കാശ്മീരിൽ ആഴ്ചകളായി തുടരുന്ന സംഘർഷത്തിന് അയവ്. കാശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ കർഫ്യൂവിനാണ് അന്ത്യം കുറിച്ചിരിക്കുന്നത്. പുൽവാനമ ടൗണിലും ശ്രീനഗറിന്റെ ചില ഭാഗങ്ങളിലുമൊഴികെയുള്ള സ്ഥലങ്ങളിൽനിന്ന് 51 ദിവസം നീണ്ട കർഫ്യൂ പിൻവലിച്ചു.

സംഘർഷത്തിന് അയവുവന്നതോടെ കാശ്മീർ താഴവര വീണ്ടും സമാധാനത്തിന്റെ പാതയിലേക്ക് മടങ്ങുകയാണ്. പുൽവാമയിലും എം.ആർ.ഗുഞ്ജ്, നൗവാറ്റ പൊലീസ് സ്‌റ്റേഷനുകളുടെ പരിധിയിലും ഒഴികെയുള്ള പ്രദേശങ്ങളിൽനിന്ന് കർഫ്യൂ പിൻവലിക്കാൻ തീരുമാനിച്ചതായി പൊലീസ് വക്താവ് പറഞ്ഞു.

തെക്കൻ കാശ്മീരിലെ സംഗാം, അനന്തനാഗിലെ അശാജിപ്പോര, ഷോപ്പിയാനിലെ നദിഗാം എന്നിവിടങ്ങളിലുണ്ടായ ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാൽ ഞായറാഴ്ച കാശ്മീർ പൊതുവെ ശാന്തമായിരുന്നു. വിമത നേതാക്കളെയും അവരുടെ അനുയായികളെയും അറസ്റ്റ് ചെയ്തും അക്രമികളെ ശക്തമായി നേരിട്ടുമാണ് പൊലീസ് സമാധാനം പുനഃസ്ഥാപിച്ചത്.

കഴിഞ്ഞ ദിവസം നടത്തിയ മൻ കി ബാത്ത് പ്രഭാഷണത്തിലും മോദി കാശ്മീർ താഴ്‌വരയിൽ സമാധാനം പുനഃസ്ഥാപിക്കേണ്ടത് എടുത്തുപറഞ്ഞിരുന്നു. കുട്ടികളെ കല്ലെറിയാൻ പ്രേരിപ്പിക്കുന്നവർ ഒരുദിവസം അവരോട് സമാധാനം പറയേണ്ടിവരുമെന്നായിരുന്നു മോദിയുടെ പ്രസ്താവന.

കാശ്മീർ ജനതയുടെ വിശ്വാസം കൂടി സ്വന്തമാക്കുന്ന രീതിയിലാണ് മോദി തന്റെ പ്രസംഗം ചിട്ടപ്പെടുത്തിയിരുന്നത്. കാശ്മീരിൽ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെടുന്നത് പ്രക്ഷോഭകാരിയാണെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥനാണെങ്കിലും നഷ്ടം രാഷ്ട്രത്തിനാണെന്ന് മോദി പറഞ്ഞു. ജമ്മു കാശ്മീരിൽ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും പ്രതിപക്ഷ പ്രതിനിധി സംഘവും ശനിയാഴ്ച മോദിയെ സന്ദർശിച്ചിരുന്നു.

എല്ലാ രാഷ്ട്രീയ പാർട്ടികളും കാശ്മീരിൽ സമാധാനം കൊണ്ടുവരണമെന്നുതന്നെയാണ് ആവശ്യപ്പെടുന്നത്. വിമത നേതാക്കളും അതേ ആശയത്തിന് അനുകൂലമാണ്. എല്ലാ സംഘർഷങ്ങൾക്കും അയവുവരണമെങ്കിൽ ഐക്യത്തോടെയും സഹജീവി ഭാവത്തോടെയും പെരുമാറേണ്ടത് ആവശ്യമാണെന്നും മോദി പറഞ്ഞു.