- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരുവന്നൂരിൽ ഏരിയാ-ലോക്കൽ കമ്മിറ്റികളെ പിരിച്ചു വിടും; ആരോപണ വിധേയരാകുന്ന ജില്ലാ നേതാക്കളേയും കൈവിടും; പ്രതികളുടെ മെമ്പർഷിപ്പും റദ്ദാക്കും; തൃശൂരിൽ ഇന്ന് നിർണ്ണായക യോഗങ്ങൾ; എസി മൊയ്തീനെ പ്രതിരോധിക്കാനും തീരുമാനം; പിണറായി വാളെടുക്കുമ്പോൾ
തൃശ്ശൂർ: പാർട്ടി ഭരിക്കുന്ന കരുവന്നൂർ സഹകരണബാങ്കിലെ അഴിമതി പ്രതിസന്ധിയിൽ മുഖം രക്ഷിച്ചെടുക്കാൻ സിപിഎം. പാർട്ടി ഏരിയാ-ലോക്കൽ കമ്മിറ്റികൾക്കെതിരേ കർശനനടപടിക്കൊരുങ്ങുകയാണ് ജില്ലാ കമ്മിറ്റി. രണ്ടു കമ്മറ്റികളും പിരിച്ചു വിടും. ഇന്ന് തൃശൂരൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. അടിയന്തരമായി തീരുമാനം ഉണ്ടാകും. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾക്കെതിരേയും നടപടി വരും.
ബാങ്ക് തട്ടിപ്പുകേസിൽ ആരെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.. വിഷയം കൈകാര്യംചെയ്തതിൽ സിപിഎം ജില്ലാനേതൃത്വത്തിന് വീഴ്ച സംഭവിച്ചു എന്ന വിമർശനം ശക്തമാകുന്നുണ്ട്. ഒന്നാംപ്രതിയും ബാങ്ക് മുൻ സെക്രട്ടറിയുമായ ടി.ആർ. സുനിൽകുമാർ കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗമാണ്. രണ്ടാംപ്രതിയായ മാനേജർ എം.കെ. ബിജു കരീം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയിലും സീനിയർ അക്കൗണ്ടന്റ് സി.കെ. ജിൽസ് തൊടുപറമ്പ് ബ്രാഞ്ചിലും അംഗമാണ്.
ബിജു കരീം, കമ്മിഷൻ ഏജന്റ് ബിജോയ് എന്നിവർ മുഖേന കമ്മിഷൻ നിരക്കിലാണ് വൻകിട ലോണുകൾ നൽകിയതെന്നും തേക്കടിയിലെ റിസോർട്ടിനായാണ് പണം ശേഖരിച്ചതെന്നുമുള്ള ആരോപണമുയർന്നിരുന്നു. ബിജു കരീമും ബിജോയിയും 46 ലോണുകളിൽനിന്ന് 50 കോടിയിലധികം രൂപയാണ് തട്ടിയത്. ബിജു കരീമിന്റെയൊപ്പമുള്ള മുന്മന്ത്രി എ.സി. മൊയ്തീന്റെ ചിത്രം പുറത്തുവന്നത് പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കി. ഈ സാഹചര്യത്തിലാണ് നടപടികൾ.
പ്രതികളുട ഭാര്യമാർക്ക് പങ്കാളിത്തമുള്ള സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത് അന്ന് മന്ത്രിയായിരുന്ന എ.സി. മൊയ്തീനാണ്. ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിക്കൊപ്പം ബിജു കരീമും ഉണ്ടായിരുന്നു. സൂപ്പർ മാർക്കറ്റ് ഉദ്ഘാടനത്തിൽ പങ്കെടുത്തിരുന്നതായി സ്ഥിരീകരിച്ച എ.സി. മൊയ്തീൻ ബിജെപി. കാടടച്ചു വെടിവെക്കുകയാണെന്നും പറഞ്ഞു. മൊയ്തീനെ കുറ്റവിമുക്തനാക്കാനാണ് സിപിഎം തീരുമാനം. ഇതിന് വേണ്ടി കൂടിയാണ് പ്രാദേശിക നേതൃത്വത്തിനെതിരെ നടപടി എടുക്കുന്നത്.
2019 ജനുവരി 20-നാണ് ഈ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത്. തട്ടിപ്പുകേസിലെ പ്രതി ബിജു കരീം ബന്ധുവാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ബിജു കരീമിനെ അറിയില്ലെന്നും എ.സി. മൊയ്തീൻ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. വലിയ തട്ടിപ്പാണ് കരുവന്നൂരിൽ നടന്നത് എന്ന് സിപിഎം തിരിച്ചറിയുന്നുണ്ട്. വായ്പ വാങ്ങിയവരുടെ രാഷ്ട്രീയ പശ്ചാത്തലവും സിപിഎം പരിശോധിക്കും. പ്രദേശത്തെ മിക്ക സിപിഎം നേതാക്കളും വലിയ തുകയ്ക്ക് ലോൺ എടുത്തിട്ടുണ്ട്.
പൊറത്തിശേരി, മാടായിക്കോണം, ഇരിങ്ങാലക്കുട വില്ലേജുകൾ മാത്രമാണു ബാങ്കിന്റെ പ്രവർത്തന പരിധി. ഇതിനു പുറത്ത് വായ്പ അനുവദിക്കുമ്പോൾ ഇടപാടുകാരന് പ്രവർത്തനപരിധിക്ക് അകത്തു ഭൂമിയുണ്ടെന്ന രേഖ ഹാജരാക്കണം. സഹകരണ വകുപ്പ് ചട്ടം 16, 16(2) എന്നിവയ്ക്കു വിരുദ്ധമായി അംഗങ്ങളെ ചേർക്കുന്നത് ബാങ്ക് ഭരണസമിതി അധികാര ദുർവിനിയോഗം നടത്തുന്നതിനു തുല്യമാണ്. അംഗങ്ങളുടെ യഥാർഥ മേൽവിലാസം തിരുത്തി രേഖപ്പെടുത്തിയതിന് സെക്രട്ടറിയും കൂട്ടുനിന്നു.
ഒരംഗത്തിന് അനുവദിക്കാവുന്ന പരമാവധി വായ്പ 50 ലക്ഷമാണ്. ഇതു പരിഗണിക്കാതെയാണു വായ്പകൾ നൽകിയത്. വിഷ്ണു വലിയങ്ങാട്ടിൽ, ഇരിങ്ങാലക്കുട എന്നാണു ബാങ്കിലെ മേൽവിലാസമെങ്കിൽ വായ്പാ ഫയലിൽ വയനാട്ടിലെ സുൽത്താൻ ബത്തേരിയാണ്. തിരുവനന്തപുരം സ്വദേശിയായ ജീവൻ ആർ.പി. എന്നയാൾക്കും വായ്പ നൽകിയിട്ടുണ്ട്. എറണാകുളം, ആലുവ എന്നിവിടങ്ങളിലുള്ളവർക്കും 50 ലക്ഷമെന്ന വായ്പാ പരിധി ലംഘിച്ചു പണം നൽകിയെന്നും ആരോപണമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