ന്യൂഡൽഹി: മൂന്നു ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശനിയാഴ്ച ജമ്മു കശ്മീരിൽ എത്തുന്നത് വ്യക്തമായ പദ്ധതികളുമായി. കശ്മീരിൽ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവർ ഉൾപ്പെടെ സാധാരണക്കാർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ സന്ദർശനം. തീവ്രവാദികൾക്കെതിരെ നടപടി ശക്തമാക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച ചർച്ചകൾ അമിത് ഷാ നടത്തും.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷം ആദ്യമായാണ് അമിത് ഷാ ഇവിടെ സന്ദർശിക്കുന്നത്. കശ്മീരിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. ഈ യോഗത്തിൽ വ്യക്തമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കും. പൊലീസും സൈന്യവും അർദ്ധ സൈനിക വിഭാഗവും ചേർന്നുള്ള പുതിയ ഓപ്പറേഷനാകും ആസൂത്രണം ചെയ്യുക. സർജിക്കൽ സ്‌ട്രൈക്കിലേക്ക് വീണ്ടും കാര്യങ്ങൾ എത്താനും സാധ്യതയുണ്ട്.

അമിത് ഷാ താമസിക്കുന്ന ഗുപ്കർ റോഡിലെ രാജ്ഭവന് 20 കിലോമീറ്റർ ചുറ്റളവിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചകളിലായി പതിനൊന്നോളം സാധാരണക്കാരാണ് ഇവിടെ കൊല്ലപ്പെട്ടത്. അമിത് ഷാ സന്ദർശിക്കാൻ സാധ്യതയുള്ള ജവഹർ നഗറിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ അർധസൈനിക സേനയെ മേഖലയിൽ വിനിയോഗിക്കും. സ്‌നൈപ്പർമാരെയും ഷാർപ്പ് ഷൂട്ടർമാരെയും നിയോഗിക്കുമെന്നും ഡ്രോൺ നിരീക്ഷണം ശക്തമാക്കുമെന്നും അധികൃതർ പറഞ്ഞു.

സന്ദർശനത്തിന്റെ ആദ്യ ദിനം ശ്രീനഗറിൽനിന്ന് ഷാർജയിലേക്കു നേരിട്ടുള്ള വിമാന സർവീസ് ഉദ്ഘാടനം ചെയ്യും. അതിനു പുറമേ കശ്മീരിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തെയും അമിത് ഷാ സന്ദർശിക്കും. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരുമായി മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തും. ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ നിരന്തരമായി നടക്കുന്ന അക്രമം നിരവധി കുടിയേറ്റ തൊഴിലാളികളെ കശ്മീർ താഴ്‌വര വിട്ടുപോകാൻ നിർബന്ധിതരാക്കിയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ ഞായറാഴ്ച തീവ്രവാദികൾ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കൂടി വധിച്ചിരുന്നു. സമീപ ആഴ്ചകളിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് തുടർച്ചയായി ആക്രമണങ്ങൾ നടക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ജമ്മുകശ്മീരിൽ അതീവ ജാ?ഗ്രതയാണ് പുലർത്തുന്നത്. അക്രമസംഭവങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ സുരക്ഷാ സേന ശക്തമായ പരിശോധനകൾ നടത്തുന്നുണ്ട്. കുടിയേറ്റക്കാരെ വകവരുത്തുന്നത് പ്രാദേശിക വാദം ശക്തമാക്കാനാണ്. കാശ്മീർ ഇന്ത്യയുടേത് എന്ന സന്ദേശം ഇതിനിടെ നൽകാനാണ് അമിത് ഷായുടെ ശ്രമം.

അമിത് ഷായുടെ സന്ദർശനത്തിന്റെ ഭാ?ഗമായി താഴ്‌വരയിലുടനീളം സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും ശ്രീനഗറിൽ സുരക്ഷാ സേന പരിശോധന ശക്തമാക്കിയിട്ടുണ്ട്. ലഫ്റ്റനന്റ് ?ഗവർണർ മനോജ് സിൻഹയുമായും കേന്ദ്ര സായുധ സേനയിലെ ഉദ്യോ?ഗസ്ഥരുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തും.