ത്ട്ടിപ്പുമായി ബന്ധമുണ്ടെന്നും സംശയമുണ്ട്. പെസോ ഇൻഫ്രാസ്ട്രക്ച്ചേഴ്സ്, സിസിഎം ട്രഡേഴ്സ്, മൂന്നാർ ലക്സ് വേ ഹോട്ടൽസ്, തേക്കടി റിസോർട്ട് എന്നീ കമ്പനികളിൽ പ്രതികൾക്ക് പങ്കാളിത്തമുള്ളതായി കണ്ടെത്തിയിട്ടുണ്ട് ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഈ കമ്പനികളിലേക്കും നീട്ടുന്നത്.

കരുവന്നൂർ ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതികളായ സിപിഎം അംഗങ്ങൾക്കെതിരായ നടപടി ചർച്ച ചെയ്യാൻ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി അടിയന്തിര യോഗവും വിളിച്ചു ചേർത്തിട്ടുണ്ട്. എൽഡിഎഫ് കൺവീനർ എ.വിജയരാഘവന്റെ സാന്നിധ്യത്തിലായിരിക്കും യോഗം. കരുവന്നൂർ ബാങ്ക് വായ്‌പ്പ തട്ടിപ്പ് കേസിലെ പ്രതികളായ സിപിഎം അംഗങ്ങൾക്കെതിരായ നടപടിയും ചർച്ച ചെയ്യും.

ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബാങ്ക് സെക്രട്ടറി ടി.ആർ. സുനിൽകുമാറും ബാങ്ക് മാനേജർ ബിജു കരീമും ഉൾപ്പെടെ ആറു പേരാണ് കേസിലെ പ്രതികൾ. ചീഫ് അക്കൗണ്ടന്റ് സി.കെ. ജിൽസും പാർട്ടി അംഗമാണ്. ഇവരെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുണ്ട്