കാസർഗോഡ്: തിരുപ്പതി വെങ്കിടാചലപതിയെ കണ്ട് വണങ്ങാൻ സുന്ദരി ആഗ്രഹം പ്രകടിപ്പിച്ചിട്ട് കാലമേറെയായി. മുഴുവൻ സമയവും വീട്ടിനകത്ത് ഒതുങ്ങിക്കഴിയുന്ന സുന്ദരി വല്ലപ്പോഴും ക്ഷേത്ര ദർശനത്തിന് മാത്രമേ പുറത്തിറങ്ങാറുള്ളൂ. അങ്ങനെയാണ് ഇന്നലെ ഉച്ചയോടെ പത്ത് പേരടങ്ങുന്ന സംഘം കുമ്പള നായിക്കാപ്പിൽ നിന്നും തിരുപ്പതി ദർശനത്തിന് പുറപ്പെട്ടത്. എന്നാൽ സുന്ദരിയും ഭർത്താവ് മഞ്ചപ്പഗട്ടി, ഭർതൃസഹോദൻ പക്കീരഗട്ടി, ബന്ധുവായ സദാശിവൻ എന്നിവർക്ക് ജീവൻ നഷ്ടപ്പെടാൻ ഈ യാത്ര കാരണമായി.

തിരുപ്പതിക്ഷേത്രത്തിലെത്താൻ 140 കിലോ മീറ്റർ മാത്രം അവശേഷിച്ചിരിക്കേയാണ് ഇവരെ അപകട മരണം തട്ടിയെടുത്തത്. നാല് പേരുടെ മരണവാർത്ത കേട്ടാണ് നായിക്കാപ്പ് പ്രദേശം ഇന്ന് ഉണർന്നത്. ഇന്നലെ ഉച്ചക്കാണ് പത്തുപേരടങ്ങുന്ന സംഘം നായിക്കാപ്പിൽ നിന്നും തിരുപ്പതി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടത്. ഇവർ സഞ്ചരിച്ച സൈലോ ജീപ്പിന് പിറകിൽ ടൂറിസ്റ്റ് ബസിടിച്ചാണ് അപകടം.

ഇന്ന് പുലർച്ചേ മൂന്ന് മണിയോടെ ആന്ധ്ര പ്രദേശ് , ചിറ്റൂർ, ബംഗാരുപ്പാല പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്. ജീപ്പ് ഡ്രൈവർ കുമ്പള പെർവാഡിലെ ഉമേഷ് (40), ഓട്ടോ ഡ്രൈവറായ ഹരീശൻ(30), കുമ്പള സ്വദേശികളായ ലക്ഷ്മി, ബോജ, മാധവ, നാഗേഷ്, എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ ചിറ്റൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സഹോദരങ്ങളുടേയും മഞ്ചപ്പ ഗട്ടിയുടെ ഭാര്യ സുന്ദരിയുടേയും മരണം നാടിനെ കണ്ണീരിലാഴ്‌ത്തിയിരിക്കയാണ്. ഇവരെല്ലാം കർഷകരാണ്. ഗിരിജയാണ് മരിച്ച പക്കീര ഗട്ടിയുടെ ഭാര്യ. രാജ, ഗീത, സതീശൻ, സരിത, അനിത, കവിത, സുജിത്ര, എന്നിവർ മക്കളാണ്. മരിച്ച മഞ്ചപ്പഗട്ടി, സുന്ദരി ദമ്പതികളുടെ മക്കൾ വിശാ ലക്ഷ്മി, അരുണാക്ഷി, സുഹാസിനി, ഭവ്യ ശ്രീകാന്ത്, എന്നിവരാണ്. മരിച്ച സദാശിവൻ കോൺക്രീറ്റ് തൊഴിലാളിയാണ്. ബാബു ഗട്ടി, സുന്ദരി ദമ്പതികളുടെ മകനാണ്.