കുവൈറ്റ് സിറ്റി: കുവൈറ്റിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസറഗോഡ് എക്‌സ്പാറ്റ്സ് അസോസിയേഷൻ - കെ ഇ എ കുവൈറ്റ്, കാസറഗോഡ് ഉത്സവ് 2018 ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂളിൽ വിപുലമായ പരിപാടികളോടെ കൊണ്ടാടി.

പ്രോഗ്രാം കൺവീനർ സി എച് മുഹമ്മദ് കുന്ഹിയുടെ സ്വാഗതത്തോടു കൂടി സാംസ്‌കാരിക സമ്മേളനംആരംഭിച്ചു. കേന്ദ്ര പ്രസിഡന്റ് സത്താർ കുന്നിലിന്റെ അദ്ധ്യക്ഷതയിൽ കുവൈറ്റിലെ പ്രമുഘ വ്യക്തിത്വങ്ങൾ പങ്കെടുത്ത സാംസ്‌കാരിക സമ്മേളനം മുഖ്യ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ കാസറഗോഡ് ഉത്സവിന്റെ മുഖ്യാഥിതിയും ഇത്തവണത്തെ കെ ഇ എ ബിസിനസ് കമ്മ്യൂണിറ്റി അവാർഡ് നേടിയ കാസറഗോഡ് ജില്ലയിലെ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ കുറ്റിക്കോൽ അബൂബക്കറിനെ കെ ഇ എ ചെയർമാൻ എഞ്ചിനീയർ അബൂബക്കർ മൊമെന്റോ നൽകി ആദരിച്ചു. വിശിഷ്ടാതിഥി കുറ്റിക്കോൽ അബൂബക്കറിനെ ഓർഗനൈസിങ് സെക്രട്ടറി നളിനാക്ഷൻ സദസ്സിനുപരിചയപ്പെടുത്തി. അതോടൊപ്പം 40 വർഷത്തെ പ്രവാസ ജീവിതം പൂർത്തിയാക്കിയ 15 കാസറഗോഡ് അസോസിയേഷൻ അംഗങ്ങളെ പ്രത്യേകം മൊമെന്റോ നൽകി ആദരിച്ചത് കുവൈറ്റിലെ സംഘടനാ ചരിത്രത്തിലെ വേറിട്ട അനുഭവമായി. സഗീർ തൃക്കരിപ്പൂർ, എഞ്ചിനീയർ അബൂബക്കർ, ഖലീൽ അടൂർ മൊയ്തു ഇരിയ, അപ്‌സര മഹമൂദ്, അഷ്റഫ് തൃക്കരിപ്പൂർ, ഹമീദ് മധൂർ, നളിനാക്ഷൻ ഒളവറ എന്നിവർ ആശംസകൾ അർപ്പിച്ചു.

സോവനീർ പ്രകാശനം കാസറഗോഡ് ഉത്സവ് 2018 ന്റെ മുഖ്യ സ്‌പോൺസറായ എക്‌സിർ മെഡിക്കൽ സെന്റർ സി ഇ ഒ ഖലീൽ അടൂരിന് നൽകിക്കൊണ്ട് മുഖ്യാഥിതി കുറ്റിക്കോൽ അബൂബക്കർ നിർവഹിച്ചു. ജനറൽ സെക്രട്ടറി സലാം കളനാട് കെ ഇ എ യെ കുറിച്ചും ഈ വർഷത്തെ പദ്ധതികളെ കുറിച്ചും സദസ്സിനു വിശദീകരിച്ചു. സെൻട്രൽ, ഏരിയ കമ്മിറ്റി അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി. കഥ കവിത ലേഖന ചിത്ര രചന മത്സര വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.

കഥ രചനയിൽ ശ്രീനിവാസൻ എം വി , മുഹമ്മദ് ശുഐബ് ഷെയ്ഖ് , ബാലമുരളി എന്നിവരും കവിത രചനയിൽ മുഹമ്മദ് ശുഐയ്ബ്, ആസിഫ് ബാങ്കോട്, സലാം കളനാട് എന്നിവരും ലേഖന മത്സരത്തിൽ സജു സ്റ്റീഫൻ , അസീസ് മൈക്ക, മുഹമ്മദ് ശുഐബ് എന്നിവരും വിജയികളായി. കുട്ടികൾക്ക് നടത്തിയ ചിത്ര രചനയിൽ ഖദീജത് ഷാദാ ഖാലിദ് ജോൺ ജോസെഫ് , സന സിദ്ദിഖ് എന്നിവരും കളറിങ് മത്സരത്തിൽ ഫസൽ ഹനീഫ , ഉത്തര ജയൻ, ആയിഷ ഹനീഫ് എന്നിവരും സമ്മാനാർഹരായി. ട്രഷറർ രാമകൃഷ്ണൻ കള്ളാർ നന്ദി പ്രകാശനം നടത്തി.

തുടർന്ന് അന്തരിച്ച പ്രശസ്ത നടൻ കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ പാടി പ്രവാസ ലോകത്തു വൈറൽ ആക്കിയ പ്രശസ്ത നാടൻ പാട്ട് ഗായകനും മിമിക്രി കലാകാരനും കോമഡി ഉത്സാവ് ഫെയിമുമായ കെ കെ കോട്ടിക്കുളം മാപ്പിളപ്പാട്ട് രംഗത്തെ പുത്തൻ താരോദയം ഫിറോസ് നാദാപുരം എന്നിവർ ചേർന്ന് സംഗീത സന്ധ്യ, ഭരതനാട്യം, പൂരക്കളി, തിരുവാതിരക്കളി, ഒപ്പന, കോൽക്കളി, സിനിമാറ്റിക് ഡാൻസ്, നൗഷാദ് തിടിൽ അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ കെ ഇ എ ബാൻഡ് അംഗങ്ങൾ ചേർന്ന് അവതരിപ്പിച്ച ഗാനമേള തുടങ്ങിയ വൈവിധ്യമാർന്ന കലാ പരിപാടികൾ അവതരിപ്പിച്ചു.