- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ബാങ്കിൽ നിന്ന് 50 കോടി അനുവദിക്കാൻ ഇടപെടണമെന്ന് പുതിയ മന്ത്രിമാരിലൊരാളെ കണ്ട് ബാങ്ക് അധികൃതർ ആവശ്യപ്പെട്ടത് രണ്ടു മാസം മുമ്പ്; മന്ത്രി കൈമലർത്തിയത് മുമ്പിലുള്ള ദുരന്തം തിരിച്ചറിഞ്ഞും; കരുവന്നൂരിൽ കരുതലെടുക്കാൻ കേരളാ ബാങ്കും
തൃശൂർ: കരുവന്നൂരിൽ കരുതലോടെ മാത്രമേ കേരളാ ബാങ്ക് ഇടപെടൂ. സഹായം നൽകുന്നതിൽ ഉൾപ്പെടെ നിയമപരമായ എല്ലാം ഉറപ്പാക്കും. അല്ലാത്ത പക്ഷം കേരളാ ബാങ്കും പ്രതിസ്ഥാനത്താകുമെന്ന തിരിച്ചറിവിലാണ് ഇത്. സർക്കാരും ഇക്കാര്യത്തിൽ വ്യക്തമായ തീരുമാനം എടുത്തിട്ടുണ്ട്. നിക്ഷേപകർക്ക് പണം നഷ്ടമാകുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കുകയും ചെയ്യും.
കരുവന്നൂർ സഹകരണ ബാങ്ക് കേരള ബാങ്ക് ജില്ലാ ഘടകത്തോട് 150 കോടി രൂപ സഹായം ചോദിച്ചിരുന്നു. 52 കോടി രൂപ കിട്ടാക്കടമായി ബാക്കി നിൽക്കെയായിരുന്നു ഈ നീക്കം. കേരളാ ബാങ്കിനോട് 150 കോടി കൂടി ചോദിച്ചത്. 10 കോടി രൂപ മാർച്ചിൽ അനുവദിച്ചു. അതിന് ശേഷമാണ് കരുവന്നൂരിൽ വിവാദം മുറുകിയത്. അതുകൊണ്ട് തന്നെ കരുതലോടെ തീരുമാനം എടുക്കാൻ തീരുമാനിക്കുകയായിരുന്നു.
കരുവന്നൂർ സർവീസ് സഹകരണബാങ്ക് കേരളം കണ്ട ഏറ്റവും വലിയ ബാങ്കിങ് കുംഭകോണമായി മാറുന്നവെന്ന് കേരളാ ബാങ്കും തിരിച്ചറിയുന്നുണ്ട്ു. ഭരണസമിതിയുടേയും ജീവനക്കാരുടേയും ഒത്താശയോടെ ബാങ്കിന്റെ പ്രവർത്തനപരിധി മറികടന്നു വായ്പകൾ നൽകിയും ജില്ലാ ബാങ്കിൽനിന്നുള്ള ഓവർഡ്രാഫ്റ്റുകളുടെ മറവിലും നടന്നത് ആയിരം കോടിയോളം വരുന്ന വൻ തട്ടിപ്പെന്നാണ് സൂചന. അഥുകൊണ്ട് തന്നെ കരുതലോടെ മാത്രമേ കേരളാ ബാങ്ക് തീരുമാനം എടുക്കൂ.
സഹായത്തിനുള്ള കരുവന്നൂർ ബാങ്കിന്റെ റീജനൽ ഓഫിസിലെത്തിയ അപേക്ഷ ക്രെഡിറ്റ് പ്രോസസിങ് വിഭാഗത്തിനു കൈമാറിയിട്ടുണ്ട്. ഇത് കേരള ബാങ്ക് ആസ്ഥാനത്തേക്കു കൈമാറും. ഡയറക്ടർ ബോർഡാണു തീരുമാനിക്കേണ്ടത്. കേരളാ ബാങ്കിലും സിപിഎമ്മിന് നിർണ്ണായക സ്വാധീനമുണ്ട്. അതുകൊണ്ട് തന്നെ ഭാവിയിൽ പണം അനുവദിക്കുന്നത് ആരോപണ പ്രത്യാരോപണങ്ങൾക്ക് കാരണമാകും. അതിനാൽ സൂക്ഷിച്ച് മാത്രമേ തീരുമാനം എടുക്കൂ.
കരുവന്നൂർ ബാങ്കിനെക്കുറിച്ചു സിപിഎം അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് ഈ നീക്കം നടന്നില്ലെങ്കിൽ. ഉടൻ സഹായിച്ചില്ലെങ്കിൽ ബാങ്ക് തകരുമെന്നു ഡയറക്ടർ ബോർഡ് പാർട്ടി നേതാക്കളോടു പറഞ്ഞുവെന്നാണ് സൂചന. 100 കോടി രൂപയുടെ ബാധ്യതയുണ്ടെന്നായിരുന്നു പറഞ്ഞത്. അഴിമതിയുടെ വ്യാപ്തി രണ്ടംഗ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നില്ല.
