- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമ്പിദൂരൈ സ്വയം പരിചയപ്പെടുത്തിയത് ഇഡി ഉദ്യോഗസ്ഥൻ എന്ന്; ഐഡന്റിറ്റീകാർഡ് ചോദിച്ചപ്പോൾ പരുങ്ങൽ; പൊലീസിനെ വിളിച്ചപ്പോൾ മുങ്ങലും; രേഖ ചോദിച്ചെത്തിയ തമിഴനെ കണ്ടെത്താൻ പൊലീസ്; ഫോട്ടോയിലുള്ള ആളെ അറിയില്ലെന്ന് കേന്ദ്ര ഏജൻസിയും; കരുവന്നൂരിൽ എത്തിയത് ആര്?
തൃശൂർ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ (ഇഡി) ഉദ്യോഗസ്ഥനെന്നു പരിചയപ്പെടുത്തി കരുവന്നൂർ സഹകരണ ബാങ്കിലെത്തിയ അജ്ഞാതനെ കണ്ടെത്താൻ പൊലീസ്. ബാങ്കിനെ പറ്റിക്കാൻ എത്തിയ ആരോ ആണിതെന്നാണ് സൂചന. വാർത്തകളിലൂടെ സാധ്യത തിരിച്ചറിഞ്ഞ് ഇയാൾ എത്തിയെന്നാണ് സംശയം. കേന്ദ്ര ഇന്റലിജൻസിലെ ഉദ്യോഗസ്ഥനാണോ ഇയാളെന്ന സംശയവും ഉണ്ട്.
തമിഴിൽ സംസാരിച്ചയാൾ തനിച്ചാണെത്തിയത്. തമിഴ്‌നാട് ഇഡിയിൽ ഉദ്യോഗസ്ഥനായ തമ്പിദുരൈ ആണെന്നും വായ്പത്തട്ടിപ്പിനെപ്പറ്റി അന്വേഷിക്കാനാണെത്തിയതെന്നും ജീവനക്കാരെ അറിയിച്ചു. സംശയം തോന്നിയ ജീവനക്കാർ പൊലീസിനെ അറിയിച്ചു. ഇത് മനസ്സലാക്കി ഇയാൾ സ്ഥലം കാലിയാക്കുകയായിരുന്നു. കരുവന്നൂർ ബാങ്ക് കേസിൽ ഇഡി അന്വേഷണം തുടങ്ങിയെന്ന വാർത്തകൾ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇഡി ഉദ്യോഗസ്ഥൻ എത്തിയതെന്നതാണ് ആദ്യം ബാങ്കിലുള്ളവർ കരുതിയത്.
ഐഡന്റിറ്റി കാർഡ് കാണിക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടതോടെ 'തമ്പിദുരൈ' പരുങ്ങി. ജീവനക്കാർ പൊലീസിനെ വിളിച്ചതോടെ ഇയാൾ അതിവേഗം പുറത്തിറങ്ങി മറഞ്ഞു. വന്നയാളുടെ ചിത്രം ജീവനക്കാർ രഹസ്യമായി പകർത്തി പൊലീസിനു കൈമാറി. പലവിധ അന്വേഷണങ്ങൾ കരുവന്നൂരുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. ഇതിനിടെയാണ് ഇഡിക്കാരന്റെ വരവും അപ്രത്യക്ഷമാകലും. ഇയാളെ കുറിച്ച് അറിയില്ലെന്നാണ് ഇഡിയും നൽകുന്ന സൂചന.
ഈ സാഹചര്യത്തിൽ ഇയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസും നടത്തും. വായ്പത്തട്ടിപ്പ് കണ്ടെത്തിയ കരുവന്നൂർ സഹകരണ ബാങ്കിന്റെ രേഖകളുടെ പരിശോധന ആരംഭിച്ചു കഴിഞ്ഞു. സർക്കാർ നിയോഗിച്ച ഒൻപതംഗ സമിതിയാണ് വായ്പകൾക്ക് ഈടു നൽകിയ സ്ഥലങ്ങളുടെ രേഖകൾ അടക്കമുള്ളവ പരിശോധിക്കുന്നത്. നിക്ഷേപങ്ങളുടെ കാര്യത്തിലും വായ്പാ തിരിച്ചടവ് സംബന്ധിച്ച വിഷയങ്ങളിലും ബാങ്കിന്റെ ഭരണച്ചുമതലയുള്ള മൂന്നംഗ അഡ്‌ഹോക് കമ്മറ്റി തീരുമാനങ്ങൾ എടുക്കും.
ഇതിനിടെ തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് വിവരങ്ങൾ കണ്ടെത്താൻ ക്രൈംബ്രാഞ്ച് നടപടികൾ ആരംഭിച്ചു. പൊലീസുമായി ചേർന്നു വ്യത്യസ്ത സംഘങ്ങളായി വിവിധ വില്ലേജ് ഓഫിസുകൾ കേന്ദ്രീകരിച്ചാണു പരിശോധന. പ്രതികളുടെ അടുത്ത ബന്ധുക്കൾ അടക്കമുള്ളവരുടേയും സ്വത്തുവിവരം അന്വേഷണ സംഘം ശേഖരിക്കും.
ഈ വിവരങ്ങൾ പൊലീസിൽ നിന്ന് ഇഡി ശേഖരിക്കും. അതിന് ശേഷമാകും അന്വേഷണത്തിൽ അന്തിമ തീരുമാനം എടുക്കുക.
മറുനാടന് മലയാളി ബ്യൂറോ