കാസർഗോഡ്: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാസർഗോഡ് മണ്ഡലത്തിൽ ഭാഷാ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട സ്ഥാനാർത്ഥിയെ നിർത്താനുള്ള നീക്കം കോൺഗ്രസ്സ് ആരംഭിച്ചു. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ മഹാഭൂരിപക്ഷവും കന്നഡ, തുളു, മറാട്ടി ഭാഷകൾ സംസാരിക്കുന്നവരാണ്. കാസർഗോഡ് നിയമസഭാ മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിൽ ഭാഷാന്യൂനപക്ഷങ്ങൾക്ക് നിർണ്ണായക സാന്നിധ്യമുണ്ട്. അടുത്ത കാലത്തൊന്നും ഭാഷാന്യൂനപക്ഷങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒരു നടപടിയും മുന്നണികളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

കേരള നിയമസഭയിലോ ലോകസഭയിലോ കന്നഡ മേഖലയിൽ നിന്നും സമീപകാലത്തൊന്നും ആരും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. സിപിഐ. ക്കാരാനായ സുബ്ബറാവുവാണ് മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അവസാനത്തെ ആൾ. അതുപോലെ തന്നെ ലോകസഭയിൽ കോൺഗ്രസ്സ് കാരനായ ഐ. രാമറായ്ക്കും സിപിഎം. കാരനായ രാമണ്ണറായ്ക്കും ശേഷം കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽ നിന്നും മറ്റൊരു ഭാഷാ ന്യൂനപക്ഷാംഗവും ലോകസഭയിലെത്തിയിട്ടില്ല. ഇതൊരു അവഗണനയായി കരുതുന്ന ഭാഷാ ന്യൂനപക്ഷങ്ങൾ മഞ്ചേശ്വരം മണ്ഡലത്തിൽ ഒറ്റപ്പെട്ട പ്രതികരണവുമായി രംഗത്തുണ്ട്.

ഭാഷാ ന്യൂനപക്ഷങ്ങൾക്കു കൂടി സ്വീകാര്യനായ ഒരു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ കോൺഗ്രസ്സ് തത്വത്തിൽ തീരുമാനിച്ചിരിക്കയാണ്. മഞ്ചേശ്വരം മണ്ഡലത്തിലെ പൂർണ്ണപിൻതുണയും കാസർഗോട്ടെ പൊതുവേയുള്ള അനുകൂലാവസ്ഥയും വോട്ടാക്കി മാറ്റാൻ കഴിയുമെന്നാണ് കോൺഗ്രസ്സിന്റെ വിശ്വാസം. അതുകൊണ്ടു തന്നെ മുൻ ലോകസഭാംഗവും ഡി.സി.സി. പ്രസിഡണ്ടുമായിരുന്ന ഐ. രാമറായിയുടെ മകൻ അഡ്വ. സുബ്ബയ്യാറായിയെയാണ് കോൺഗ്രസ്സ് കണ്ടു വച്ചിരിക്കുന്നത്. കെപിസിസി. എക്സിക്യൂട്ടീവ് മെമ്പറാണ് സുബ്ബയ്യറായ്.

കഴിഞ്ഞ തവണ കോൺഗ്രസ്സിലെ ടി.സിദ്ദിഖ് ഇടതുമുന്നണിയുടെ കോട്ടയിൽ ശക്തമായ വിള്ളലുയർത്തിയിരുന്നു. കേവലം 6921 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎം. ലെ പി.കരുണാകരൻ കഷ്ടിച്ച് ജയിക്കുകയായിരുന്നു. കാസർഗോഡ് മണ്ഡലത്തിൽ സിപിഎം. ന് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ഇത്. 2009 ലെ തെരഞ്ഞെടുപ്പിൽ 6500 ൽ പരം വോട്ടിന് അതിന് മുന്നത്തെ തെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലേറെ വോട്ടിനും വിജയിച്ച സ്ഥാനത്താണ് ഇങ്ങിനെ ഒരു തിരിച്ചടിയുണ്ടായത്.

സിപിഎം. ലെ സിറ്റിങ് എംപി. കരുണാകരന് ഇനി കാസർഗോഡ് സീറ്റ് ലഭിക്കാനിടയില്ല. പകരം സിപിഎം. ഈ മണ്ഡലത്തിൽ ഹിന്ദുത്വ പ്രീണന നിലപാട് സ്വീകരിക്കുമെന്നാണ് കോൺഗ്രസ്സ് കരുതുന്നത്. എന്നാൽ സിപിഎം.നാണെങ്കിൽ കന്നഡ മേഖലയിൽ ശക്തരായ നേതാക്കളില്ല. പകരം കാസർഗോട്ട് ജനപ്രിയനായ കെ.പി. സതീഷ് ചന്ദ്രനേയോ അതല്ലെങ്കിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരജനേയോ മത്സരിപ്പിക്കണമെന്നാണ് അണികളുടെ ആഗ്രഹം. കെ.സുരേന്ദ്രൻ തന്നെ ലോകസഭാ സ്ഥാനാർത്ഥിയായി മത്സരിക്കണമെന്നാണ് കാസർഗോട്ടെ ബിജെപി.ക്കാർ ആഗ്രഹിക്കുന്നത്. 1,72,826 വോട്ടുകളാണ് കഴിഞ്ഞ തവണ സുരേന്ദ്രൻ നേടിയത്. ശബരിമല വിഷയത്തോടെ സുരേന്ദ്രന് ബിജെപി. പ്രവർത്തകരിൽ വീരപരിവേഷം ഉണ്ടായിട്ടുണ്ട്. അതുകൂടി മുതലെടുത്ത് മത്സരിച്ചാൽ ബിജെപി.ക്ക് ബഹുദൂരം മുന്നോട്ട് പോകാൻ കഴിയുമെന്നാണ് അവർ കരുതുന്നത്.