ദോഹ: അടുത്ത വർഷം മുതൽ എല്ലാ കർവ ടാക്‌സികളിലും ടാമ്പർ പ്രൂഫ് മീറ്ററുകൾ സ്ഥാപിക്കുമെന്ന് മുവാസ്വലാത്ത്. ടാമ്പർ പ്രൂഫ് മീറ്ററുകൾ സ്ഥാപിക്കുന്നതിനൊപ്പം തന്നെ കമ്പനിയുടെ കീഴിലുള്ള ഏകീകൃത കോൾ സെന്ററുമായി സഹകരിച്ച് മറ്റു സേവനങ്ങളും ഇതിനൊപ്പം ലഭ്യമാകും. ജിപിഎസ് ട്രാക്കിങ്, രസീത്, സ്പീഡ് മോണിട്ടറിങ്, സീറ്റ് സെൻസറുകൾ തുടങ്ങിയ പുതിയ സംവിധാനത്തിൻ കീഴിൽ കൊണ്ടുവരും.

ടാക്‌സി ഡ്രൈവർമാരെ സംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം നടപ്പിലാക്കാൻ മുവാസ്വലാത്ത് തീരുമാനിച്ചത്. നിലവിൽ 65 ശതമാനം ടാക്‌സികളും പുതിയ മീറ്ററുകൾ ഘടിപ്പിച്ചു കഴിഞ്ഞു. 2017-0ഓടെ എല്ലാ കർവ ടാക്‌സികളുലം ഫ്രാഞ്ചൈസി വാഹനങ്ങളിലും പുതിയ മീറ്റർ ഘടിപ്പിക്കുമെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

മീറ്ററുകൾ പ്രവർത്തിപ്പിക്കാതിരിക്കുക, അധിക ചാർജ് ഈടാക്കുക, മോശം പെരുമാറ്റം, ട്രാഫിക് നിയമങ്ങൾ തെറ്റിക്കുക, വൃത്തിഹീനമായി കാറുകൾ സൂക്ഷിക്കുക തുടങ്ങിയ പരാതികൾ ഡ്രൈവർമാരെ കുറിച്ച് ഉപയോക്താക്കളിൽ നിന്ന് ലഭിച്ചു തുടങ്ങിയതോടെയാണ് മുവാസ്വലത്ത് പുതിയ നടപടികൾ സ്വീകരിച്ചത്. ഇതനുസരിച്ച് കമ്പനിയുടെ ക്വാളിറ്റി കൺട്രോൾ ടീം 24 മണിക്കൂറും ഡ്രൈവർമാരെ നിരീക്ഷിക്കും. എല്ലാ വർഷവും ഡ്രൈവർമാർക്ക് കർവ ഡ്രൈവിങ് സ്‌കൂളിൽ നിന്ന് റിഫ്രഷർ കോഴ്‌സ് പരിപാടിയും നടത്താനും പദ്ധതിയുണ്ട്.

കർവ ടാക്‌സികൾ രണ്ട് വർഷം കൂടുമ്പോൾ പഴയ വാഹനങ്ങൾ ഒഴിവാക്കാറുണ്ട്. കഴിഞ്ഞ ആഴ്ച 330 പഴയ ടാക്‌സികൾ ഒഴിവാക്കി പകരം പുതിയ കാംറി കാറുകൾ നിരത്തിലിറക്കി. വാഹനങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനും ഡ്രൈവർമാർക്ക് കൃത്യമായ നിർദേശങ്ങളുണ്ട്. എല്ലാ ഓപറേറ്റർമാർക്കുമായി ഡ്രൈവർമാരെ നിയമിക്കുന്നതിൽ ഏകീകൃത നിലവാരം കൊണ്ടുവരും. തൊഴിൽ സാമൂഹ്യ ക്ഷേമ മന്ത്രാലയവുമായി സഹകരിച്ചാണ് ഇത്തരം നിയമനങ്ങൾ നടത്തുക.