കോഴിക്കോട്: കോഴിക്കോട് നോർത്ത് എംഎ‍ൽഎ എ.പ്രദീപ്കുമറിനെ പ്രവർത്തകർ തടഞ്ഞുവെക്കുകയും അംഗങ്ങൾ തമ്മിൽ കൈയാങ്കളിയും തുടർന്ന് രാത്രി പാർട്ടി ഓഫീസിനുനേരെ കല്ലേറുണ്ടാവുകയും ചെയ്ത സി.പി.എം കരുവിശ്ശേരി ലോക്കൽ സമ്മേളനത്തിന്റെ അലയൊലികൾ അവസാനിക്കുന്നില്ല.

ഭാരവാഹികളെ തെരഞ്ഞെടുക്കാനാവതെ സമ്മേളനം തടസ്സപ്പെട്ട കരുവിശ്ശേരിയിൽ പാർട്ടി കമ്മിറ്റികളിൽ വിഭാഗീയത മൂർച്ഛിക്കയാണ്. തിങ്കളാഴ്ച പുലർച്ചെയാണ് പാർട്ടി ഓഫിസിനുനേരെ കല്ലെറിയുകയും ചില്ലുകൾ തകർക്കുകയും ചെയ്തത്. ഇതിൽബൈക്കിലെത്തിയ മൂന്നംഗ സംഘത്തെക്കുറിച്ച് പാർട്ടിക്ക് സൂചനയും ലഭിച്ചതായി അറിയുന്നു. എന്നാൽ പ്രതികൾ പാർട്ടിക്കാരായതിനാൽ പൊലീസിൽ പരാതിപ്പെടാൻ നേതാക്കൾ ശ്രമിച്ചിട്ടില്ല. മറിച്ച് പാർട്ടി അന്വേഷണത്തിലൂടെ വസ്തുകൾ പുറത്തുകൊണ്ടുവരുമെന്നാണ് പറയുന്നത്.

പാർട്ടി പ്രവർത്തകർ തമ്മിൽ പരസ്പരം പോരടിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് അംഗങ്ങൾ തന്നെ സൂചിപ്പിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് പാർട്ടി പ്രവർത്തകർ തമ്മിൽ പരസ്പരം പ്രതികാരം ചെയ്തത് നേതൃത്വം ഏറെ പണിപ്പെട്ടാണ് അവസാനിപ്പിച്ചത്. പഴയ നിലയിലേക്ക് കാര്യങ്ങൾ എത്തുമോയെന്ന ഭയവും ഇപ്പോൾ അണികൾക്കിടിയിലുണ്ട്. സമ്മേളനത്തിന്റെ ആദ്യ ദിനമായ ഞായറാഴ്ച നടന്ന പ്രതിനിധി സമ്മേളനത്തിൽ ഔദ്യോഗിക പാനലിലെ 15 അംഗങ്ങളെ കൂടാതെ ഒരു വിഭാഗത്തിന്റെ 10 അംഗങ്ങൾ കൂടി നാമനിർദ്ദേശം നൽകിയതോടെയാണ് പ്രശ്‌നം ഉടലെടുത്തത്. വിഭാഗീയത നിറഞ്ഞതാണെന്ന് മേൽക്കമ്മറ്റി അംഗങ്ങൾക്ക്

ബോധ്യപ്പെട്ടതോടെ മത്സരം അനുവദിക്കാതിരിക്കുകയായിരുന്നു. ഇതോടെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചിരുന്ന സംസ്ഥാന കമ്മറ്റി അംഗം എ. പ്രദീപ് കുമാറിനെതിരെ ഒരു വിഭാഗം രംഗത്തെത്തുകയും ഇരു വിഭാഗങ്ങളും തമ്മിൽ കൈയാങ്കാളിയിൽ എത്തുകയുമായിരുന്നു. മത്സരം നടത്താതിരിക്കാൻ പറ്റില്ലെന്നു പറഞ്ഞ് പ്രദീപ് കുമാറിനെ ഒരു വിഭാഗം തടഞ്ഞുവെക്കുകയും ചെയ്തതോടെ സംഘർഷാന്തരീക്ഷത്തിൽ പിരിയുകയായിരുന്നു. ഇതോടെ ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഇല്ലാതെ ഏരിയ കമ്മിറ്റി അംഗങ്ങളുടെ മേൽനോട്ടത്തിൽ തിങ്കളാഴ്ച സമാപനസമ്മേളനം നടത്തുകയായിരുന്നു.

ആദ്യമായാണ് ഒരു ലോക്കൽ സമ്മേളനത്തിൽ അംഗങ്ങളെയും സെക്രട്ടറിയെയും തെരെഞ്ഞെടുക്കാതെ സമ്മേളനം അവസാനിപ്പിക്കേണ്ടി വന്നത്. പാർട്ടിക്കുതന്നെ ദോഷമാകുന്നതിനാൽ പൊലീസിൽ പരാതി നൽകാതെ ആക്രമണം സംബന്ധിച്ച് ലോക്കൽ
കമ്മിറ്റി ഏരിയ കമ്മിറ്റിക്ക് പരാതി നൽകുമെന്നാണ്അറിയുന്നത്. മുന്മേയർ എം.ഭാസ്‌ക്കരന്റെ മകൻ വരുൺഭാസ്‌ക്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൈയാങ്കളിക്ക് മുൻകൈയെടുത്തത്. ഇവർക്കെതിരെ നടപടിയുണ്ടാവുമെന്നാണ് സൂചന.