- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാശ്മീരിൽ പാക് തീവ്രവാദികളുടെ തല തകർത്ത ധീരജവാൻ അഖിൽ കുമാർ വിവാഹിതനായി; വധു ബി.എഡ് വിദ്യാർത്ഥിനി ജാൻവി; 'ഭീകരാക്രമണത്തിൽ ഒരു കാൽ നഷ്ടപ്പെട്ടെങ്കിലും അഖിലിന്റെ ആ കാലിന് പകരം ജീവിതത്തിന് താങ്ങായി ഉണ്ടാകും; താൻ സ്നേഹിച്ചത് അദ്ദേഹത്തിന്റെ മനസ്സിനെയും ധീരതയെയും; അദ്ദേഹത്തെ കയ്യൊഴിഞ്ഞാൽ രാജ്യദ്രോഹത്തിന് സമാനമല്ലേയെന്നും ജാൻവി
കൊല്ലം: തീവ്രവാദി ആക്രമണത്തിൽ വലതുകാൽ നഷ്ടപ്പെട്ടെങ്കിലും പാക്കിസ്ഥാൻ തീവ്രവാദിയുടെ തല തകർത്ത ധീര ജവാൻ പുനലൂർ വെഞ്ചേമ്പ് സ്വദേശി നായിക് അഖിൽ കുമാർ വിവാഹിതനായി. പുനലൂർ കരുകോൺ പാലൂർ വീട്ടിൽ രാധാകൃഷ്ണപിള്ളയുടെയും സരളാദേവിയുടെയും മകൾ ജാൻവി ആർ കൃഷ്ണയെയാണ് വിവാഹം കഴിച്ചത്. കരുകോൺ ആലപ്പൻദേവ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായാണ് വിവാഹം നടന്നത്. ജാൻവി ചിതറയിലെ ഒരു കോളേജിൽ ബി.എഡ് വിദ്യാർത്ഥിനിയാണ്. ഒരു കാൽ നഷ്ടപ്പെട്ടെങ്കിലും അഖിലിന്റെ ആ കാലിന് പകരം ജീവിതത്തിന് താങ്ങായി ഉണ്ടാകും എന്ന് ജാൻവ് മറുനാടനോട് പറഞ്ഞു.
'കാൽ നഷ്ടപ്പെട്ടതുകൊണ്ട് വേണ്ട എന്ന് വയ്ക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു. പലരും വിവാഹത്തിൽ നിന്നും പിന്മാറാൻ ഉപദേശിച്ചിരുന്നു. എന്നാൽ ഞാൻ സ്നേഹിച്ചത് അദ്ദേഹത്തിന്റെ മനസ്സിനെയും ധീരതയെയുമാണ്. സ്വന്തം രാജ്യത്തിന് വേണ്ടിയാണ് കാൽ നഷ്ടപ്പെട്ടത്. അതായത് എന്നെ പോലെയുള്ള ഇന്ത്യൻ ജനതയെ സംരക്ഷിക്കാൻ വേണ്ടി. അങ്ങനെയുള്ള പ്പോൾ ഞാൻ അദ്ദേഹത്തെ കയ്യൊഴിഞ്ഞാൽ രാജ്യദ്രോഹത്തിന് സമാനമല്ലേ. എന്റെ ഭർത്താവ് രാജ്യത്തിന് വേണ്ടി പോരാടിയ ഒരു ജവാനാണെന്ന് എനിക്ക് അഭിമാനത്തോടെ പറയാം. സൗന്ദര്യം ഏതു സമയവും നശിക്കാം. സ്നേഹം ആത്മാർത്ഥമായതെങ്കിൽ അതാണ് ഏറ്റവും വലിയ സൗന്ദര്യം. അഖിലേട്ടനൊപ്പം അഭിമാനത്തോടെ ഞാൻ ജീവിക്കും'- വിവാഹ ശേഷം ജാൻവി പറഞ്ഞു. കാശ്മീർ മച്ചിൽ നട്ട തീവ്രവാദി ആക്രമണവും അക്രമണത്തിൽ തീവ്രവാദികളെ വധിച്ചതും അഖിലിന്റെ ഒരു കാൽ നഷ്ടപ്പെട്ടതും അടുത്തിടെയാണ് സോഷ്യൽ മീഡിയ വഴി എല്ലാവരും അറിയുന്നത്. അതോടെ നാടൊട്ടുനിന്നും അഖിലിന് അഭിനന്ദനങ്ങളും ആദരവും ലഭിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് വിവാഹം നടന്നത്. ഇപ്പോൾ വിവാഹവും നാട്ടുകാർ ആഘോഷിക്കുകയാണ്.
