'മുഖം മറയ്ക്കാതെ, കയ്യിൽ ഒരു റിവോൾവറും കൊണ്ട് താഴ്‌വരയിൽ ചുറ്റിനടന്ന് ഞാൻ കാശ്മീരി പണ്ഡിറ്റുകളെ വെടിവെച്ചു കൊന്നു. അവരെ മണത്തു കണ്ടുപിടിക്കാൻ എനിക്ക് കഴിഞ്ഞിരുന്നു. ഒപ്പം ഉന്നം തെറ്റാതെ വെടിവെക്കാനുള്ള കഴിവിൽ എനിക്ക് അഭിമാനമുണ്ട്. ബോറടി മാറ്റാൻ പോലും ഞാൻ അവരെ വെടിവെച്ച് ഇട്ടിട്ടുണ്ട്.''- പറയുന്നത് 90 കളിൽ കാശ്മീരി പണ്ഡിറ്റുകൾക്ക് നേരെ കൂട്ടക്കൊല നടത്തിയ ബിട്ട കരാട്ടെ എന്ന ഇസ്ലാമിക തീവ്രാവാദിയായിരുന്നു. താഴ്‌വരയിലെ ഒരു ചാനലിന് കൊടുത്ത അഭിമുഖത്തിൽ അയാൾ പറഞ്ഞ ഈ വാക്കുകൾ ലോകം ഞെട്ടലോടെയായിരുന്നു കണ്ടത്. ബിട്ട കരാട്ടെയുടെ കഥാപാത്രത്തെ അതുപോലെ കാശ്മീർ ഫയൽസ് എന്ന സിനിമയിൽ വിവേക് അഗ്നിഹോത്രി ചിത്രീകരിക്കുന്നുണ്ട്. 90കളിൽ ജമ്മുവിൽ എന്ന് പലയായനം ചെയ്ത കാശ്മീരി പണ്ഡിറ്റുകളിൽ ഏറെയും ഇന്നും അഭയാർഥി ക്യാമ്പിലാണ്. 1990 മുതൽ 400,000ലധികം കാശ്മീരി ഹിന്ദുക്കൾ പലായനം ചെയ്യപ്പെട്ടവെന്നാണ് കണക്ക്.

പിന്നീട് കാലം എത്രയോ മാറി. പണ്ഡിറ്റുകളുടെ രക്തത്തിന്റെ പേരിൽ കൂടി വോട്ട് ചോദിച്ച ബിജെപി സർക്കാർ അധികാരത്തിലെത്തി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ കാശ്മീർ പണ്ഡിറ്റുകൾക്ക് ഒപ്പമാണ്. പക്ഷേ എന്നിട്ടും 90കളിൽനിന്ന് അധികം വ്യത്യസ്തമായ സാഹചര്യമല്ല, അവശേഷിക്കുന്ന പണ്ഡിറ്റുകൾക്ക് ഉണ്ടാകുന്നത്. ഇസ്ലാമിക ഭീകരരുടെ കൊലകൾ വർധിച്ചതോടെ അവർ ഇപ്പോഴും പലയാനം ചെയ്യുകയാണ്.

ഇക്കഴിഞ്ഞ ആഴ്ചയായി, നേരത്തെ ബിട്ടാ കരാട്ടെ പറഞ്ഞപോലെ ബോറടി മാറ്റാൻ എന്നോണം, കാശ്മീരി പണ്ഡിറ്റുകളെ വെടിവെച്ച് കൊല്ലുന്ന രീതിയാണ്, ജമ്മുവിൽ കണ്ടത്. കശ്മീരിലേക്ക് ട്രാൻസ്ഫർ കിട്ടി അവിടെ ബാങ്കിൽ ജോലി ചെയ്യുക ആയിരുന്നു മുകേഷ് കുമാർ. ഓഫീസിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ഭീകരർ വെറുതേ വന്നു വെടിവെച്ചു കൊന്നിട്ട് പോയി. കാശ്മീരി പണ്ഡിറ്റായ രജ്നി ബാല എന്ന സ്‌കൂൾ ടീച്ചറിനെ ഒരു കാര്യവില്ലാതെയാണ് വെടിവെച്ചിട്ടത്. ഒരുമാസം മുമ്പ് വെടിയേറ്റ് ശരീരം തുളഞ്ഞത് രാഹുൽ ഭട്ട് എന്ന പണ്ഡിറ്റിനായിരുന്നു.

ഇതോടെ ജമ്മുവിലെ അവശേഷിക്കുന്ന ഹിന്ദു സമൂഹം കടുത്ത ഭീതിയിലാണ്. പലരും ഡൽഹിയിലേക്കും മറ്റും പലയനം ചെയ്തു കഴിഞ്ഞു. തങ്ങളുടെ കണ്ണീര് കൂടി കാണിച്ച് അധികാരത്തിലേറിയ മോദി സർക്കാറിന് എന്തുകൊണ്ട് തങ്ങളെ രക്ഷിക്കാൻ കഴിയുന്നില്ല എന്ന ചോദ്യമാണ്, ഈ നിസ്സഹായരായ ജനവിഭാഗം ഉയർത്തുന്നത്.

സമരം, പലായനം, എവിടെയും ഭീതി

കശ്മീരി പണ്ഡിറ്റുകളെയും പ്രാദേശിക നേതാക്കളെയും ലക്ഷ്യം വച്ച് കൊല്ലുന്നതിനെതിരെ നൂറോളം സർക്കാറുദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സമരം ചെയ്തിരുന്നു. സ്വന്തം നാട്ടിലേക്ക് തിരിച്ചെത്താനുള്ള അവരുടെ അവകാശത്തിന് വേണ്ടിയായിരുന്നു സമരം. തീവ്രവാദികൾ വധിച്ച രജ്നി ബാല എന്ന സ്‌കൂൾ ടീച്ചറിന്റെ ചിത്രം പതിച്ച പോസ്റ്ററുകളോടെ എത്തിയ അവർ അവകാശങ്ങൾ നടപ്പാക്കാതെ ജോലി തുടരില്ലെന്നും പറഞ്ഞു.

