- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് പ്രവേശനത്തിന് ഇരട്ട സംവരണം; തീരുമാനം എടുക്കാൻ സർക്കാരിന് അധികാരം ഉണ്ടെന്ന് പി.എസ്.സി; നീതിയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സർക്കാരിന്റെ വാദം കേൾക്കണമെന്ന് സുപ്രീം കോടതി; മൂന്നാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശം

ന്യൂഡൽഹി: കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് പ്രവേശനത്തിന് ഇരട്ട സംവരണം ഏർപ്പെടുത്തിയതിന് എതിരായ ഹർജിയിൽ മൂന്ന് ആഴ്ചയ്ക്ക് ഉള്ളിൽ സംസ്ഥാന സർക്കാർ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി. സംവരണം നീതിയുമായി ബന്ധപ്പെട്ട വിഷയം ആയതിനാൽ സർക്കാരിന്റെ വാദം വിശദമായി കേൾക്കേണ്ടത് ഉണ്ടെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ഇരട്ട സംവരണം ഭരണഘടന വിരുദ്ധം ആണെന്ന ഹർജികളിൽ നിലപാട് അറിയിക്കാൻ സർക്കാരിനോട് നേരത്തെ സുപ്രീം കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഹർജി പരിഗണനയ്ക്ക് എടുത്തപ്പോൾ സത്യവാങ്മൂലം ഫയൽ ചെയ്യാൻ കൂടുതൽ സമയം വേണമെന്ന് സംസ്ഥാന സർക്കാർ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.
അതേസമയം കെ.എ.എസ് സംവരണ കാര്യത്തിൽ തീരുമാനം എടുക്കാൻ സർക്കാരിന് അധികാരം ഉണ്ട് എന്ന് പി.എസ്.സി സത്യവാങ്മൂലത്തിലൂടെ സുപ്രീം കോടതിയെ അറിയിച്ചു. നിലവിൽ സർക്കാർ സർവീസിൽ ഉള്ളവർക്ക് കേരള അഡ്‌മിനിസ്‌ട്രേറ്റിവ് സർവ്വീസിൽ സംവരണം ബാധകം ആക്കിയ സർക്കാർ നടപടി ശരിവച്ച ഹൈക്കോടതി വിധിക്ക് എതിരെ സമസ്ത നായർ സമാജം എന്ന സംഘടനയും ചില ഉദ്യോഗാർത്ഥികളും ആണ് സുപ്രീം കോടതിയെ സമീപിച്ചത്.
സർക്കാരിന് അവസാന അവസരം എന്ന നിലയിൽ മൂന്ന് ആഴ്ചത്തെ സമയം കോടതി അനുവദിച്ചു. ഇത് അവസാന അവസരം ആയിരിക്കും എന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സർക്കാർ സത്യവാങ്മൂലത്തിൽ മറുപടി നൽകാൻ രണ്ട് ആഴ്ചത്തെ സമയം ഹർജിക്കാർക്കും കോടതി അനുവദിച്ചിട്ടുണ്ട്. ആറാഴ്ച കഴിഞ്ഞ് അന്തിമ വാദത്തിനായി ഹർജി പരിഗണിക്കും എന്നും സുപ്രീം കോടതി അറിയിച്ചു.
ഇതിനിടെ നിയമന മാനദണ്ഡങ്ങൾ, സംവരണം, യോഗ്യത, പ്രായപരിധി തുടങ്ങിയവ തീരുമാനിക്കാൻ സർക്കാരിന് ഭരണഘടനപരം ആയ അവകാശം ഉണ്ടെന്ന് വ്യക്തമാക്കി പി എസ് സി സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. സർവീസ് ചട്ടങ്ങളിൽ പൊതു താത്പര്യ ഹർജികളിൽ നിലനിലനിൽക്കില്ല എന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതായും പി എസ് സി തങ്ങളുടെ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിങ് കോൺസൽ ജി പ്രകാശ് എന്നിവർ ഹാജർ ആയി. പി എസ് സി ക്ക് വേണ്ടി വിപിൻ നായർ, സമസ്ത നായർ സമാജത്തിന് വേണ്ടി സീനിയർ അഭിഭാഷകൻ വി ചിദംബരേഷ്, കെ വി മോഹൻ എന്നിവർ ഹാജർ ആയി. കേസിലെ എതിർ കക്ഷികൾക്ക് വേണ്ടി സീനിയർ അഭിഭാഷക ഇന്ദിര ജയ്സിംഗും ഹാജർ ആയി.