അഖിൽകുമാറിന്റെ കഥ ഇങ്ങനെയാണ്:
അഖിൽ കുമാർ മദ്രാസ് റെജിമെന്റിൽ ജവാനായിരുന്നു. കാശ്മീർ മച്ചിൽ സെക്ടറിൽ തീവ്രവാദികളെ തുരത്താനായി അഖിൽ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം പുഴയുടെ അരികിൽ തമ്പടിച്ചിരിക്കുന്നതിനിടെയാണ് തീവ്രവാദി സാന്നിധ്യമുണ്ടെന്ന് ബ്രാവോ ടീമിന്റെ മുന്നറിയിപ്പ് ലഭിക്കുന്നത്. സമയം രാത്രി 11.30. കമാണ്ടറുടെ നിർദ്ദേശ പ്രകാരം സംഘം പുഴയുടെ മുകളിലേക്ക് കയറാൻ തുടങ്ങി. കൊടും തണുപ്പും ഇരുട്ടും വകവയ്ക്കാതെ സംഘം തീവ്രവാദികൾക്കായുള്ള തിച്ചിൽ തുടർന്നു. പലപ്പോഴും കണ്ണുകാണാൻ കഴിയാതെ ഇരുട്ടത്ത് ഉരുളൻ കല്ലുകൾക്ക് മുകളിൽ നിന്നും തെന്നിവീണും തപ്പി തടഞ്ഞും മുകളിലേക്ക് മാറി സ്റ്റോപ്പിട്ടു. അവിടെയിരുന്നു ചുറ്റുപാടുമുള്ള പ്രദേശം വീക്ഷിക്കാൻ കഴിയും. സമയം പുലർച്ചെ 3.30 ആയപ്പോൾ രണ്ടു പേർ പുഴയുടെ എതിർവശത്തുകൂടി നടക്കുന്നതായി ഇവർ കണ്ടു. ഉടൻ തന്നെ കമാണ്ടറും അഖിലും മറ്റൊരു ജവാനും ഒരു സ്ഥലത്ത് പതുങ്ങി കിടന്നു. ഒരു ഹവീൽദാറും ജവാനും കുറച്ചു മാറി പതുങ്ങി.
നടന്നു വരുന്നവർ തീവ്രവാദികളാണോ എന്ന് ഉറപ്പിക്കാനായി നൈറ്റ് സർവൈലൻസസ് സിസ്റ്റം(പി.എൻ.വി.ജി) ഉപയോഗിച്ച് നിരീക്ഷിച്ചു. ഇരുവരുടെയും കൈകളിൽ തോക്കുകളും ബാഗുകളും കണ്ടതോടെ തീവ്രവാദികളാണെന്ന് ഉറപ്പിച്ചു. ഉടൻ തന്നെ കമാണ്ടർ വെടിയുതിർക്കാൻ നിർദ്ദേശം നൽകി. അഞ്ചു പേരും ഒരുമിച്ച് വെടിയുതിർത്തതോടെ ഒരു തീവ്രവാദി വെടിയേറ്റു വീണു. രണ്ടാമത്തയാൾ അവിടെയുണ്ടായിരുന്ന ഒരു വലിയ കല്ലിന് മറവിൽ ഒളിച്ചിരുന്നു. അവിടേക്ക് വീണ്ടും തുരുതുരാ വെടിയുതിർത്തെങ്കിലും തീവ്രവാദിയുടെ മേൽ ഒന്നും ഏറ്റില്ല. കൂടാതെ അയാളുടെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടായതുമില്ല. ഇതോടെ കമാണ്ടർ വെടിവയ്പ്പ് നിർത്താൻ പറഞ്ഞു. വെറുതെ വെടിവച്ചാൽ കയ്യിലുള്ള തിരകൾ തീർന്നു പോകുമെന്നും പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഭാഗത്ത് നിന്നും കല്ലിന് മറവിൽ ഒളിച്ചിരിക്കുന്ന തീവ്രവാദിയെ ലക്ഷ്യം വച്ച് തോക്കുമായി സസൂഷ്മം വീക്ഷിച്ചു കൊണ്ടിരുന്നു.