അതിനിടെ അഭയാർഥി ക്യാമ്പുകൾ ആക്രമിക്കുമെന്നും ഭീതി ഉയർന്നതോടെ പലരും അവിടം വിട്ട് പോകാൻ ഒരുങ്ങുകയാണ്. എന്നാൽ ജമ്മു കാശ്മീർ ഭരണകൂടം
പണ്ഡിറ്റുകളെ അഭയാർത്ഥി ക്യാമ്പുകൾക്കുള്ളിൽ തടഞ്ഞുവച്ചിരിക്കയാണ്.
പ്രധാനമന്ത്രിയുടെ പ്രത്യേക പാക്കേജിന് കീഴിൽ ജോലി ചെയ്തിരുന്ന നാലായിരത്തോളം കാശ്മീരി പണ്ഡിറ്റുകളാണ് 24 മണിക്കൂറിനുള്ളിൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയില്ലെങ്കിൽ, തങ്ങൾ കാശ്മീർ വിട്ട് പോകുമെന്ന് ഭീഷണിമുഴക്കിയിരിക്കുന്നത്. ഇതോടെ അഭയാർഥികളെ ക്യാമ്പിൽ തടയുകയാണ് പൊലീസ്.

ഭീഷണിയുടെ സാഹചര്യത്തിൽ ക്യാമ്പുകൾ പൊലീസ് അടച്ചു. പ്രവേശന ഭാഗത്തെ ഗേറ്റുകളെല്ലാം പൂട്ടി. ആരെയും ഇപ്പോൾ പുറത്തിറങ്ങാൻ പൊലീസ് അനുവദിക്കുന്നില്ല. കുടിയേറുന്നതിനായി സർക്കാർ തന്നെ ബസുകൾ ഏർപ്പാടാക്കണമെന്നാണ് അവരുടെ ആവശ്യം. തങ്ങളെ മാറ്റി പാർപ്പിക്കണം.

എന്നാൽ മാത്രമേ തങ്ങൾക്ക് സുരക്ഷിതത്വവും സമാധാനവും ലഭിക്കുകയുള്ളു. തങ്ങളുടെ പ്രതിനിധി സംഘം ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയെ കാണുകയും ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. കാശ്മീരിലെ അവസ്ഥ പഴയപടി ആകുന്നതുവരെയെങ്കിലും ഇവിടുന്ന് മാറി നിൽക്കാൻ അനുവദിക്കണം എന്നിവയാണ് അവരുടെ പ്രധാന ആവശ്യങ്ങൾ. രജനി ബാല എന്ന അദ്ധ്യാപിക കുൽഗാം ജില്ലയിൽ വെടിയേറ്റ് മരിച്ചതാണ് ഭീതി ഉയർത്തിയത്. കഴിഞ്ഞ മാസം രാഹുൽ ഭട്ട് എന്ന മറ്റൊരു സമുദായ അംഗവും സമാന രീതിയിൽ ഭീകരരുടെ വെടിയേറ്റ് മരിച്ചിരുന്നു. ഇതിന് പിന്നാലെ കാശ്മീരി പണ്ഡിറ്റുകൾ അവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയിരുന്നു. പക്ഷേ കൊലകൾ ആവർത്തിക്കപ്പെടുകയാണ് ഉണ്ടായത്.

2021ലും സമാനമായ അവസ്ഥ

2021 ഒക്ടോബറിലും സമാനമായ അവസ്ഥയുണ്ടായിരുന്നു. മൂന്ന് ദിവസത്തിനുള്ളിൽ, അഞ്ച് പേരെയാണ് കശ്മീർ താഴ്‌വരയിൽ വെടിവെച്ചു കൊന്നത്. അവരിൽ ഭൂരിഭാഗവും ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള പണ്ഡിറ്റുകൾ ആയിരുന്നു. 1990കാലത്ത് തങ്ങൾ കണ്ട അതേ നിശബ്ദതയാണ് അവിടെ വീണ്ടും കണ്ടതെന്ന് ആദിത്യ രാജ് കൗൾ എന്ന കാശ്മീരി എഴുത്തുകാരൻ പറയുന്നു. അവരുടെ വാക്കുകൾ ഇങ്ങനെ.

''ഇന്ന് മൂന്ന് പതിറ്റാണ്ടിന് ശേഷം കാശ്മീർ താഴ്‌വര വീണ്ടും നിശബ്ദമായി. വീണ്ടും ശരത് കാലമെത്തി. പൊഴിഞ്ഞു വീണ ചിനാർ ഇലകൾ നിലത്ത് അനക്കമറ്റ് കിടക്കുന്നു. ശ്രീനഗറിലെങ്ങും നിശബ്ദത. പതിവിലും നേരത്തെ മാർക്കറ്റുകൾ അടയ്ക്കുന്നു. അജ്ഞാതമായ ഒരു ഭീതി എങ്ങും നിഴലിച്ചിട്ടുണ്ട്. ലാൽചൗക്കും സമീപത്തെ മാർക്കറ്റുകളും ഇരുട്ടുന്നതിനു മുമ്പ് തന്നെ അടച്ചു തുടങ്ങി. ന്യൂനപക്ഷ സമുദായക്കാരായ മധുരപലഹാരക്കട ഉടമകളും പഴക്കച്ചവടക്കാരും മുൻകരുതലിന്റെ ഭാഗമായി നേരത്തെ വീട്ടിലേക്ക് മടങ്ങുന്നു.

