തിരുവനന്തപുരം: പെട്രോളിൽ സംസ്ഥാന നികുതി കുറയ്ക്കാത്ത സംസ്ഥാനമാണ് കേരളം. സാമ്പത്തിക പ്രതിസന്ധി കാരണം ഇതിന് കഴിയില്ലെന്ന് പറയുന്ന ധനമന്ത്രി ബാലഗോപാൽ. പക്ഷേ ജീവനക്കാരുടെ ശമ്പളത്തിന്റെ കാര്യത്തിൽ എന്തും ചെയ്യും. ധനവകുപ്പിന്റെ നിർദേശത്തെ മറികടന്ന് കെഎഎസ് ഉദ്യോഗസ്ഥർക്ക് 81,800 രൂപ അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചത് വിവാദമായിരുന്നു. ഇതിനെതിരെ സിവിൽ സർവ്വീസുകാർ പ്രതിഷേഘത്തിലെത്തി. ഈ സാഹചര്യത്തിൽ ഐഎഎസുകാരുടെ അടക്കം ശമ്പള വർധനയ്ക്കാണ് സർക്കാർ തീരുമാനം. അങ്ങനെ എല്ലാവരേയും തൃപ്തിപ്പെടുത്തും.

കോവിഡും പ്രളയവും കേരളത്തിന്റെ സാമ്പത്തികത്തെ വമ്പൻ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കടമെടുത്താണ് സർക്കാർ മുമ്പോട്ട് പോകുന്നത്. ഇതിനിടെയാണ് പുതിയ നീക്കം. കെഎഎസുകാരുടെ ശമ്പളം മന്ത്രിസഭ തീരുമാനിച്ചതു പോലെ 81,800 രൂപയിൽ നിലനിർത്തിക്കൊണ്ട് ഐഎഎസുകാർക്ക് സ്‌പെഷൽ പേ അനുവദിച്ച് ശമ്പളം കൂട്ടാനാണ് ആലോചന. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ കടുത്ത സമ്മർദം സർക്കാരിനു മേലുണ്ട്. നിസ്സഹകരണ നിലപാടു സ്വീകരിച്ചും ഇതു നേടിയെടുക്കണമെന്ന നിലപാടിലാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥർ. ഇത് മനസ്സിലാക്കിയാണ് സർക്കാർ ഇടപെടൽ.

കെ എ എസുകാർക്ക് ഐഎഎസിനേക്കാൾ ശമ്പളം കൊടുക്കുന്നത് തെറ്റാണെന്ന് സർക്കാരിന് അറിയാം. ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാൽ വമ്പൻ വിവാദവുമാകും. ഈ സാഹചര്യത്തിലാണ് ഏറ്റവും ഉയർന്ന ഉദ്യോഗ്സ്ഥ ശ്രേണിയായ സിവിൽ സർവ്വീസുകാരെ പിണക്കാതെ പ്രശ്‌ന പരിഹാരത്തിന് തീരുമാനം. കെ എ എസ് ശമ്പളത്തെ സിവിൽ സർവ്വീസ് ശമ്പളത്തിന് താഴെയാക്കിയാൽ തീരുന്ന പ്രശ്‌നമാണ് ഇത്. ഇതിനാണ് എല്ലാവർക്കും ശമ്പളം കൂട്ടി നൽകി സന്തോഷിപ്പിച്ച് ഖജനാവ് കൊള്ളയടിക്കാനുള്ള നീക്കം. ഐ എ എസ് ട്രെയിനിക്കി തുടക്കത്തിൽ അമ്പത്തി അയ്യായിരത്തോളം രൂപയാണ് ശമ്പളം കിട്ടുക. എന്നാൽ കെ എസ് എസിൽ തുടക്കക്കാരന് അതിലും 30000 രൂപയിൽ അധികം ലഭിക്കും. ഇതിനെ ഐ എ എസുകാർ എതിർക്കുന്നത് ന്യായവുമാണ്.