സമയം കടന്നു പോയിക്കൊണ്ടിരുന്നു തീവ്രവാദിയുടെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവുമില്ല. നേരം പുലർന്ന് 6.30 ആയപ്പോൾ തീവ്രവാദി ആദ്യ വെടി പൊട്ടിച്ചു. അഖിലിന്റെ വലതുകാലിന്റെ മുട്ടിലായിരുന്നു അത് തറച്ചത്. തിരിച്ച് വെടി വയ്ക്കുന്നതിനിടയിൽ ഒപ്പുണ്ടായിരുന്ന മറ്റൊരു ജവാന്റെ നെഞ്ചിൽ വെടി കൊണ്ടു. അദ്ദേഹത്തിന് അഖിൽ സി.പി.ആർ കൊടുക്കാൻ ശ്രമിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. തീവ്രവാദി കല്ലിന് മറവിൽ നിന്നാണ് വെടിവച്ചതെങ്കിലും കാണാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടയിൽ വെടിയേറ്റ അഖിലിന്റെ കാലിൽ നിന്നും രക്തം നന്നായി വാർന്നു പോകുന്നുണ്ടായിരുന്നു. കമാണ്ടർ മുറിവിൽ തുണി കെട്ടിവയ്ക്കാൻ നിർദ്ദേശിച്ചെങ്കിലും തണുപ്പുമൂലം കൈകൾ മരവിച്ചിരിക്കുന്നതിനാൽ അഖിലിന് കഴിഞ്ഞില്ല. ഇത് മനസ്സിലാക്കി കമാണ്ടർ അഖിലിന് സമീപമെത്തി മുറിവ് കെട്ടാൻ ശ്രമിക്കുന്നതിനിടയിൽ കിടന്ന പൊസിഷനിൽ നിന്നും തല അൽപ്പെ ഉയർന്നതോടെ തീവ്രവാദി വെടിയുതിർത്തു. തലയിലാണ് ബുള്ളറ്റ് കയറിയത്. വെടിയേറ്റതോടെ കമാണ്ടർ പുഴയുടെ താഴേക്ക് ഉരുണ്ട് പോയി. അദ്ദേഹത്തിന്റെ കൈകളിലുണ്ടായിരുന്ന വയർലെസ് സെറ്റും ദൂരേക്ക് പോയതോടെ പുറത്തേക്കുള്ള ആശയവിനിമയം തടസപ്പെട്ടു.
സമയം 7 മണിയായി. അഖിൽ കിടക്കുന്ന സ്ഥലവും തീവ്രവാദി ഒളിച്ചിരിക്കുന്ന സ്ഥലവും തമ്മിൽ 20 മീറ്ററിന്റെ വ്യത്യാസം മാത്രം. തീവ്രവാദി അവിടെയിരുന്ന് അള്ളാഹു അക്ബർ എന്ന് കുറേ തവണ ഉരുവിട്ടുകൊണ്ടിരുന്നു. അഖിലിന്റെ നേർക്ക് നോക്കി രണ്ടു പേരെ ഞാൻ തീർത്തു. ഇനി നിന്നെകൂടി കൊന്നതിന് ശേഷം മൂന്ന് തലയും അറുത്തെടുത്ത് തിരികെ ചെന്നാൽ എന്നെ കമാണ്ടറാക്കും എന്ന് പറയുന്നുണ്ടായിരുന്നു. 10.30വരെ അയാൾ ഇങ്ങനെ സംസാരിച്ചു കൊണ്ടേയിരുന്നു. ഈ സമയംമത്രയും അഖിലിന്റ കാലിലെ മുറിവിൽ നിന്നും രക്തം വാർന്നുപോയി ആരോഗ്യ നില മോശമായിക്കൊണ്ടേയിരിക്കുയായിരുന്നു. പെട്ടെന്നാണ് കുറച്ചുമാറി നിലയുറപ്പിച്ച രണ്ട് ജവാൻ മാരും തീവ്രവാദിക്ക് നേരെ വെടിയുതിർക്കാൻതടങ്ങിയത്. ഇതോടെ അഖിലിനെ ലക്ഷ്യം വച്ചിരുന്ന തീവ്രവാദി അവർക്കു നേരെ തിരിഞ്ഞു. തീവ്രവാദിയെ അഖിലിന് അപ്പോൾ വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നു. ഈ സമയം ഫലപ്രദമായി ഉപയോഗിച്ചാൽ തീവ്രവാദിയെ കൊല്ലാൻ കഴിയും. പക്ഷേ തോക്കിൽ ആകെയുള്ളത് 4 ബുള്ളറ്റുകൾ മാത്രം. 90 ബുള്ളറ്റുകളുമായാണ് ഇവിടെയെത്തിയത്. എന്നാൽ നിരവധി തവണ വെടിയുതിർത്തുകൊണ്ടിരുന്നതോടെ തിരകൾ തീർന്നിരുന്നു.