അറുപത്തിയെട്ടുകാരനായ മഖാൻ ലാൽ ബിന്ദ്രൂ തീവ്രവാദത്തിന്റെ കൊടുമുടിയിൽ പോലും താഴ്‌വര വിട്ടുപോകാൻ തയ്യാറായിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ശ്രീനഗർ എസ്എസ്‌പി ഓഫീസിൽ നിന്ന് വെറും 500 മീറ്റർ അകലെയുള്ള ഇക്‌ബാൽ പാർക്കിലെ അദ്ദേഹത്തിന്റെ സ്വന്തം ഫാർമസിയിൽ വച്ച് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പ്രദേശവാസികൾ ബഹുമാനിച്ചിരുന്ന ബിന്ദ്രൂ എക്കാലത്തും ദുരിതബാധിതർക്ക് മരുന്നുകൾ എത്തിച്ച് നൽകിയിരുന്ന വ്യക്തിയാണ്. കാശ്മീരി മുസ്ലിം ജനതയെ സഹായിച്ച ഈ മനുഷ്യൻ ചെയ്ത കുറ്റം എന്താണ്?

ബിഹാർ സ്വദേശിയായ ഗോൽഗപ്പ വിൽക്കുന്ന തെരുവ് കച്ചവടക്കാരൻ ബിരേന്ദർ പസ്വാനെയും ശ്രീനഗറിലെ ലാൽ ബസാർ പ്രദേശത്ത് ഭീകരർ പിന്നിൽ നിന്ന് വെടിവച്ചു വീഴ്‌ത്തി. നവരാത്രി വ്രതത്തിന്റെ ആദ്യ ദിവസമാണ് അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടുത്തിയത്. രാവിലെ അദ്ദേഹം ബീഹാറിലെ ഭഗൽപൂരിലുള്ള തന്റെ ഭാര്യയോട് സംസാരിക്കുകയും വീട്ടിലേയ്ക്ക് വരുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. തന്റെ അഞ്ചു വയസ്സുകാരിയായ മകളെ കാണാൻ കാത്തിരിക്കുകയായിരുന്നു ആ പിതാവ്. അന്ന് വൈകുന്നേരം ഉന്തുവണ്ടിയുമായി നീങ്ങവേ ഭീകരർ പിന്നിൽ നിന്ന് വെടി വച്ചു കൊന്നു. കൊലപാതകത്തിന്റെ 18 സെക്കൻഡ് ക്ലിപ്പിങ് ഒരു ദിവസത്തിന് ശേഷം ഐസിസ് പുറത്തുവിട്ടു.

ശ്രീനഗറിലെ ഈദ്ഗാഹ് പ്രദേശത്തെ സർക്കാർ സ്‌കൂളിലെ പ്രിൻസിപ്പലും അദ്ധ്യാപകനുമാണ് കൊല്ലപ്പെട്ട സുപീന്ദർ കൗറും ദീപക് ചന്ദും. വ്യാഴാഴ്ച രാവിലെ അവർ മറ്റ് അദ്ധ്യാപകരെപ്പോലെ തന്നെ സ്‌കൂളിൽ എത്തി. സ്‌കൂൾ വളപ്പിനുള്ളിൽ കടന്ന ഭീകരർ അദ്ധ്യാപകരോട് അവരുടെ തിരിച്ചറിയൽ കാർഡുകളും മൊബൈൽ ഫോണുകളും കാണിക്കാൻ ആവശ്യപ്പെട്ടു. ചോദ്യം ചെയ്യലിന് ശേഷം, എല്ലാ മുസ്ലിം അദ്ധ്യാപകരെയും പോകാൻ അനുവദിച്ചു. ദീപക് ചന്ദിനെ പിടികൂടി. ദീപക് ചന്ദിന് നേരെ വെടിയുതിർക്കാൻ തുടങ്ങിയപ്പോൾ ചന്ദിനെ രക്ഷിക്കാൻ സുപീന്ദർ ശ്രമിച്ചു. തുടർന്ന് ഇരുവർക്കും നേരെ വെടിയുതിർത്ത് ഭീകരർ കടന്നു കളഞ്ഞു.''-ആദിത്യ എഴുതുന്നു.

മീഡിയാവണ്ണിന്റെ രാജ്യസ്നേഹം

ആദിത്യ രാജ് കൗൾ തന്റെ ലേഖനത്തിൽ തുടരുന്നു. ''അനാഥയായ ഒരു കശ്മീരി മുസ്ലിം പെൺകുട്ടിക്ക് വിദ്യാഭ്യാസം നൽകാനും അവളുടെ ചെലവുകൾ വഹിക്കാനും സഹായിച്ചിരുന്ന ഒരു മനുഷ്യസ്‌നേഹിയായിരുന്നു സുപീന്ദർ കൗർ. പ്രിൻസിപ്പൽ ആയിരുന്ന സ്‌കൂളിലെ ഒരു കശ്മീരി മുസ്ലിം സെക്യൂരിറ്റി ഗാർഡിന്റെ ചികിത്സാ ചെലവുകൾക്കും കൗർ സഹായിച്ചിരുന്നു. സ്‌കൂളിൽ വച്ച് നിഷ്‌കരുണം വധിക്കപ്പെട്ട ഈ അദ്ധ്യാപിക ചെയ്ത കുറ്റം എന്താണ്?

