സംഘർഷങ്ങളും ഏറ്റുമുട്ടലുകളുംകൊണ്ട് കലുഷിതമായിരുന്ന ജമ്മു കാശ്മീർ പെട്ടെന്ന് ശാന്തമായി കല്ലേറിന്റെയും ലാത്തിച്ചാർജിന്റെയും വെടിവെപ്പിന്റെയും വാർത്തകൾ അവിടെനിന്ന് കേൾക്കാതായി. കാശ്മീരിലെ ഈ ശാന്തതയ്ക്ക് പിന്നിൽ നോട്ട് അസാധുവാക്കലുമായി എന്താണ് ബന്ധം? ഏതായാലും കടകളൊക്കെ തുറന്ന് സാധാരണ നിലയിലേക്ക് മടങ്ങുകയാണ് കാശ്മീർ ഇപ്പോൾ.

ഓഫീസുകളും ഷോപ്പുകളും മറ്റ് സ്ഥാപനങ്ങളും സാധാരണ പോലെ പ്രവർത്തിക്കാൻ തുടങ്ങി. ജനങ്ങൾ ധൈര്യപൂർവം നഗരത്തിലേക്ക് ഇറങ്ങുന്നു. ജൂലൈ എട്ടിന് ഹിസ്ബുൾ മുജാഹിദീൻ നേതാവ് ബുർഹൻ വാണിയെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചതിനെത്തുടർന്നുണ്ടായ നാലുമാസം നീണ്ട സംഘർഷത്തിന് അയവുവന്നു. വാഹനങ്ങൾ സാധാരണ പോലെ നിരത്തിലിറങ്ങാൻ തുടങ്ങിയതോടെ, നഗരം പൂർണതോതിൽ ഉണർന്നു.

കാശ്മീരിലെ പ്രശ്‌നങ്ങൾ അവസാനിപ്പിച്ചതിന് പിന്നിൽ നോട്ട് അസാധുവാക്കലിന് നിർണായക പങ്കുണ്ടെന്ന് കേന്ദ്ര സർക്കാർ പറയുന്നു. കല്ലേറും മറ്റ് അക്രമങ്ങളും നടത്തിക്കൊണ്ടിരുന്ന വലിയ സംഘത്തിന് പണം കിട്ടാതായതോടെ അവർ അതിൽനിന്ന് പിന്മാറി. കറൻസി ക്ഷാമത്തോടെ തീവ്രവാദി പ്രവർത്തനങ്ങൾക്ക് വലിയ തോതിൽ തിരിച്ചടി നേരിട്ടു. അതിർത്തിക്കപ്പുറത്തുനിന്നുള്ള കള്ളപ്പണത്തിന്റെ ഒഴുക്ക് നിലച്ചതും കാശ്മീരിനെ ശാന്തമാക്കിയതായി കേന്ദ്രം വിലയിരുത്തുന്നു.

ഏതായാലും, 86 പേരുടെ മരണത്തിനും ആയിരക്കണക്കിനാളുകൾക്ക് പരിക്കേൽക്കുന്നതിനും കാരണമായ സംഘർഷം കാശ്മീർ ജനത മറന്ന മട്ടാണ്. കുട്ടികൾ പൊതുഗതാഗത മാർഗങ്ങളുപയോഗിച്ച് സ്‌കൂളിലേക്ക് പോകുന്നതും ബാങ്കുകളും പോസ്റ്റ് ഓഫീസുകളുമുൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ഇടപാടുകൾ പുനരാരംഭിച്ചതും കാശ്മീരിനെ സജീവമാക്കി. പോസ്റ്റ്‌പെയ്ഡ് ഫോണുകളിൽ ഇന്റർനെറ്റ് സംവിധാനം വീണ്ടും ഏർപ്പെടുത്താനും ഇതോടെ അധികൃതർ തയ്യാറായി.

സംഘർഷഭരിതമായ നാലുമാസങ്ങൾക്കുശേഷം കാശ്മീരിൽ ജനജീവിതം സാധ്യമാക്കുന്നതിൽ നോട്ട് അസാധുവാക്കലിന് ഗണ്യമായ പങ്കുണ്ടെന്ന് അവിടുത്തുകാരും വിശ്വസിക്കുന്നു. മാസങ്ങളോളം നീണ്ട നിരോധനാജ്ഞയും അക്രമങ്ങളും സ്‌ഫോടനങ്ങളും കാശ്മീരിൽ ജനജീവിതം തീർത്തും ദുസ്സഹമാക്കിയിരുന്നു. ശൈത്യകാലം വരാനിരിക്കെ, ആളുകൾക്ക് സാധാരണ ജീവിതത്തിനുവേണ്ട കരുതലുകളെടുക്കാനും ഈ ശാന്തത അവസരമൊരുക്കുമെന്ന് അവർ കരുതുന്നു.