കോട്ടയം: സഹകരണ സ്ഥാപനങ്ങളിലെ തട്ടിപ്പ് തടയാൻ സമഗ്രമായ നിയമ നിർമ്മാണം നടത്താൻ കേരളം ഒരുങ്ങുന്നതിന് പിന്നിൽ അമിത് ഷാ ഭയം. സഹകരണ സ്ഥാപനങ്ങളിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസിയെ കുറിച്ച് കേ്ന്ദ്ര ആഭ്യന്തര മന്ത്രാലയം അലോചിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ എത്തുന്നത്.

സഹകരണ വകുപ്പ് സംബന്ധിച്ച സുപ്രീം കോടതി വിധി കേന്ദ്ര സർക്കാരിനു തിരിച്ചടിയാണെന്ന് സംസ്ഥാന സഹകരണ മന്ത്രി വിഎൻ വാസവൻ പറയുന്നു. സംസ്ഥാനത്തിന്റെ അവകാശം സംരക്ഷിക്കാൻ നിയമസഭയിൽ പ്രമേയം കൊണ്ടുവരാനിരിക്കെയാണ് വിധി ലഭിച്ചത്. സഹകരണ പ്രസ്ഥാനം സംസ്ഥാന വിഷയമാണെന്നു കോടതി അംഗീകരിച്ചു. രാജ്യത്തിന്റെ ഫെഡറൽ സ്വഭാവം അട്ടിമറിക്കുന്നതിനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു.

കരുവന്നൂർ ബാങ്കിലെ തട്ടിപ്പിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കില്ല. ശക്തമായ അന്വേഷണം നടത്തും. ഓഡിറ്റിങ് കൂടുതൽ ശക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ മൂർക്കനാട് ശാഖയിൽ സ്ഥിരനിക്ഷേപം നടത്തിയയാൾ പണം തിരിച്ചുകിട്ടാതായപ്പോൾ ബാങ്ക് പ്രസിഡന്റിനോടു സംസാരിച്ചതിന്റെ ഓഡിയോ ക്ലിപും വൈറലാകുന്നുണ്ട്.

ഫണ്ടില്ലെന്ന് ബാങ്ക് പ്രസിഡന്റ്; ശബ്ദരേഖ പുറത്ത്

നിക്ഷേപകൻ: ഞാനിപ്പോൾ മൂർക്കനാട് സഹകരണ ബാങ്കിലുണ്ട്. എഫ്ഡി ഇട്ട പൈസ തരാൻ ഫണ്ടില്ലെന്നാ ഇവർ പറയുന്നത്. എന്താ ചെയ്യേണ്ടേ?

ബാങ്ക് പ്രസിഡന്റ്: ഫണ്ട് വരുന്നതിനനുസരിച്ചു പൈസ തരാൻ പറ്റും. അടവൊന്നും വരാത്തതുകൊണ്ടാ പൈസ ഇല്ലാത്തത്. കുറച്ചുദിവസമായി നിക്ഷേപമൊന്നും ഇല്ല. വിത്‌ഡ്രോവൽ മാത്രമേ നടക്കുന്നുള്ളൂ.

നിക്ഷേപകൻ: 300 രൂപ പോലും ആൾക്കാർക്ക് എടുത്തുകൊടുക്കാനില്ലെങ്കിൽ ബാങ്ക് തുറന്നുവച്ചിരിക്കുന്നതെന്തിനാണെന്ന് ചോദിച്ച് ആൾക്കാർ ബഹളമുണ്ടാക്കുകയാണ്.

പ്രസിഡന്റ്: കുറച്ചുദിവസം കൊണ്ടു പരിഹരിക്കാവുന്ന കേസേ ഉള്ളൂ. വായ്പക്കാരെ നമ്മൾ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. വലിയ ഡിപ്പോസിറ്റുകാർക്ക് അടുത്ത മാസം പൈസ കൊടുക്കാനുള്ള സംവിധാനം നമ്മൾ ആലോചിക്കുന്നുണ്ട്.

നിക്ഷേപകൻ: ഞങ്ങളുടെ കയ്യിൽ കാശില്ലെന്നു പറഞ്ഞ് ബാങ്കിന്റെ പുറത്തൊരു ബോർഡ് വയ്ക്കുന്നതല്ലേ ഇതിലും ഭേദം? ഞങ്ങളിവിടെ മണിക്കൂറോളം ക്യൂ നിന്നാ അകത്തു കയറുന്നത്.

പ്രസിഡന്റ്: നിങ്ങളെന്താണ് പറയുന്നത്? അങ്ങനെ ബോർഡ് വയ്ക്കാനൊക്കെ എആറിന്റെ (അസി. രജിസ്റ്റ്രാർ) അനുമതി വേണം.

നിക്ഷേപകൻ: നിങ്ങളെന്തായാലും ബാങ്കിന്റെ പ്രസിഡന്റല്ലേ. ഇവിടേക്കു വരൂ, നമുക്ക് നേരിട്ടു സംസാരിക്കാം.

പ്രസിഡന്റ്: ഞങ്ങളെന്തായാലും ഇട്ടെറിഞ്ഞു പോകാനൊന്നും ഉദ്ദേശിക്കുന്നില്ല. ഇവിടെത്തന്നെ ഉണ്ടാകും. 4 മാസം കൂടി കാലാവധിയുണ്ട്. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു മുന്നോട്ടുപോകും. തിരക്കുപിടിച്ചിട്ടു കാര്യമില്ല. (ഹലോ.. ഹലോ.. എന്നു പലവട്ടം)

നിക്ഷേപകൻ: ചേട്ടൻ കേൾക്കാത്ത പോലെ ഹലോ ഹലോ എന്നു പറഞ്ഞിട്ടു കാര്യമില്ല. നേരിട്ടു വരൂ, നമുക്ക് സംസാരിക്കാം.