2021ലെ ഈ പുതിയ പലായനത്തെക്കുറിച്ച് കേൾക്കുമ്പോൾ എന്റെ ഹൃദയം തകരുന്നു. സമീപകാലത്ത് നടന്ന ക്രൂരമായ കൊലപാതകങ്ങളുടെ ഭീതിയിൽ നിരവധി ഹിന്ദു കുടുംബങ്ങൾ ശ്രീനഗറും അനന്ത്‌നാഗും വിട്ടു പോയി. ചിലർ കണ്ണീരോടെ തങ്ങളുടെ ബാഗുകൾ പായ്ക്ക് ചെയ്യുന്നു. ഞാൻ മരവിച്ചിരിക്കുകയാണ്.ജമ്മുവിൽ വിന്യസിച്ചിരിക്കുന്ന കശ്മീരി പണ്ഡിറ്റ് സമുദായത്തിൽ നിന്നുള്ള ഒരു യുവ ജമ്മു കശ്മീർ പൊലീസുകാരൻ എന്നോട് പറഞ്ഞു. വടക്കൻ കശ്മീരിലെ ബാരാമുള്ളയിലെ വീട്ടിൽ താമസിക്കുന്ന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വെള്ളിയാഴ്ച രാവിലെ ജമ്മുവിലേക്ക് പലായനം ചെയ്തുവെന്ന്. ഈ ചെറുപ്പക്കാരൻ ഒരു ഗായകനാകാനാണ് ആഗ്രഹിച്ചത്. എന്നാൽ ജീവിത സാഹചര്യങ്ങൾ അദ്ദേഹത്തെ ഒരു പൊലീസുകാരനാക്കി.

ഒരു പ്രശസ്ത കശ്മീരി പണ്ഡിറ്റ് ബിസിനസ്സ് കുടുംബം വ്യാഴാഴ്ച ശ്രീനഗർ വിട്ടു. കഴിഞ്ഞ 32 വർഷമായി അവർ ശ്രീനഗർ വിട്ടുപോയിരുന്നില്ല. അവരുടെ പേരക്കുട്ടി വിദേശത്തുനിന്ന് എന്നെ വിളിച്ചു. ഇപ്പോൾ പോലും ശ്രീനഗർ വിട്ടു പോകാൻ തയ്യാറാകാത്ത മുത്തച്ഛനോട് ഒന്ന് സംസാരിക്കാമോ എന്ന് അഭ്യർത്ഥിച്ചു. ഈ ലേഖനം പ്രസിദ്ധീകരിക്കുന്ന സമയത്ത് അദ്ദേഹവും കാശ്മീർ വിട്ടിട്ടുണ്ടാകും.

കാശ്മീരിലെ ബഡ്ഗാമിലെ ഷെയ്ഖ്‌പോറയിൽ നിന്ന് എനിക്ക് ലഭിച്ച രണ്ട് മിനിറ്റ് ദൈർധഘ്യമുള്ള ഓഡിയോ ക്ലിപ്പിൽ ഒരു വയോധിക പറയുന്നത്, നാളെ നേരം പുലരുന്നതിനുമുമ്പ് സ്വന്തം വീട് വിട്ട് പോകാൻ അവർ ബാഗുകൾ പായ്ക്ക് ചെയ്തുവെന്നാണ്. 15 കുടുംബങ്ങൾ ഇതിനകം ഈ പ്രദേശം വിട്ടുപോയതായും അവർ പറയുന്നു. വെസ്സുവിൽനിന്നും ഗന്ദർബാലിൽനിന്നും പലരും വീട് ഉപേക്ഷിച്ച് പോയി.

കശ്മീരിൽ നിന്ന് എനിക്ക് ലഭിച്ച വിവരം അനുസരിച്ച് മധ്യ, തെക്കൻ കശ്മീരിലെ നിരവധി കശ്മീരി പണ്ഡിറ്റ് സർക്കാർ ജീവനക്കാർ പൊലീസ് സംരക്ഷണം തേടിയിട്ടുണ്ടെന്നാണ്. സർക്കാർ സുരക്ഷ നൽകുന്നുണ്ടെന്ന് അവരിൽ പലരും എന്നോട് പറഞ്ഞു. എന്നാൽ ഈ ജീവനക്കാരുടെ ലിസ്റ്റ് ഇതിനകം തന്നെ കശ്മീരിലെ വാട്ട്സ്ആപ്പിൽ വൈറലാണ്. ഇത് അവരുടെ ജീവൻ അപകടത്തിലാക്കും.

സെപ്റ്റംബർ 21ന്, ശ്രീനഗറിൽ കശ്മീരി ഹിന്ദുക്കളെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരം ആദ്യം ജമ്മു കശ്മീർ സുരക്ഷാ സേനയ്ക്ക് ലഭിച്ചിരുന്നു. ഇതിന് മുമ്പ് ജൂലൈയിൽ ലാൽചൗക്കിനടുത്തുള്ള ഒരു ഹിന്ദു മധുരപലഹാര കട ഉടമയ്ക്കെതിരെ ആക്രമണ ഭീഷണി ഉയർന്നിരുന്നു. അതിന് മുമ്പ് ദാൽ ഗേറ്റ് പ്രദേശത്ത് ഒരു ഹിന്ദു രസതന്ത്രജ്ഞനും ഭീഷണി ഉണ്ടായിരുന്നു.

