തിരുവനന്തപുരം: മലയാള സിനിമാ വ്യവസായം ഒരു മാറ്റത്തിന്റെ ഘട്ടത്തിലാണ്. പഴയതും പോലെ സാറ്റലൈറ്റ് റേറ്റ് കിട്ടുമെന്ന് കരുതി സിനിമ എടുക്കാൻ ഇപ്പോൾ സാധിക്കില്ല. ചാനലുകൾ കൂട്ടമായി ചേർന്ന് സിനിമ ഇറങ്ങിയ ശേഷം സാറ്റലേറ്റ് വാങ്ങുന്ന ഏർപ്പാട് കൊണ്ടുവന്നതോടെ പലരും പ്രതിസന്ധിയിലാണ്. ഇപ്പോൾ സൂപ്പർതാര ചിത്രങ്ങളെ എല്ലാം കണ്ണുമടച്ച് വിജയിപ്പിച്ച് വിടുന്ന ശൈലിയുമില്ല. പ്രേക്ഷകരെ രസിപ്പിക്കുന്ന ചിത്രങ്ങൾ മാത്രമേ ഇപ്പോൾ തീയറ്ററിൽ ആളക്കൂട്ടാറുള്ളൂ. അടുത്തകാലത്തായി യുവനിരയാണ് മലയാള സിനിമയെ അടക്കി വാഴുന്നതും. അടുത്തകാലത്ത് മോഹൻലാലിനേക്കാൾ ഭേദപ്പെട്ട വിജയം നേടിയത് മെഗാ സ്റ്റാർ മമ്മൂട്ടിയായിരുന്നു. ഭാസ്‌ക്കർ ദ റാസക്കലിന് ശേഷം മമ്മൂട്ടി ചിത്രമാണ് പുതിയ നിയമം വിജയം കൊയ്തു. നിരന്തരമായ തോൽവിക്ക് ശേഷം വിജയത്തിന്റെ പാതയിൽ തിരികേ എത്തിയ മമ്മൂട്ടിയുടെ ഒരു ചിത്രം കൂടി ഇന്ന് തീയറ്ററിൽ എത്തുകയാണ്.

ഏറെക്കാലത്തിന് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തുന്ന കസബ ചിത്രം ആരാധകർക്ക് ആഘോഷമാകുമെന്നാണ് അറിയുന്നത്. എന്നാൽ, അടുത്തകാലത്തെ മമ്മൂട്ടി ചിത്രങ്ങളിൽ സാമാന്യം ഉയർന്ന ബജറ്റുള്ള ചിത്രമാണ് കസബ. എട്ടരക്കോടി മുതൽ മുടക്കുള്ള ചിത്രം പല കാര്യങ്ങൾ കൊണ്ടു ശ്രദ്ധേയാണ്. മലയാള സിനിമയിൽ ഏറ്റവും അധികം പഞ്ച് ഡയലോഗുകൾ സമ്മാനിച്ചിട്ടുള്ള തിരക്കഥാകൃത്ത് രൺജി പണിക്കരുടെ മകൻ നിതിൻ രൺജി പിണക്കർ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് കസബ.

യുകെ പ്രവാസി വ്യവസായിയായ ജോബി ജോൺ തടത്തിലിന്റെ ഗുഡ് വിൽ എന്റർടെയിന്മെന്റിന്റെ ബാനറിലാണ് സിനിമ നിർമ്മിക്കുന്നത്. ജോബിയുടെ മാതാവ് ആലീസ് ജോർജ്ജിന്റെ പേരിലാണ് സിനിമ നിർമ്മിക്കുന്നത്. ഏറ്റുമാനൂർ, വൈക്കം, കല്ലറ, കുമരകം എറണാകുളം എന്നിവിടങ്ങളിൽ ഗിഫ്റ്റ് ഷോപ്പും ദുബായിൽ ഐടി കമ്പനിയുടെ ഒമാനിൽ സൂപ്പർമാർക്കറ്റുകളും ഉള്ള വ്യവസായിയാണ് ജോബി. മഞ്ജു വാര്യർ നായികയായ ജോ ആൻഡ് ബോയ് എന്ന ചിത്രമാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ജോബിയുടെ ചിത്രം. ആന്മരിയ കലിപ്പിലാണ് എന്നി സിനിമയും ഗുഡ്വില്ലിന്റെ ബാനറിൽ പുറത്തിറങ്ങാനിരിക്കുന്നു.

