കാസ്ഗഞ്ച്: യുപി തിരഞ്ഞെടുപ്പിനെ തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ വളർന്ന് വന്ന സംഘർഷമാണ് കാസ്ഗഞ്ചിലെ അക്രമങ്ങളിലേക്ക് നയിച്ചത്. ബിജെപിയുടെ ജയം ആ പാർട്ടിയെ മത്തുപിടിപ്പിച്ചെന്ന് മുസ്ലീങ്ങളും, തോൽവിയിൽ നിരാശ പൂണ്ടാണ് മുസ്ലീങ്ങൾ അക്രമങ്ങൾ അഴിച്ചുവിടുന്നതെന്ന് ബിജെപിയും ആരോപിക്കുന്നു. റിപ്പബിക് ദിനത്തിൽ രാവിലെ 9 മണിക്ക് തന്നെ കാസ്ഗഞ്ചിൽ വലിയൊരു അക്രമത്തിന് കളമൊരുങ്ങി കഴിഞ്ഞിരുന്നു. ബഡ്ഡുനഗറിലെ ഒരു ഇടുങ്ങിയ തെരുവിലൂടെ വിശ്വഹിന്ദുപരിഷത്തിന്റെ മോട്ടോർ ബൈക്ക് റാലി കടന്നുപോകുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിലേക്ക് നീങ്ങിയത്.

റിപ്പബ്ലിക് ദിനത്തിന് മൂന്ന് നാൾ മുമ്പ് തന്നെ പട്ടണത്തിലെ ചരിത്രപ്രസിദ്ധമായ ചാമുണ്ഡ ക്ഷേത്രത്തിലുണ്ടായ ഒരുസംഭവം അക്രമത്തിന് കളമൊരുക്കിയിരുന്നു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടെ ക്ഷേത്രാങ്കണം വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഉപയോഗിക്കാറുണ്ട്. ക്ഷേത്രസ്വത്തിലൂടെയുള്ള മുസ്ലീങ്ങളുടെ സഞ്ചാരം ഹിന്ദുവിഭാഗത്തെ ചൊടിപ്പിക്കുകയും, തിരഞ്ഞെടുപ്പ് വിഷയമാകുകയും ചെയ്തിരുന്നു.

2017 ലെ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയുടെ വാഗ്ദാനം തന്നെ മതിലുകൾക്കിടെയിൽ ഒരു ഗേറ്റ് നിർമ്മിക്കാമെന്നതായിരുന്നു.ജനുവരി 23 ന് ഈ ഗേറ്റ് സ്ഥാപിക്കുന്നതിന് മുന്നോടിയായി ബാരിക്കേഡുകൾ സ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ തന്നെ എതിർപ്പുകൾ ഉയർന്നു. മൂന്ന് ദിവസത്തിന് ശേഷം റിപ്പബ്ലിക് ദിനത്തിൽ നിർദ്ദേഷമായി നടക്കേണ്ട ബൈക്ക് റാലി വലിയൊരു വർഗീയ സംഘർഷത്തിലേക്ക് വഴുതി വീഴുകയും ചെയ്തു.

അതേസമയം, കാസ്ഗഞ്ചിലെ വർഗീയസംഘർഷവും അക്രമവും സംസ്ഥാനത്തിനു കളങ്കമായെന്നും കഴിഞ്ഞ പത്തു മാസത്തിനുള്ളിൽ ആദ്യത്തെ സംഭവമാണിതെന്നും ഉത്തർപ്രദേശ് ഗവർണർ റാം നായിക് കുറ്റപ്പെടുത്തിയിരുനനു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്ന് അദ്ദേഹം യുപി സർക്കാരിനോട് ആവശ്യപ്പെട്ടു.

സംഘർഷാവസ്ഥ മാറിയിട്ടില്ലെങ്കിലും കാസ്ഗഞ്ച് സാധാരണനിലയിലേക്കു മടങ്ങിത്തുടങ്ങി. ഇവിടത്തെ പൊലീസ് സൂപ്രണ്ട് സുനിൽകുമാർ സിങ്ങിനെ പൊലീസ് ട്രെയിനിങ് സ്‌കൂളിലേക്കു സ്ഥലംമാറ്റി. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടു 118 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് കനത്ത ജാഗ്രത പുലർത്തുന്നു. കടകൾ തുറന്നുതുടങ്ങി. മൂന്നു ഡ്രോൺ ക്യാമറകളുടെ സഹായത്തോടെ വ്യോമനിരീക്ഷണവും തുടങ്ങി. ഇതുവരെ രജിസ്റ്റർ ചെയ്ത അഞ്ചു കേസുകൾ ഇന്ത്യൻ ശിക്ഷാനിയമം, ദേശീയപതാക നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരമാണ്.

വീടുകയറി നടത്തിയ തിരച്ചിലിൽ സ്‌ഫോടകവസ്തുക്കൾ കണ്ടെടുത്തതിനാൽ ദേശീയ സുരക്ഷാ നിയമ (എൻഎസ്എ) പ്രകാരവും കേസെടുക്കും. കേസന്വേഷണത്തിനു പ്രത്യേകസംഘത്തെ നിയോഗിച്ചു. റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ചു നടത്തിയ ബൈക്ക് റാലിക്കു നേരെ കല്ലേറുണ്ടാവുകയും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ചന്ദൻ ഗുപ്ത എന്ന യുവാവ് മരണപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടർന്നു പൊട്ടിപ്പുറപ്പെട്ട അക്രമത്തിൽ മൂന്നു കടകളും രണ്ടു സ്വകാര്യ ബസുകളും ഒരു കാറും അഗ്‌നിക്കിരയായി. ചന്ദൻ ഗുപ്തയുടെ കുടുംബത്തിന് 20 ലക്ഷം രൂപയുടെ സഹായധനം സർക്കാർ നൽകി.

പ്രതിപക്ഷ കക്ഷികളായ ബിഎസ്‌പിയും സമാജ്വാദി പാർട്ടിയും സർക്കാരിനെ നിശിതമായി വിമർശിച്ചു. യുപിയിൽ എല്ലാ തലത്തിലും ക്രിമിനവൽക്കരണമാണു നടക്കുന്നതെന്നു ബിഎസ്‌പിയും സർക്കാർ തന്നെയാണു കാസ്ഗഞ്ചിൽ ലഹളയ്ക്ക് അവസരമൊരുക്കുന്നതെന്നു സമാജ്വാദി പാർട്ടിയും കുറ്റപ്പെടുത്തി. ഉന്നതതല അന്വേഷണം നടത്തണമെന്നു കോൺഗ്രസിന്റെ രാജ്യസഭാംഗം പ്രമോദ് തിവാരി ആവശ്യപ്പെട്ടു.