ജൂലൈയിൽ, ഞാൻ 26 ദിവസം ശ്രീനഗറിലും സമീപ ജില്ലകളിലും കാശ്മീരി ഹിന്ദു കുടുംബങ്ങൾക്കൊപ്പം താമസിച്ചിരുന്നു. അന്ന് അവർക്ക് നേരെയുള്ള ഭീഷണികളെക്കുറിച്ചും ക്ഷേത്ര ഭൂമി കൈയേറ്റത്തെക്കുറിച്ചും ഹിന്ദുക്കളെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങളെക്കുറിച്ചും പലരും സംസാരിച്ചു. ഹിന്ദു സമൂഹം മാത്രമല്ല, ശ്രീനഗറിലെ ക്ഷേത്ര പൂജാരികളും നിരന്തരമായ ഭീഷണി നേരിടുന്നുണ്ട്. ജീവൻ പണയം വച്ചാണ് അവർ പൂജകൾ ചെയ്യുന്നത്. ജമ്മു കശ്മീർ പൊലീസ് മുൻകരുതൽ നടപടിയായി ശ്രീനഗറിലെ ഏതാനും ഹിന്ദു പ്രദേശങ്ങളിലും ബിസിനസുകാർക്കും സുരക്ഷിതത്വം ഉറപ്പാക്കിയിരുന്നു. താഴ്‌വരയിലുടനീളമുള്ള ഹിന്ദു പ്രദേശങ്ങൾക്ക് സുരക്ഷ വിന്യസിക്കേണ്ടത് പ്രധാനമാണ്. വർഷങ്ങളോളം തീവ്ര വിഘടനവാദികളുടെ സുരക്ഷയ്ക്കായി സർക്കാരിന് പണം പാഴാക്കാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് ദേശസ്‌നേഹികളായ ഹിന്ദുക്കൾക്കും സിഖുകാർക്കും സുരക്ഷ നൽകുന്നില്ല?''- ആദിത്യ ചൂണ്ടിക്കാട്ടുന്നു.

ഈ കൊലകൾക്കെതിരെയുണ്ടായ സൈന്യത്തിന്റെ നടപടിയിലും നിരവധി പേർ കൊല്ലപ്പെട്ടു. അപ്പോഴാണ് നമ്മുടെ മീഡിയാവൺ ചാനൽ, ഈ ഭീകരവാദബന്ധമുണ്ടെന്ന് സംശയിക്കുന്നവരുടെ വീടുകളിൽ പോയി ഇന്ത്യാവിരുദ്ധ വാർത്തകൾ സംപ്രേഷണം ചെയ്തത്. ചാനലിന്റെ വിലക്കിലേക്ക് വരെ നയിച്ച കാരണമായി അത് ഇന്നും വിലയിരുത്തപ്പെടുന്നു.

'സ്ത്രീകളെ ഇവിടെ ഉപക്ഷേിച്ച് സ്ഥലം വിടൂ'

കാശ്മീരിൽ സമാധാന ജീവിതം കഴിച്ചു വരുന്ന ശിവ ഭക്തരാണ് ഹിന്ദുക്കളിലെ ഉപവിഭാഗമായ പണ്ഡിറ്റുകൾ. ജവഹർലാൽ നെഹ്റുവിന്റെ പൂർവികർ വരെ ഉൾപ്പെടുന്ന ഒരു വംശീയ ന്യുനപക്ഷം. അവരോട് കാശ്മീർ ഭീകരവാദികൾക്കുള്ള പ്രശ്നം മതപരം കൂടിയാണ്. കാശ്മീർ തങ്ങളുടെ നാടാണെന്നും മറ്റൊരാളെയും അവിടെ അടുപ്പിക്കില്ലെന്നുമാണ് ഇസ്ലാമിക ഭീകരരുടെ ശാസനം. പതുക്കെ പതുക്കെ പിറന്ന മണ്ണിൽ കാശ്മീരി പണ്ഡിറ്റുകൾ അഭയാർഥികൾ ആയി മാറി. 'ഇസ്ലാമിലേക്ക് മതം മാറുക, അല്ലെങ്കിൽ പലായനം ചെയ്യുക', 'നിങ്ങളുടെ സ്ത്രീകളെ ഇവിടെ ഉപക്ഷേിച്ച് നാടുവിടുക', എന്ന അന്ത്യശാസനങ്ങൾ അവർക്ക് കിട്ടാൻ തുടങ്ങി. നിരവധി പണ്ഡിറ്റുകളെ ക്രൂരമായി കൊന്നൊടുക്കി.

ശരിക്കും മതവെറി കലർന്ന പൈശാചികമായ നീക്കങ്ങളാണ് പണ്ഡിറ്റുകൾക്കുനേരെ ഉണ്ടായത്. കാശ്മീർ ഫയൽസ് സിനിമയിൽ നാം കണ്ടതുപോലുള്ള ഭീകരമായ അനുഭവം. ഭർത്താവിന്റെ രക്തത്തിൽ കുതിർന്ന അരി ഭാര്യയെക്കൊണ്ട് തീറ്റിക്കുന്ന ഭീകരർ, മതംമാറാത്തവരെ കൊന്ന് കെട്ടിത്തൂക്കുന്നു, അറക്കവാൾകൊണ്ട് കഷ്ണമാക്കുന്നു,.. തുടങ്ങിയ എത്രയെത്ര അനുഭവങ്ങൾ. ഗാന്ധിചിത്രമുള്ള നോട്ട് കൊടുത്താൽ കിട്ടുക ജിന്നയുള്ള പാക് നോട്ട് കിട്ടുന്ന കാലമായിരുന്നു അത്.

