- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേലുദ്യോഗസ്ഥരേക്കാൾ ശമ്പളം കീഴുദ്യോഗസ്ഥർക്ക് കിട്ടിയാൽ എങ്ങനെ സഹിക്കും? രണ്ടാഴ്ചയ്ക്കിടെ സിവിൽ സർവീസ് അസോസിയേഷനുകൾ സർക്കാരിനോട് മുഖം കറുപ്പിക്കുന്നത് രണ്ടാം വട്ടം; ഫീഡർ സബോർഡിനേറ്റ് സർവീസായ കെഎഎസിന് ഐഎഎസിനേക്കാൾ ശമ്പള സ്‌കെയിൽ നിശ്ചയിച്ചത് വെറും ബ്ലണ്ടർ
തിരുവനന്തപുരം: ഐഎഎസ്, ഐപിഎസ് അസോസിയേഷനുകൾ ആകെ പിണക്കത്തിലാണ്. അഖിലേന്ത്യാ സർവീസും, കേരള അഡ്‌മിസ്‌ട്രേറ്റീവ് സർവീസും തമ്മിൽ അടിസ്ഥാന ശമ്പളത്തിൽ വന്ന ഭീമമായ വ്യത്യാസമാണ് അസോസിയേഷനുകളെ ചൊടിപ്പിച്ചത്. മേലുദ്യോഗസ്ഥർക്ക് കീഴുദ്യോഗസ്ഥരേക്കാൾ ശമ്പളം കുറവ് കിട്ടുന്ന സാഹചര്യം സൃഷ്ടിക്കുന്നതിലേക്കാണ് സർക്കാരിന്റെ ഉത്തരവ് വഴി തുറന്നിരിക്കുന്നത്.
11ാം ശമ്പള പരിഷ്‌കരണ കമ്മിഷൻ കെഎഎസിനു നിശ്ചയിച്ച അടിസ്ഥാന ശമ്പളം 68,700 രൂപയാണ്. ഇതു മറികടന്നാണ് 81,000രൂപ മന്ത്രിസഭ നിശ്ചയിച്ചത്. എൻട്രി ലെവലിൽ ഐഎഎസ് ഉദ്യോഗസ്ഥന് കിട്ടുന്നതാകട്ടെ 56,100 രൂപയും. എൻട്രി ലെവൽ കെഎഎസ് ഓഫീസർക്ക് പരിശീലനം കഴിഞ്ഞ് നിയമനം ആകുമ്പോൾ 81,800 രൂപയു , 10 ശതമാനം ഗ്രേഡ് പേയും, ഡിയർനെസ് അലവൻസ്, ഹൗസ് റെന്റ് അലവൻസ് എന്നിങ്ങനെ അലവൻസുകളും എല്ലാമായി ഒരു ലക്ഷത്തിന് മേലേ ശമ്പളം കിട്ടും. ഐഎഎസുകാർ സഹിക്കുമോ?
ശമ്പള പരിഷ്‌കരണ കമ്മിഷൻ ശുപാർശ ചെയ്തതിനെക്കാൾ അധികമാണ് 81,800 എന്ന ശമ്പള സ്‌കെയിൽ. മാത്രമല്ല, കെഎ എസ് ഓഫിസർമാർ ഭാവിയിൽ ജില്ലകളിലും സംസ്ഥാനതലത്തിലും നിയമിതരാകുമ്പോൾ മേലുദ്യോഗസ്ഥരായ ഐഎഎസുകാരെക്കാൾ ഉയർന്ന ശമ്പളം കൈപ്പറ്റുന്ന സ്ഥിതിയും വരും. ഈ സാഹചര്യത്തിലാണ് എതിർപ്പ്. സംസ്ഥാനം കടുത്ത സാമ്പത്തിക ബാധ്യതയിലൂടെ പോകുമ്പോൾ ഇതിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
തീരുമാനം ബ്ലണ്ടറോ?
കെഎഎസ് സ്‌പെഷ്യൽ റൂളിൽ പറയുന്നത് സർക്കാർ നയങ്ങളും, പരിപാടികളും ഫലപ്രദമായി നടപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഉദ്യോഗസ്ഥരുടെ രണ്ടാം നിര എന്നാണ്. ഐഎഎസ് റിക്രൂട്ട്‌മെന്റിനുള്ള ഫീഡർ വിഭാഗം ആയിരിക്കും കെഎഎസ് എന്നും റൂളിൽ പറയുന്നു. ഒരു ഫീഡർ സബോർഡിനേറ്റ് സർവീസിന് ഉയർന്ന ശമ്പള സ്‌കെയിൽ അനുവദിക്കുന്നത് ബ്ലണ്ടർ എന്നാണ് ചില പൊതുഭരണ വകുപ്പ് ഉദ്യോഗസ്ഥർ രഹസ്യമായി പറയുന്നത്.
