തിരുവനന്തപുരം: കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസിലൂടെ കേരളം സ്വപ്‌നം കാണുന്നത് ഭരണ മികവ്. സംസ്ഥാനം ആറുപതിറ്റാണ്ടായി കാത്തിരുന്ന സ്വപ്നമാണ് ഇത്. പി.എസ്.സി. വഴി നിയമനം നടത്തുന്ന ഏറ്റവും ഉയർന്ന തസ്തികയാണിത്. കേരളത്തിന്റെ സ്വന്തം 'ഐഎഎസ് സർവ്വീസ്'. കേരളത്തിന്റെ സിവിൽ സർവീസ് കാര്യക്ഷമമാക്കുന്നതിനായാണ് കേന്ദ്രമാതൃകയിൽ കെഎഎസ് കേഡർ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

ഭരണനിർവഹണത്തിനുള്ള 140-ലേറെ മധ്യനിര തസ്തികകളിൽ ഉദ്യോഗസ്ഥരെ നേരിട്ടുനിയമിക്കുന്ന കേരള സർവീസാണിത്. റാങ്ക്പട്ടികയിൽനിന്ന് നിയമനഃശുപാർശയും നിയമന ഉത്തരവും നേടുന്നവർ പരിശീലനത്തിനുശേഷം വിവിധ വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികയിൽ പ്രവേശിക്കും. ഇവർക്ക് ഭാവിയിൽ ഐഎഎസും കിട്ടും. അതും കേരളാ കേഡറിൽ. സിവിൽ സർവ്വീസ് സ്വപ്‌നം കാണുന്നവർക്കുള്ള കുറുക്കു വഴി കൂടിയാണ് ഇത്. അങ്ങനെ ആ സ്വപ്‌നവും നടപ്പാക്കുകയാണ്.

എട്ടുവർഷത്തെ കെ.എ.എസ്. പൂർത്തിയാക്കുന്ന നിശ്ചിത പ്രായപരിധിയിലുള്ളവർക്ക് സംസ്ഥാന ക്വാട്ടയിൽ നേരിട്ട് ഐ.എ.എസ്. നേടാം. 1957 മുതലുള്ള ഭരണപരിഷ്‌കാരകമ്മിഷനുകൾ ശുപാർശചെയ്ത സംസ്ഥാന സിവിൽ സർവീസാണിത്. ഭരണനിർവഹണത്തിൽ പുതുതലമുറ ഉദ്യോഗസ്ഥരെ വാർത്തെടുക്കുകയെന്നതാണ് ലക്ഷ്യം. ഇതിലൂടെ സുതാര്യതയും കാര്യക്ഷമതയും കൂടുമെന്നാണ് നീരീക്ഷണങ്ങൾ. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ എതിർപ്പുകൾ മറികടന്നാണ് ഇത് നടപ്പാക്കുന്നത്.

സംസ്ഥാന ചരിത്രത്തിലെ ആദ്യ കെഎഎസ് റാങ്ക് പട്ടിക പി.എസ്.സി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. ജനറൽ വിഭാഗം, സർക്കാർ ജീവനക്കാർ, ഗസ്റ്റഡ് ഓഫീസർമാർ എന്നിങ്ങനെ മൂന്ന് സ്ട്രീമുകളായിട്ടാണ് കെ.എ.എസ് പട്ടിക പ്രസിദ്ധീകരിച്ചത്. സ്ട്രീം ഒന്നിന്റെ മെയിൻ ലിസ്റ്റിൽ 122 പേർ ഇടം പിടിച്ചു. സ്ട്രീം ഒന്നിൽ മാലിനി.എസ് ആദ്യറാങ്ക് നേടി, നന്ദന പിള്ളയ്ക്കാണ് രണ്ടാം റാങ്ക്, ഗോപിക ഉദയൻ മൂന്നാം റാങ്കും, ആതിര എസ്.വി നാലാം റാങ്കും, എം.ഗൗതമൻ അഞ്ചാം റാങ്കും നേടി. സർക്കാർ ഉദ്യോ?ഗസ്ഥർക്കായുള്ള സ്ട്രീം രണ്ടിൽ അഖിലാ ചാക്കോയാണ് ഒന്നാം റാങ്ക് നേടിയത്. രണ്ടാം റാങ്ക്- ജയകൃഷ്ണൻ കെ.ജി, മൂന്നാ റാങ്ക് - പാർവതി ചന്ദ്രൻ.എൽ, നാലാം റാങ്ക് - ലിബു എസ് ലോറൻസ്, അഞ്ചാം റാങ്ക് ജോഷ്വ ബെനറ്റ് ജോൺ എന്നിവർ നേടി. സ്ട്രീം മൂന്നിൽ ഒന്നാം റാങ്ക് നേടിയത് വി. അനൂപ് കുമാറാണ്. രണ്ടാം റാങ്ക് - അജീഷ് കെ, മൂന്നാം റാങ്ക് - പ്രമോദ് ജി.വി, നാലാം റാങ്ക് - ചിത്ര ലേഖ .കെ.കെ