കെഎഎസുകാരെ സന്തോഷിപ്പിക്കാനും ഐഎഎസുകാരെ തൃപ്തിപ്പെടുത്താനും സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ സംസ്ഥാന ഖജനാവിനു കടുത്ത ആഘാതമാണുണ്ടാക്കുക. കടം വാങ്ങിയാണ് ഇപ്പോൾ സർക്കാരിന്റെ മുന്നോട്ടു പോക്ക്. സാമ്പത്തിക പ്രതിസന്ധി കാരണം സർവീസ് പെൻഷൻകാർക്ക് 2 ഗഡു പെൻഷൻ കുടിശിക കൊടുക്കാൻ കഴിയാതെ സർക്കാർ നട്ടം തിരിയുമ്പോഴാണ് പുതിയ തീരുമാനം. കെഎഎസുകാർക്ക് 51,600 രൂപ അടിസ്ഥാന ശമ്പളമായി നിർണയിച്ചാൽ മതിയെന്നായിരുന്നു ധനവകുപ്പിന്റെ നിലപാട്. എന്നാൽ ഇത് മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചില്ല.

തങ്ങളുടെ ജൂനിയർ ഓഫിസർമാരെക്കാൾ ഉയർന്ന ശമ്പളം കെഎഎസുകാർ വാങ്ങുന്നത് ഭരണ രംഗത്ത് അധികാരത്തർക്കത്തിനു കാരണമാകുമെന്നാണ് ഐഎഎസ് ഉദ്യോഗസ്ഥരുടെ വാദം. ഇതു പരിഹരിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥർക്ക് 10,000 രൂപ മുതൽ 25,000 രൂപ വരെ ശമ്പളം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഐഎഎസ് അസോസിയേഷൻ സെക്രട്ടറി എം.ജി.രാജമാണിക്യം ചീഫ് സെക്രട്ടറിക്ക് ഇന്നലെ കത്തു നൽകി.

ജൂനിയർ ടൈം സ്‌കെയിൽ ഉദ്യോഗസ്ഥർക്ക് 25,000 രൂപയും സീനിയർ ടൈം സ്‌കെയിൽ, ജൂനിയർ അഡ്‌മിനിസ്‌ട്രേറ്റീവ് ഗ്രേഡ് ഉദ്യോഗസ്ഥർക്ക് 10,000 രൂപയും സ്‌പെഷൽ പേ ആയി നൽകണം. ആദ്യ 9 വർഷം ഇതു നൽകണം. ഓരോ വർഷവും പരിഷ്‌കരിക്കുകയും വേണം. കെഎഎസുകാരുമായുള്ള ശമ്പളത്തിലെ വ്യത്യാസം 13 മുതൽ 18 വരെ വർഷം തുടരാൻ സാധ്യതയുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥർക്കു ലഭിക്കുന്ന വീട്ടുവാടക റീഇംപേഴ്‌സ്‌മെന്റ് തുകയായ 20,000 രൂപ ആകെ ശമ്പളത്തിൽ ഉൾപ്പെടുത്തി കെഎഎസുകാരുടെ ശമ്പളവുമായി താരതമ്യം ചെയ്യരുത്.

സർക്കാർ താമസ സൗകര്യം നൽകാത്ത വളരെ കുറച്ച് ഉദ്യോഗസ്ഥർക്കു മാത്രമാണ് ഈ തുക ലഭിക്കുന്നത്. കെഎഎസ് ഉദ്യോഗസ്ഥരെപോലെ ഐഎഎസ് ഉദ്യോഗസ്ഥർക്ക് സ്വന്തം നാട്ടിൽ ജോലി ചെയ്യാൻ കഴിയാറില്ല. പരിശീലന കാലയളവിൽ പോലും കേരള സർവീസ് ചട്ട പ്രകാരം കെഎഎസ് ഉദ്യോഗസ്ഥർ ഇൻക്രിമെന്റിന് അർഹരാണ്. ഈ ഇൻക്രിമെന്റ് ലഭിക്കില്ലെന്ന പ്രചാരണം ശരിയല്ലെന്നും കത്തിൽ അസോസിയേഷൻ ചൂണ്ടിക്കാട്ടി.