രൺജി പണിക്കരുടെ മമ്മൂട്ടിച്ചിത്രം എന്ന് കേട്ടാൽ അതേപ്പറ്റി പ്രേക്ഷകർക്കൊരു മുൻവിധി ഉണ്ടായിരിക്കും. ആ സിനിമയിൽ തകർപ്പൻ ഡയലോഗുകളും ഉഗ്രൻ ആക്ഷൻ രംഗങ്ങളും ഉണ്ടായിരിക്കുമെന്നതാണ് ഈ മുൻവിധിക്ക് ആരാധം. എന്നാൽ, മമ്മൂട്ടിയുടെ പതിവ് കാക്കി വേഷങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ് കസബയിലെ കഥാപാത്രം. രഞ്ജി പണക്കിരുടെ മകൻ ഒരുക്കുന്ന പൊലീസ് വേഷം എത്തരത്തിലാകും എന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാ ലോകം. ഒരു കോമഡി ത്രില്ലർ ഗണത്തിൽ ഒരുക്കുന്ന ചിത്രമെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.

മമ്മൂട്ടി രാജൻ സക്കറിയ എന്ന സർക്കിൾ ഇൻസ്പെക്ടറെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തമിഴ് നടി വരലക്ഷ്മി ശരത്കുമാറാണ് മമ്മൂട്ടിയുടെ നായിക. കർണ്ണാടകയാണ് സിനിമയുടെ പ്രധാന ലക്കേഷൻ. കോലാറിലായിരുന്നു ഏറിയ പങ്കും ചിത്രീകരിച്ചത്. എന്തായാലും 'കസബ' ഇപ്പോൾ തന്നെ ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. സോഷ്യൽ മീഡിയയിലെ ട്രോളും ടീസറിന് ലഭിച്ച വൻ സ്വീകാര്യതയുമൊക്കെ ഈ പ്രതീക്ഷകളെ വാനോളം ഉയർത്തി. ചിത്രത്തിന്റെ പോസ്റ്റർ ഇറങ്ങിയപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ ട്രോളുകൾ ആരംഭിച്ചിരുന്നു. എന്നാൽ, ഇത് സിനിമയുടെ പ്രമോഷന് ഗുണം ചെയ്തു.

മമ്മൂട്ടിയുടെ വ്യത്യസ്തതയുള്ള ഒരു പൊലീസ് സ്റ്റോറി എന്ന നിലയിൽ ആരാധകർ ഈ സിനിമയ്ക്കായി കാത്തിരിക്കുകയാണ്. ഇൻസ്‌പെക്ടർ ബൽറാം, രൗദ്രം തുടങ്ങിയ സിനിമകളുമായി ഈ ചിത്രത്തിന് താരതമ്യമുണ്ടാവില്ല. എന്നാൽ മമ്മൂട്ടിയുടെ തന്നെ 'ഡാഡി കൂൾ' ഈ സിനിമയുമായി താരതമ്യപ്പെടുത്താവുന്ന ചിത്രമാണെന്നാണ് അറിയുന്നത്.

പൂനം ബജ്വ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സമ്പത്ത് വില്ലനാകുന്നു. രാഹുൽ രാജ് സംഗീതവും സമീർ ഹഖ് ഛായാഗ്രഹണവും നിർമ്മാണ നിർവ്വഹണം അലക്‌സ് ഇ കുരിയനും നിർവ്വഹിക്കുന്നു. നേരത്തെ ചിത്രീകരിച്ച വൈറ്റ് എന്ന ചിത്രത്തിന്റെ റിലീസിങ് മാറ്റിവച്ചാണ് കസബ ഈദ് ചിത്രമായി ഇന്ന് തീയറ്ററിൽ എത്തുന്നത്. മമ്മൂട്ടിയുടെ താര സിംഹാസനം അരക്കിട്ടുറപ്പിക്കാൻ ഈ ചിത്രത്തിന് സാധിക്കുമെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. എന്തായാലും ദുൽഖർ ചിത്രങ്ങൾ ഒന്നിനു പിറകേ മറ്റൊന്നായി വിജയം കാണുമ്പോൾ പിതാവ് മമ്മൂട്ടിയും കസബയുടെ വിജയം അനിവാര്യമായി മാറിയിരിക്കയാണ്.