മൂന്ന് കാറ്റഗറികളിലായി ആകെ 105 പേർക്ക് നിയമനം കിട്ടും. ഇവർക്ക് നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ സർവീസിൽ പ്രവേശിക്കാം. അഞ്ച് ലക്ഷത്തിലേറെ പേരാണ് കെഎഎസ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. മൂന്നേകാൽ ലക്ഷം പേർ പരീക്ഷയെഴുത്തി. ഒന്നാം സ്ട്രീമിൽ 122 പേർ മെയിൻ ലിസ്റ്റിൽ വന്നു. സ്ട്രീം രണ്ട് മെയിൻ ലിസ്റ്റിൽ എഴുപത് പേരും, സ്ട്രീം മൂന്ന് മെയിൻ ലിസ്റ്റിൽ 69 പേരുമാണ് ഉള്ളത്.

ഐഎഎസിലേക്ക് എളുപ്പത്തിൽ എത്താം എന്നതാണ് കെഎഎസിന്റെ പ്രധാനസവിശേഷത. കെഎഎസിന്റെ ആദ്യബാച്ചിൽ 35 പേരാണുള്ളത്. ഇവർക്ക് ദേശീയ മാനേജ്‌മെന്റിൽ 18 മാസത്തെ ട്രെയിനിങ് നൽകും. ഡെപ്യൂട്ടി കളക്ടർ, ജില്ലാ സപ്ലൈ ഓഫീസർ, തുടങ്ങിയ തസ്തികളിലാവും ആദ്യബാച്ചുകാർക്ക് തുടക്കത്തിൽ നിയമനം ലഭിക്കുക. ഒരു വർഷമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി.

സ്വപ്നതുല്യമായ സർക്കാർ ജോലിക്കായി പരീക്ഷയെഴുതിയ മൂന്നേകാൽ ലക്ഷം ഉദ്യോഗാർഥികളിൽ നിന്നാണ് 3208 പേരെ രണ്ടാം ഘട്ട പരീക്ഷയ്ക്കായി പിഎസ് സി തിരഞ്ഞെടുത്തത്. സ്ട്രീം 1 ൽ യോഗ്യത നേടിയത് 2160 ഉദ്യോഗാർഥികൾ മാത്രമായിരുന്നു. സർക്കാർ ഉദ്യോഗസ്ഥർക്കായി നീക്കി വച്ച സ്ട്രീം 2 ൽ നിന്ന് 1048 പേർ മാത്രമാണ് രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 77 ആയിരുന്നു സ്ട്രീം 1ലെ കട്ട് ഓഫ് മാർക്ക്. സ്ട്രീം 2ൽ കട്ട് ഓഫ് 60 ഉം.

സീനിയർ ഹയർ സെക്കൻഡറി അദ്ധ്യാപകർ നൽകിയ കേസിന്റെ വിധി വരാൻ കാത്തിരുന്നതിനാൽ ഗസറ്റഡ് ഓഫിസർമാർ പരീക്ഷയെഴുതിയ സ്ട്രീം 3ന്റെ ഫലം പിഎസ് സിയുടെ വൈകിയാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം,എറണാകുളം,കോഴിക്കോട് മേഖലകളിലായിട്ടായിരുന്നു കെഎഎസിന്റെ രണ്ടാം ഘട്ട പരീക്ഷ നടന്നത്. പിന്നീട് അഭിമുഖ പരീക്ഷ കൂടി നടത്തിയ ശേഷമാണ് അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.