1990 ജനുവരി 26 ന് കശ്മീർ സ്വതന്ത്രമായതായി അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് മുന്നിൽ പ്രഖ്യാപിക്കാനായിരുന്നു ജെകെഎൽഎഫിന്റെ പ്ലാൻ എന്നാണ് ഈ വിഷയം പഠിച്ച കാശ്മീരി പണ്ഡിറ്റായ എഴുത്തുകാരൻ രാഹുൽ പണ്ഡിത ചൂണ്ടിക്കാട്ടുന്നു. അതിന്റെ മുന്നോടിയായിട്ടാണ് ജനുവരിയുടെ ആദ്യ രണ്ടാഴ്ചകളിൽ താഴ്‌വരയിൽ പരക്കെ അക്രമങ്ങൾ അഴിച്ചുവിടപ്പെട്ടതും, കശ്മീരി പണ്ഡിറ്റുകൾ, പ്രാണനും കയ്യിൽ പിടിച്ചു കൊണ്ടുള്ള തങ്ങളുടെ പലായനം തുടങ്ങുന്നതും. ജനുവരി 21 -ന് നടന്ന വെടിവെപ്പിൽ എതിർപക്ഷത്തും വൻ ആൾനാശമുണ്ടായി. സിആർപിഎഫ് ഭടന്മാർ ഗവ്ക്കൽ പാലത്തിൽ വെച്ച് ചുരുങ്ങിയത് 50 കശ്മീരി മുസ്ലിം പ്രതിഷേധക്കാരെയെങ്കിലും വെടിവെച്ചു കൊന്നു. കശ്മീരിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയായിരുന്നു ഗവ്ക്കലിൽ നടന്നത്. കശ്മീരി പണ്ഡിറ്റുകളുടെ പലായനവും, ഗവ്ക്കൽ കൂട്ടക്കൊലയും ചേർന്ന് ഇരു സമുദായങ്ങളെയും ഇനി ഒന്നിച്ചു ചേരാൻ പറ്റാത്ത വിധം അകറ്റി. അത് തുടക്കമിട്ടത് കാശ്മീരി പണ്ഡിറ്റുകൾക്കെതിരായ ആക്രമണങ്ങളുടെ ഒരു പരമ്പരയ്ക്കാണ്.

നിരവധി കാശ്മീരി ഹിന്ദു സ്ത്രീകൾ തട്ടിക്കൊണ്ടുപോകപ്പെട്ടു. നിരവധി പേർ ബലാത്സംഗത്തിന് ഇരയായി. സാമൂഹ്യ പ്രവർത്തകനായ സതീഷ് ടിക്കൂ തന്റെ വീടിനു പുറത്തുവെച്ച് വെടിയേറ്റുമരിച്ചു. ഫെബ്രുവരി 13 -ന് ശ്രീനഗർ ദൂരദർശൻ കേന്ദ്രം ഡയറക്ടറായിരുന്ന ലാസ്സ കൗൾ വെടിയേറ്റു മരിച്ചു. എം എൻ പോൾ എന്ന ബിഎസ്എഫ് ഉദ്യോഗസ്ഥന്റെ ഭാര്യയെ ഭീകരർ തട്ടിക്കൊണ്ടുപോയി, ബലാത്സംഗം ചെയ്തു കൊന്നു. ഭർത്താവിന്റെ ജോലി വഴി അവർക്ക് ഇന്ത്യൻ ഗവൺമെന്റുമായി ഉണ്ടായിരുന്ന വിദൂരബന്ധം മാത്രമായിരുന്നു കാരണം. സർവാനന്ദ് കൗൾ പ്രേമി എന്ന കാശ്മീരി കവിയെയും അവർ അന്ന് വെടിവെച്ചു കൊന്നു. ഭഗവദ്ഗീത കാശ്മീരി ഭാഷയിലേക്ക് മൊഴിമാറ്റിയ വിദ്വാനായ കവിയെ തന്റെ മകനോടൊപ്പം നടന്നു പോകവേ ആയിരുന്നു വെടിവെച്ചു കൊന്നുകളഞ്ഞത്. മകനെയും അവർ വെറുതെ വിട്ടില്ല. അതോടെ ആകെ ഭയന്നുപോയ കാശ്മീരി പണ്ഡിറ്റുകൾക്ക് തങ്ങളുടെ പുരയിടങ്ങളും, കൃഷിഭൂമികളും, ബംഗ്ലാവുകളും, വീടുകളും, അമ്പലങ്ങളും ഒക്കെ ഉപേക്ഷിച്ച് ജീവനും കൊണ്ടോടുകയല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു. കയ്യിൽ കിട്ടിയതൊക്കെ എടുത്ത്, കിട്ടിയ വാഹനങ്ങളിൽ കയറി അവർ രാത്രിക്കു രാത്രി ഓടി രക്ഷപ്പെടുകയായിരുന്നു താഴ്‌വരയിൽ നിന്ന്.

അന്ന് പ്രസിഡന്റിന്റെ പ്രതിനിധിയായി ഗവർണർ ജഗ്മോഹൻ ആണ് സംസ്ഥാനം ഭരിച്ചിരുന്നത്. പുതുതായി സ്ഥാനമേറ്റ അദ്ദേഹം താഴ്‌വരയിൽ എത്തിയ ജനുവരി 19 മുതൽ പണ്ഡിറ്റുകളോട് താഴ്‌വര വിട്ടുപോകാൻ മാത്രമാണ് പറഞ്ഞുകൊണ്ടിരുന്നത്. അതോടെ അന്നുവരെ ഒരു കശ്മീരി പ്രശ്നം മാത്രമായിരുന്ന ആ പ്രതിസന്ധിക്ക് മതത്തിന്റെ ലേബൽ കൂടി ചാർത്തിക്കിട്ടി. 'ഹിന്ദു പണ്ഡിറ്റുകൾ എല്ലാം സ്ഥലംവിട്ടുപോയിക്കഴിഞ്ഞാൽ പട്ടാളത്തിന് ബോംബിട്ട് എല്ലാ തീവ്രവാദികളെയും കൊല്ലാമല്ലോ ' എന്നായിരുന്നു അന്ന് പണ്ഡിറ്റുകൾക്ക് ഭരണകർത്താക്കളിൽ നിന്ന് കിട്ടിയ ആജ്ഞ എന്ന് പലരും സാക്ഷ്യം പറയുന്നു.

