- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കില്ല; മാധ്യമ റിപ്പോർട്ടുകൾ തള്ളി കേന്ദ്രസർക്കാർ; രാഷ്ട്രീയ പാർട്ടികളുടെ യോഗം 24ന് വിളിച്ചത് തിരഞ്ഞെടുപ്പിനു മുന്നോടിയായി; പുതിയ കേന്ദ്രഭരണ പ്രദേശങ്ങളുടെ അതിർത്തി പുനർനിർണയവും ചർച്ചയാകുമെന്ന് വിശദീകരണം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 24ന് ജമ്മു കശ്മീരിലെ രാഷ്ട്രീയ നേതാക്കളുടെ യോഗം വിളിച്ചത് സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതു സംബന്ധിച്ചു ചർച്ച ചെയ്യാനെന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി കേന്ദ്രസർക്കാർ. തിരഞ്ഞെടുപ്പിനു മുന്നോടിയായി, പുതിയ കേന്ദ്രഭരണ പ്രദേശങ്ങളുടെ അതിർത്തി പുനർനിർണയ ചർച്ചയ്ക്കാണു യോഗം വിളിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ കാശ്മീരിന് സംസ്ഥാന പദവി നൽകുന്നതിന്റെ ഭാഗമായാണ് യോഗം വിളിച്ചത് എന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. ഈ വാർത്ത വലിയ തോതിൽ പ്രചരിച്ചതോടെയാണ് കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.
ഉചിതമായ സമയത്ത് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്നു കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോൾ സാഹചര്യമായിട്ടില്ലെന്നാണു വിലയിരുത്തൽ. സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്ന വിഷയം യോഗത്തിൽ ചർച്ച ചെയ്യാമെങ്കിലും അത്തരം ഏതൊരു നടപടിക്കും പാർലമെന്റിന്റെ അനുമതി ആവശ്യമാണ്. സംസ്ഥാന പദവി തിരികെ നൽകിയാലും ഭരണഘടനയുടെ 370ാം വകുപ്പുപ്രകാരം ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന കാര്യം ഇനി സർക്കാർ ആലോചിക്കുന്നു പോലുമില്ലെന്നും അധികൃതർ സൂചിപ്പിച്ചു.
ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പു നടത്താൻ സർക്കാർ ഇപ്പോൾ ഒരുക്കമാണ്. അതിനു മുന്നോടിയായി അതിർത്തി പുനർനിർണയം പൂർത്തീകരിക്കേണ്ടതുണ്ട്. നിയമസഭാ, ലോക്സഭാ മണ്ഡലങ്ങളുടെ അതിർത്തി ഉൾപ്പെടെ പുനർനിർണയിക്കണം. ഇതിനായി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിൽ കഴിഞ്ഞവർഷം കമ്മിഷൻ രൂപീകരിച്ചിരുന്നു. എല്ലാ ജില്ലാ കമ്മിഷണർമാരിൽനിന്നു കമ്മിഷൻ റിപ്പോർട്ടു തേടി. ഇതനുസരിച്ചായിരിക്കും അതിർത്തി പുനർനിർണയം.
പിഡിപി, നാഷനൽ കോൺഫറൻസ് ഉൾപ്പെടെ ജമ്മു കശ്മീരിലെ എട്ടു രാഷ്ട്രീയ പാർട്ടികളിലെ 14 നേതാക്കളെയാണ് വ്യാഴാഴ്ച ഡൽഹിയിൽ നടക്കുന്ന യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. 2019 ഓഗസ്റ്റിൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും റദ്ദാക്കിയശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീർ നേതാക്കളുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണ് ഇത്. നാഷനൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല, ഹസ്നാനിൻ മസൂദി, മുഹമ്മദ് അക്ബർ എന്നിവർ കമ്മിഷണർ നേരത്തേ വിളിച്ച യോഗങ്ങൾ ബഹിഷ്കരിച്ചിരുന്നു.
തുടർനടപടികൾ ചർച്ച ചെയ്യുന്നതിനു നാഷനൽ കോൺഫറൻസ് ഞായറാഴ്ച യോഗം ചേരുന്നുണ്ട്. മെഹബൂബ മുഫ്തിയുടെ പിഡിപിയും കേന്ദ്രസർക്കാരിന്റെ ക്ഷണം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനു യോഗം ചേരും. 2018 ജൂണിൽ ബിജെപി പിഡിപിക്കുള്ള പിന്തുണ പിൻവലിച്ചതു മുതൽ ജമ്മു കശ്മീർ രാഷ്ട്രപതി ഭരണത്തിലായിരുന്നു. 2019 ഓഗസ്റ്റിൽ കേന്ദ്ര സർക്കാർ ജമ്മു കശ്മീരിനെ വിഭജിച്ച്, ജമ്മു കശ്മീർ, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കി.
മറുനാടന് മലയാളി ബ്യൂറോ