തോക്കിൽ മുറുകെ പിടിക്കാൻ അഖിൽ ശ്രമിക്കുമ്പോൾ കൈകൾ വഴങ്ങുന്നില്ല. തണുത്തു മെനസ് ഡിഗ്രിയിൽ താഴ്ന്ന സ്ളമായതിനാൽ കൈകൾ തണുത്ത് മരവിച്ച പോയിരുന്നു. കൈകൾ വഴങ്ങാതെ ഒന്നും കഴിയില്ല. വേഗം തന്നെ മനസാന്നിധ്യം വീണ്ടെടുത്ത് അടുത്ത് കിടന്ന കല്ലിൽ കൈകൾ രണ്ടും ഉരക്കാൻ തുടങ്ങി. കൈകൾ ചൂടായി കഴിഞ്ഞാൽ തോക്ക് നേരെ പിടിക്കാൻ കഴിയും. കല്ലിൽ ഉരക്കും തോറും തൊലി പൊട്ടി ചോരവരാൻ തുടങ്ങി. എന്നിട്ടും നിർത്താതെ കൈകൾ നേരെയാകുന്നതു വരെ തുടർന്നു. ഒടുവിൽ കൈകൾ വഴങ്ങിയതോടെ തോക്ക് കൈകളിലെടുത്തു. ഇടതുകാൽമുട്ടു നിലത്തുറപ്പിച്ച് മുകളിലേക്ക് ഉയർന്ന് തീവ്രവാദിയുടെ തല ലക്ഷ്യമാക്കി ബള്ളറ്റ് ഉതിർത്തു. അവസാന 4 ബുള്ളറ്റും ലക്ഷ്യ സ്ഥാനത്ത് തന്നെ കൊണ്ടു. തീവ്രവാദി പിടഞ്ഞു വീണു. അപ്പോഴേക്കും അഖിലിന്റെ മുറിവിൽ നിന്നും രക്തം വാർന്നുപോയി ബോധം നശിക്കുന്ന അവസ്ഥയിലേക്കെത്തി.
അടുത്ത് ജീവൻ വെടിഞ്ഞ ഒപ്പമുണ്ടായിരുന്ന ജവാന്റെ മേലേക്ക് മറിഞ്ഞു വീണു. ബോധം പോകുന്നത് വരെ തന്റെ ഒപ്പമുണ്ടിയരുന്നവരുടെ ജീവനെടുത്ത തീവ്രവാദികളെ കൊല്ലാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു, മാത്രമല്ല നമ്മുടെ ജവാൻ മാരുടെ തലയറുത്ത് ആരും കൊണ്ടു പോകില്ല എന്ന ഉറപ്പും. ബോധം മറഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞാണ് റീ എൻഫോഴ്സ്മെന്റ് ടീം സ്ഥലത്തെത്തി അഖിലിനെ രക്ഷപെടുത്തുന്നത്. തീവ്രവാദികളുമായുള്ള പോരാട്ടത്തിൽ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. കുറച്ചുമാറി നിലയുറപ്പിച്ചിരുന്ന ഹവീൽദാറും വീരമൃത്യു വരിച്ചിരുന്നു. പിന്നീട് അഖിലിനെ ശ്രീനഗറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും വലതുകാൽ മുട്ടിന് താഴേക്ക് മുറിച്ചു മാറ്റേണ്ടി വന്നു. പിന്നീട് കൃത്രിമ കാൽ വച്ചു പിടിപ്പിച്ചു.
ഈ കഥകൾ ആർക്കും അറിയില്ലായിരുന്നു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒരു സ്ഥാനാർത്ഥിക്കൊപ്പമെത്തിയ ഓൺലൈൻ ചാനൽ പ്രവർത്തകർ അഖിലിന്റെ അഭിമുഖം എടുത്തതോടെയാണ് പുരം ലോകം ഈ വീര കഥ അറിയുന്നത്. സമൂഹ മാധ്യമങ്ങളിൽ വളരെ വേഗം ഇത് വൈറലായി. അങ്ങനെ നാടിന്റെ നാനാഭാഗത്ത് നിന്നും അഖിലിനെ തേടി നിരവധിപേർ എത്തുകയും ആദരവ് നൽകുകയും ചെയ്യുകയാണ്. കാലിന് പരിക്ക് പറ്റിയെങ്കിലും ഇപ്പോഴും അഖിൽ സർവ്വീസിൽ തന്നെയുണ്ട്. നലവിൽ നായിക് റാങ്കിലെത്തി നിൽക്കുകയാണ്. ഈ മാസം വിവാഹമാണ്. പത്തനാപുരം കരുകോൺ സ്വദേശി ജാൻവി ആർ കൃഷ്ണയാണ് വധു. വിവാഹത്തിന് ശേഷം പൂണെയിലെ പാരാലിമ്പിക്സ് വിഭാഗത്തിലേക്കാണ് അഖിൽ പോകുക. ഭിന്നശേഷിക്കാരായ ജവാന്മാരെ സ്പോർട്സിനായി പരിശീലിപ്പിക്കുന്ന ഇടമാണ്. ഷാർപ്പ് ഷൂട്ടാറായ അഖിൽ ഇവിടെ മികവ് തെളിയിക്കാനുള്ള ഒരുക്കത്തിലാണ്. വെഞ്ചേമ്പ് അഖിൽഭവനത്തിൽ മോഹനൻ പിള്ള - ലതാകുമാരി എന്നിവരുടെ മകനാണ് അഖിൽ.