തങ്ങൾ ജനിച്ച, കളിച്ചു വളർന്ന സ്വന്തം നാട്ടിലേക്ക് തിരികെപ്പോകാൻ കശ്മീരി പണ്ഡിറ്റുകൾക്ക് ഉള്ളിൽ ആഗ്രഹമില്ലാഞ്ഞിട്ടൊന്നുമല്ല. അത് ഇന്നത്തെക്കാലത്ത് ഒരു അതിമോഹമാണ് എന്ന സത്യം അവർ തിരിച്ചറിഞ്ഞു കഴിഞ്ഞു എന്നതാണ് സത്യം. മാറിമാറി വരുന്ന സർക്കാരുകൾ അവരെ വർഷങ്ങളായി ആ പേരിൽ സ്വപ്നങ്ങൾ മാത്രം കാണിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നതോടെയാണ് തങ്ങൾക്ക് നീതി കിട്ടുമെന്ന ചിന്ത പണ്ഡിറ്റുകൾക്ക് ഉണ്ടായത്.

ടാർജറ്റഡ് കില്ലിങ്ങിലേക്ക് മാറിയ തീവ്രവാദികൾ

ഇപ്പോൾ കാശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ വാർത്ത വീണ്ടും വന്നതോടെ ത്രിക്കൂട്ടിലാവുന്നത് മോദി സർക്കാർ കൂടിയാണ്. ദിവസവും ഓരോ പണ്ഡിറ്റ് എന്ന നിലയിൽ ഇസ്ലാമിക ഭീകരവാദികൾ അവരെ കൊന്നു തീർത്തു കൊണ്ടിരിക്കുന്നു. ഇത് തടയാൻ സർക്കാറിന് എന്ത് ചെയ്യാൻ കഴിയുമെന്നതാണ് ചോദ്യം.

മോദി ഭരണത്തിൽ പണ്ഡിറ്റുകൾക്കുവേണ്ടി ഒന്നും ചെയ്തില്ല എന്ന് പറയുന്നതും സത്യത്തിൽ ശരിയല്ല. പണ്ഡിറ്റുകൾക്കുവേണ്ടി എന്തെങ്കിലും ചെത്തിട്ടുണ്ടെങ്കിൽ അത് മോദി സർക്കാർ തന്നെയാണ്. കോൺഗ്രസ്, മൂന്നാമുന്നണി ഭരണത്തിലൊന്നും യാതൊരു സുരക്ഷയും അവർക്ക് കൊടുത്തിരുന്നില്ല. ഇപ്പോൾ അമിത്ഷാ നേരിട്ട് ഇടപെട്ടാണ് പണ്ഡിറ്റുകളുടെ പുനരധിവാസം ഉറപ്പുവരുത്തിയത്.അവർക്കായി താഴ്‌വരയിലെ 10 ജില്ലകളിൽ പ്രത്യേക ടൗൺഷിപ്പുകൾ പണിയുന്നണ്ട്. തീവ്രവാദികൾ കയ്യേറിയ ഭൂമി തിരിച്ചു പിടിക്കാനും നടപടി തുടങ്ങി. ക്ഷേത്രങ്ങൾ പുനർനിർമ്മിക്കാൻ നീക്കം നടക്കുകയാണ്. പണ്ഡിറ്റുകൾക്ക് സർക്കാർ ജോലി ലഭിക്കാൻ പ്രായപരിധിയിൽ ഇളവു നൽകുന്നുണ്ട്. ഇങ്ങനെയുള്ള വിവിധ പാക്കേജുകളിലൂടെ കാശ്മീരി പണ്ഡിറ്റുകളെ പൊതുസമൂഹത്തിൽ ലയിപ്പിക്കാനുള്ള നീക്കമാണ് മോദി- അമിത്ഷാ കൂട്ടുകെട്ട് നടത്തിയത്. 370ാം വകുപ്പ് എടുത്തു കളഞ്ഞതും, അതുസംബന്ധിച്ചുള്ള പ്രശ്നങ്ങളെ ഒരു ഇലപോലും അനങ്ങാൻ കഴിയാതെ നേരിട്ടതും പണ്ഡിറ്റുകൾക്കും പ്രതീക്ഷ നൽകിയിരുന്നു. പക്ഷേ എന്നിട്ടും ഇപ്പോഴും പണ്ഡിറ്റുകൾ ഭീതിയിലാണ്.

കാശ്മീരിൽ കൊല തുടരുകയാണ്. പൊലീസും, അർദ്ധ സൈനിക വിഭാഗവും, പട്ടാളവുമായി ഏകദേശം എട്ടു ലക്ഷത്തോളം പേരുള്ള സ്ഥലത്താണ് കഴിഞ്ഞ കുറെയേറെ ദിവസങ്ങളായി കൊലപാതകങ്ങൾ നടക്കുന്നത്. 14 പേർക്ക് ഒരു പട്ടാളക്കാരൻ ഉണ്ട് താഴ്‌വരയിൽ. എന്നിട്ടും തീവ്രവാദത്തെ മെരുക്കാൻ പറ്റുന്നില്ല. 2008-ൽ ആരംഭിച്ച പ്രധാനമന്ത്രിയുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി കശ്മീരി പണ്ഡിറ്റുകളെ ജമ്മു കശ്മീരിൽ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ജീവനക്കാരായി നിയോഗിച്ചിരുന്നു. ഇത്തരത്തിൽ ജോലിക്ക് കയറിയവരും കഴിഞ്ഞ കുറേ ദിവസങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ട്.

