- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വായ്പയ്ക്ക് അപേക്ഷിക്കാത്തവർക്ക് പോലും 50 ലക്ഷം ലോൺ കൊടുത്ത മഹാത്ഭുതം; ഈടില്ലാതെ 50 ലക്ഷം കൊടുത്തത് 16 പേർക്കും; പണം ആരുടെ ആക്കൗണ്ടിലേക്ക് മാറ്റി എന്നതിന് പോലും തെളിവില്ല; കരുവന്നൂരിലേത് സഹകരണ ചതി
തൃശൂർ: കരുവന്നൂരിലേത് മാജിക്കാണ്. വായ്പയ്ക്ക് അപേക്ഷ പോലും സമർപ്പിച്ചിട്ടില്ലാത്ത 5 പേർക്കും കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നു വായ്പ കിട്ടി. അതും 50 ലക്ഷം രൂപ വീതം. ശിവരാമൻ, അരവിന്ദാക്ഷൻ, രമണി, നിഷ, ശ്രീദീപ് എന്നീ പേരുകൾ മാത്രമേ ബാങ്ക് രേഖകളിലുള്ളൂ. ഇക്കാലത്ത് ബാങ്ക് ലോൺ കിട്ടാനുള്ള നൂലാമാലകൾ ഏറെയാണ്. ഇതിനിടെയാണ് ഈ കരുവന്നൂർ മാജിക്.
ശിവരാമൻ, അരവിന്ദാക്ഷൻ, രമണി, നിഷ, ശ്രീദീപ എന്നിവർ വായ്പയ്ക്ക് അപേക്ഷ നൽകിയതിന്റെയോ എന്തെങ്കിലും ഈടു നൽകിയതിന്റെയോ ഒരു രേഖയും ബാങ്കിലില്ല. എന്നാൽ ലോൺ നൽകിയിട്ടുമുണ്ട്. ഈ പേരുകൾ മറയാക്കി പ്രതികൾ തന്നെ ബാങ്കിൽ നിന്നു പണം തട്ടി എന്നാണ് വിലയിരുത്തൽ. പ്രതിചേർക്കപ്പെട്ട മുൻ മാനേജർ തനിച്ചാണ് പല വായ്പകളും അനുവദിച്ചത്. 16 പേർക്ക് 50 ലക്ഷം വീതം നൽകിയത് അപേക്ഷ മാത്രം പരിഗണിച്ചാണെങ്കിൽ 5 വായ്പകൾ പാസാക്കിയത് അപേക്ഷ പോലുമില്ലാതെയാണ്. ഈടു പോലും വേണ്ട!
ബാങ്ക് രേഖകളിൽ 50 ലക്ഷത്തോളം രൂപ വായ്പയെടുത്തതായി പരാമർശിക്കപ്പെടുന്ന പലരും അന്വേഷണ സംഘത്തിനു മൊഴി നൽകിയത് ഒന്നുമറിയില്ലെന്ന വിവരം. പ്രതികളായ ബിജോയ്, ബിജു, കിരൺ എന്നിവരുടെ കുടുംബാംഗങ്ങളും ആരോപണം നിഷേധിച്ചിട്ടുണ്ട്. തങ്ങളുടെ പേരിൽ ബാങ്കിൽ നിന്ന് അനുവദിച്ചതായി പറയുന്ന പണത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് ഇവരുടെ മൊഴി.
സഹകരണ ബാങ്കിൽ നിന്നു വായ്പ അനുവദിക്കും മുൻപ് അപേക്ഷ പരിശോധിച്ച് ഉറപ്പാക്കണമെന്നും വായ്പക്കാരുമായി ഭരണസമിതി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നിവർ കൂടിക്കാഴ്ച നടത്തണമെന്നുമാണ് ചട്ടം. അപേക്ഷയ്ക്കൊപ്പം കുടിക്കിട സർട്ടിഫിക്കറ്റ്, കരമടച്ച രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ്, ഈടു രേഖകൾ എന്നിവ ഹാജരാക്കണം. ഈടായി നൽകുന്ന ഭൂമി അതതു ശാഖാ മാനേജരും ഭരണസമിതിയംഗവും ചേർന്നു നേരിട്ടു പരിശോധിച്ചു ബോധ്യപ്പെടണം.
പരമാവധി വായ്പയായ 50 ലക്ഷം രൂപ ആണ് അനുവദിക്കണമെങ്കിൽ ഹെഡ് ഓഫിസിൽ നിന്നു നേരിട്ടു പരിശോധിച്ച് ഉറപ്പാക്കണം. രേഖകളില്ലാത്തവരുടെ പേരിൽ പാസായ തുക ആരുടെ അക്കൗണ്ടിലേക്കാണു ട്രാൻസ്ഫർ ചെയ്തു നൽകിയത് എന്നതു സ്ഥാപിക്കാൻ പോലും തെളിവില്ല.
മറുനാടന് മലയാളി ബ്യൂറോ