നിയമാനുസൃതം അപേക്ഷ നൽകാൻ പാർട്ടി അന്വേഷണ സംഘം നിർദേശിച്ചു. ഇതിനു ശേഷമാണ് 150 കോടി കടം ചോദിച്ചത്. കേരള ബാങ്കിന്റെ രണ്ടംഗ സംഘം കരുവന്നൂർ ബാങ്ക് സന്ദർശിച്ചിരുന്നു. ഇവർ വായ്പ നൽകുന്നതിനെ എതിർത്തു. ഇതോടെ കേരള ബാങ്കിൽ നിന്ന് 50 കോടി രൂപയുടെ ധനസഹായം അനുവദിക്കാൻ ഇടപെടണമെന്ന ആവശ്യവുമായി കരുവന്നൂർ ബാങ്ക് അധികൃതർ പുതിയ മന്ത്രിമാരിലൊരാളെ സമീപിച്ചു.
2 മാസം മുൻപായിരുന്നു സംഭവം. എന്നാൽ, ബാങ്ക് പ്രതിസന്ധിയിലായതിന്റെ പശ്ചാത്തലം അറിയാവുന്ന മന്ത്രി ആവശ്യം നിഷേധിച്ചു. ബാങ്കിന്റെ ബാധ്യത സർക്കാരിനോ കേരള ബാങ്കിനോ ഏറ്റെടുക്കാൻ കഴിയുന്നതെങ്ങനെ എന്ന് മന്ത്രി ചോദിച്ചു. ഇതോടെ പണം അടിയന്തരമായി കണ്ടെത്താനുള്ള ശ്രമം പൊളിഞ്ഞു. ഇതാണ് കരുവന്നൂരിലെ തട്ടിപ്പ് പൊതു സമൂഹത്തിൽ എത്തിച്ചതും.
ബാങ്കിന്റെ പ്രവർത്തനപരിധി മറികടന്ന് വയനാടും തിരുവനന്തപുരവും എറണാകുളവും അടക്കമുള്ള ജില്ലകളിൽ നിന്നുള്ളവരുടെ പേരിൽ വ്യാജരേഖ ഉപയോഗിച്ചു വായ്പ നൽകകിയെന്നും കണ്ടെത്തിയിട്ടുണ്ട്. എല്ലാം നടന്നത് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെയും ജീവനക്കാരുടേയും അറിവോടെ. സിപിഎം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിക്കു തട്ടിപ്പുവിവരം അറിയാമായിരുന്നെങ്കിലും അതു മറച്ചുവച്ച് കൂടുതൽ ക്രമക്കേടുകൾക്കു വഴിയൊരുക്കി.
ബാങ്കിന്റെ മുൻ സെക്രട്ടറി ടി.ആർ. സുനിൽ കുമാർ, മുൻ ബ്രാഞ്ച് മാനേജർ എം.കെ. ബിജു, മുൻ സീനിയർ അക്കൗണ്ടന്റ് സി.കെ. ജിൽസ്, കമ്മിഷൻ ഏജന്റ് എ.കെ. ബിജോയ്, സൂപ്പർ മാർക്കറ്റ് അക്കൗണ്ടന്റ് റജി അനിൽ, ഇടനിലക്കാരൻ കിരൺ എന്നിവർ നടത്തിയത് ഞെട്ടിക്കുന്ന തട്ടിപ്പ്. ജീവനക്കാർ മാത്രം ബിനാമി ഇടപാടുകളിലൂടെയും തിരിമറിയിലൂടെയും 111.20 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നാണു കണ്ടെത്തൽ. റിയൽ എസ്റ്റേറ്റ്, റിസോർട്ട് ബിസിനസുകൾക്ക് പണമിറക്കാനായിരുന്നു ഈ തട്ടിപ്പ്. മതിയായ ഈടില്ലാതെ മാനേജർ ബിജുവും റബ്കോ കലക്ഷൻ ഏജന്റ് ബിജോയും ചേർന്ന് 21 കോടിയും അക്കൗണ്ടന്റായിരുന്ന ജിൽസ് 5.73 കോടിയും ബിജോയ് 35.65 കോടിയും കേസിൽ പ്രതിചേർത്ത കിരൺ 33.268 കോടിയും തിരിമറി നടത്തിയെന്നാണു വിവരം. ബാങ്ക് സെർവറുകളിൽനിന്നു മായ്ച്ചു കളഞ്ഞ കണക്കുകൾ കൂടി കണ്ടെത്തിയാൽ ഇനിയും കൂടും.
വായ്പാഇനത്തിലായിരുന്നു ഏറ്റവും വലിയ തിരിമറി. ബ്രാഞ്ച് മാനേജരുടെയും സെക്രട്ടറിയുടെയും നേതൃത്വത്തിൽ പ്രസിഡന്റിന്റെ അറിവോടെ പത്തുശതമാനം കമ്മിഷൻ കൈപ്പറ്റിയാണ് വഴിവിട്ടും പ്രവർത്തനപരിധിവിട്ടും വായ്പകൾ നൽകിയത്. 279 പേർക്ക് ഇത്തരത്തിൽ നൽകിയ വായ്പ മാത്രം 170 കോടിക്കു മുകളിൽവരും. തിരിച്ചറിയൽ രേഖ തിരുത്തിയാണു പ്രവർത്തന പരിധിക്കു പുറത്തുള്ള അക്കൗണ്ടിലേക്കു കോടികൾ മാറ്റിയത്. ബ്രാഞ്ച് മാനേജരായ ബിജു, പ്രസിഡന്റിന്റെ ഒപ്പിട്ടും വായ്പകൾ അനുവദിച്ചു.
മറുനാടന് മലയാളി ബ്യൂറോ