തീവ്രവാദികൾ അവരുടെ നയവും പരിപാടിയും പുതുക്കി വല്ലാതെ അപ്ഡേറ്റ് ആയിട്ടുണ്ട്. പണ്ട് കാശ്മീരിൽ പരസ്യമായ തീവ്രവാദമായിരുന്നു. കാശ്മീരിന്റെ പതാകയും, പാക്കിസ്ഥാൻ പതാകയും 90കളിൽ എവിടെയും പാറിക്കളിക്കുമായിരുന്നു. രാജ്യത്തിനുള്ളിലെ മറ്റൊരു രാജ്യം. ഗാന്ധിയുടെ തലയുള്ള നോട്ടിന് പകരം ജിന്നയുടെ തലയുള്ള നോട്ട് പ്രചരിച്ച കാലം. തീവ്രവാദ ക്യാമ്പുകൾ പരസ്യമായി ഉണ്ടായിരുന്ന കാലം. അന്നത്തെ സർക്കാറുകൾ അതിനെ അടിച്ചമർത്തുന്നതിൽ കാര്യമായി ഒന്നും ചെയ്തില്ല. ഇന്ന് അത്തരമൊരു പരസ്യ തീവ്രവാദത്തെ മെരുക്കുന്നതിൽ ബിജെപി സർക്കാർ സമ്പൂർണ്ണമായി വിജയിച്ചിട്ടുണ്ട്. ഇന്ന് സ്വന്തം പതാകയും സ്വന്തം കറൻസിയും. ആയുധവുമായി ചുറ്റി നടക്കാൻ കഴിയല്ല. ഇന്ത്യാ വിരുദ്ധമായ ഒരു കാര്യവും പരസ്യമായി ഉച്ചരിക്കാൻ ആവില്ല.

പക്ഷേ തീവ്രവാദികൾ ഹൈബ്രിഡ് ടെററിസം എന്ന പുതിയ രീതിയിലേക്ക കാര്യങ്ങൾ മാറ്റി. പാക്കിസ്ഥാനിൽ പോയി ആയുധ പരിശീലനം നേടി നിശബ്ദമായി പ്രചരണം നടത്തകുയാണ് അവരുടെ രീതി. മുൻകാലത്തെ പോലെ ഓപ്പൻ വെപ്പൺ അല്ല ഇപ്പോൾ കൺസീൽഡ് വെപ്പൺ ആണ് അവർ ഇപ്പോൾ ഉപയോഗിക്കുന്നത്. അവസാനം കൊല്ലപ്പെട്ട മുകേഷ്‌കുമാർ എന്ന ബാങ്ക് ഉദ്യോസ്ഥനെ വധിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നോക്കിയാൽ അറിയാം. സിവിലിയൻസിനെപ്പോലെ വന്ന്, ഒളിപ്പിച്ചുവെച്ച ആയുധം പുറത്തെടുത്ത് പൊടുന്നനെ വെടിവെക്കുകയാണ്. അതായത് കാശ്മീരിൽ ആരാണ് തീവ്രവാദി, ആരാണ് സിവിലിയൻ എന്ന് അറിയാത്ത അവസ്ഥയാണ്. ഈ ഹിഡൻ തീവ്രാദികൾ കില്ലർ സ്്ക്വാഡുകൾ ഉണ്ടാക്കി ജനങ്ങൾക്കിടയിലേക്ക് ആയച്ചിരിക്കയാണ്. 50ഓളം സംഘങ്ങളായി ഇവർ താഴ്‌വരിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. ടാർഗറ്റ് കില്ലിങ്ങ് എന്ന പുതിയ അടവാണ് അവർ പ്രയോഗിക്കുന്നത്.

മറ്റൊരു കാരണം രാഷ്ട്രീയ പരിഹാരം എന്നത് പണ്ഡിറ്റുകളുടെ പ്രശ്നത്തിൽ ഉണ്ടാവുന്നില്ല എന്നതാണ്. പിന്നെ നഗ്നമായ മതവൈരം തന്നെയാണ് ഇതിന്റെ അടിസ്ഥാന പ്രശ്നം. അടിസ്ഥാനപരമായി ഇസ്ലാമിക സ്വർഗം ലക്ഷ്യമിട്ടുള്ള ജിഹാദ് ആയി തന്നെയാണ് കാശ്മീർ ഭീകരർ ഈ പ്രശ്നത്തെ കാണുന്നത്. അതുകൊണ്ടുതന്നെ ഒന്നും ചെത്തില്ലെങ്കിലും അവർ പണ്ഡിറ്റുകളെ ഉപദ്രവിച്ച് കൊണ്ടുതന്നെ ഇരിക്കും. പിന്നെ ഭൂരിപക്ഷം വരുന്ന കാശ്മീർ മുസ്ലീങ്ങൾ ഭീകരർക്ക് ആളും അർഥവും കൊടുത്ത്, ഈ അക്രമങ്ങളെ പ്രോൽസാഹിപ്പിക്കുന്ന കാശ്ചയാണ് കാലകാലങ്ങളായി കാശ്മീരിൽ കാണുന്നത്. അതുകൊണ്ടുതന്നെ കാശ്മീരി പണ്ഡിറ്റുകളുടെ കണ്ണീർ അടുത്തകാലത്തൊന്നും തോരുമെന്നതിന് യാതൊരു ഉറപ്പുമില്ല.

വാൽക്കഷ്ണം: നാളിതുവരെ വെറും 64 പണ്ഡിറ്റുകൾ മാത്രമാണ് കാശ്മീരിൽ കൊല്ലപ്പെട്ടതെന്നാണ് സോഷ്യൽ മീഡിയയിൽ പല ഇടതുപക്ഷ സിംഹങ്ങളും ഈ പ്രശ്നത്തെ നിസ്സാരവത്ക്കരിക്കുന്നത്. ഉത്തരേന്ത്യയിൽ എന്തെങ്കിലും സംഭവിച്ചാൽ അലമുറ ഇടുന്ന കേരളത്തിലെ സാംസ്കാരിക നായകർ, കഴിഞ്ഞ കുറെയേറെ ദിവസങ്ങളായി കാശ്മീരിൽ ഒരു വിഭാഗത്തെ തെരഞ്ഞുപിടിച്ച് നടത്തുന്ന കൊലകളോട് മൗനം പാലിക്കയാണ്. മതങ്ങളെ തൂക്കിനോക്കുമ്പോൾ കൈ വിറക്കുന്ന രാഷ്ട്രീയക്കാർ തന്നെയാണ് നമ്മുടെ ശാപം.