തിരുവനന്തപുരം: മമ്മൂട്ടി ചിത്രം കസബയെ വിമർശിച്ചതിന്റെ പേരിൽ നടി പാർവതിയെ സോഷ്യൽമീഡിയയിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ യുവാവിനു ജോലി വാഗ്ദാനവുമായി കസബയുടെ നിർമ്മാതാവ് ജോബി ജോർജ്. കസബയുമായി ബന്ധപ്പെട്ട വിവാദമാണ് യുവാവിന്റെ അറസ്റ്റിലേക്ക് നയിച്ചതു എന്നതു കൊണ്ടാണ് ജോബി വടക്കാഞ്ചേരി സ്വദേശി പ്രിന്റോക്ക് ജോലി വാഗ്ദാനവുമായി രംഗത്തെത്തിയത്. ഇന്നലെയാണ് യുവാവ് ജാമ്യത്തിലിറങ്ങിയത്.

'മോനേ നിന്റെ നമ്പർ തരികയോ, എന്റെ വീട്ടിലോ ഓഫീസിലോ വരികയോ ചെയ്താൽ ഓസ്‌ട്രേലിയയിലോ ദുബായിലോ, യു.കെയിലോ തന്റെ മരണം വരെ ജോലി നൽാകം' എന്ന ജോബി ജോർജിന്റെ ഫേസ്‌ബുക്കിലൂടെ അഭിപ്രായപ്പെട്ടത്. ഈ ഫേസ്‌ബുക്ക് കമന്റിന്റെ അടിസ്ഥാനത്തിൽ ജോബിയെ ബന്ധപ്പെട്ട മറുനാടൻ മലയാളിയോടും യുവാവിന് ജോലി നൽകാൻ സന്നദ്ധനാണെന്ന് നിർമ്മാതാവ് അറിയിച്ചു. യുവാവ് സന്നദ്ധനാണെങ്കിൽ ദുബായിൽ ജോലി നൽകാമെന്നാണ് ജോബിയുടെ വാഗ്ദാനം.