കെഎഎസിന്റെ സ്‌പെഷൽ റൂളിൽ ശമ്പളം എത്രയെന്നു വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിസഭായോഗം നിശ്ചയിച്ച തുക സ്വല്പം കുറവാണ്. റൂളിൽ പറഞ്ഞ തുക കിട്ടിയില്ലെങ്കിൽ അത് കേസാവാനും മതി. കെഎഎസ് സ്‌പെഷൽ റൂളിൽ മാറ്റം വരുത്താൻ സർക്കാരിന് അധികാരമുണ്ടെങ്കിലും നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ഇതിനായി കരട് വിജ്ഞാപനം തയാറാക്കി പിഎസ്‌സിക്ക് അയയ്ക്കണം. പിഎസ്‌സി അംഗീകാരം വാങ്ങി നിയമസഭാ കമ്മിറ്റിയിൽ വയ്ക്കണം. ജീവനക്കാരുടെ സംഘടനകളുമായി ചർച്ച നടത്തണം. ഇതിനുശേഷമേ സ്‌പെഷൽ റൂൾ ഭേദഗതി സാധ്യമാകൂ. എന്നാൽ, അതു ചെയ്യാതെ മന്ത്രിസഭായോഗ തീരുമാനത്തിന്റെ ഭാഗമായി ഉത്തരവിറക്കുയാണ് സർക്കാർ ചെയ്തത്.
സമാന്തര ഐഎഎസുകാരെ സൃഷ്ടിക്കുമോ?
മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറങ്ങും മുൻപുതന്നെ സർക്കാർ ഇടപെട്ടു തീരുമാനം പിൻവലിക്കണമെന്ന് ഐഎഎസ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ബി.അശോകും സെക്രട്ടറി എം.ജി.രാജമാണിക്യവും ചേർന്നു നൽകിയ കത്തിൽ ആവശ്യപ്പെട്ടു. മന്ത്രിസഭാ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഐഎഎസ് ഓഫിസേഴ്സ് അസോസിയേഷന് പുറമേ ഐപിഎസ്, ഐഎഫ്എസ് അസോസിയേഷനുകളുടെ കേരള ഘടകവും മുഖ്യമന്ത്രിക്കു കത്തു നൽകി. നേരത്തെ മുട്ടിൽ മരം മുറിയിൽ കുടുങ്ങിയ ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷനിലും സർക്കാരിനെതിരെ മൂന്ന് സംഘടനകളും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. കെ എ എസിലൂടെ സമാന്തര ഐഎഎസുകാരെ സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് സിവിൽ സർവ്വീസ് സംഘടനകൾ വിലയിരുത്തുന്നു.
അപാകത അധികാരശ്രേണിയിലും റിപ്പോർട്ടിങ്ങിലും വൈഷമ്യം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. അതിനാൽ കെഎഎസുകാരുടെ ശമ്പളവും അഖിലേന്ത്യ സർവീസ് ഉദ്യോഗസ്ഥരുടെ ശമ്പളവും തമ്മിൽ താരതമ്യ പരിശോധനയ്ക്കു സർക്കാർ തയാറാകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
ഐപിഎസ് ഉദ്യോഗസ്ഥരെക്കാൾ ഉയർന്ന ശമ്പളം കെഎഎസുകാർ വാങ്ങുന്നത് ജില്ലാതല ഭരണക്രമത്തിൽ വിഷമതകൾ സൃഷ്ടിക്കുമെന്നാണ് ഐപിഎസ് അസോസിയേഷൻ സെക്രട്ടറി ഹർഷിത അട്ടല്ലൂരി കത്തിൽ ചൂണ്ടിക്കാട്ടിയത്. ഇതേ കാരണം തന്നെയാണ് ഐഎഫ്എസ് അസോസിയേഷൻ നൽകിയ കത്തിലുമുള്ളത്.
മറുനാടന് മലയാളി ബ്യൂറോ