ചെന്നൈ: തന്റെ വ്യക്തിജീവതത്തെയും അന്തസിനെയും ബാധിക്കുന്ന ഗോസിപ്പ് പ്രചരിപ്പിച്ചവർക്ക് ശക്തമായ മറുപടിയുമായി തമിഴിലെ മുതിർന്ന നടി കസ്തൂരി രംഗത്ത്. ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്കിയ അഭിമുഖത്തിലെ പരാമർശങ്ങൾ വളച്ചൊടിച്ച് കസ്തൂരിക്കെതിരേ തമിഴ് മാധ്യമങ്ങൾ ഗോസിപ്പുകൾ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരേയാണ് താരം ഫേസ്‌ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തു പ്രതികരിച്ചിരിക്കുന്നത്.

കിടക്ക പങ്കിടാൻ തെലുങ്കിലെ ഒരു പ്രധാന നടൻ ആവശ്യപ്പെട്ടുവെന്നും വഴങ്ങാത്തതിനാൽ രണ്ട് സിനിമകളിൽ നിന്ന് താൻ പുറത്താക്കപ്പെട്ടുവെന്നുമൊക്കെ കസ്തൂരി പറഞ്ഞതായിട്ടാണ് മാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു വാർത്തകൾ.

ടൈംസിന് നൽകിയ അഭിമുഖത്തിൽ താൻ പറയാത്തതാണ് പല മാധ്യമങ്ങളും പ്രസിദ്ധീകരിക്കുന്നതെന്നും വിപണി ലക്ഷ്യമാക്കി എന്തും എഴുതി പിടിപ്പിച്ചാൽ കൈയുംകെട്ടി നോക്കിനിൽക്കാനാവില്ലെന്നും കസ്തൂരി ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചു.

ഞായറാഴ്ചയാണ് കസ്തൂരിയുടെ അഭിമുഖം ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്. കാസ്റ്റിങ് കൗച്ച് നിലനിൽക്കുന്നുണ്ടോ എന്ന് നടിയോടു ചോദിച്ചു. സിനിമയിൽ പീഡനം കുറവാണെന്നും ജനങ്ങളുടെ മനസിലും മാധ്യമങ്ങളിലുമാണ് അത് കൂടുതലുള്ളതെന്നും നടി മറുപടി നല്കി. ഇത്തരത്തിലുള്ള തന്റെ മറുപടികളാണ് തമിഴ് മാധ്യമങ്ങൾ ഗോസിപ്പ് പ്രചരിപ്പിക്കാൻ അടിസ്ഥാനമാക്കിയതെന്ന് കസ്തൂരി പറയുന്നു.

സിനിമാരംഗത്ത് സ്ത്രീകൾക്കെതിരെയുള്ള ചൂഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന് കസ്തൂരി നൽകിയ മറുപടിയാണ് പല മാധ്യമങ്ങളും തങ്ങളുടെ ഭാവനയ്ക്കനുസരിച്ച് നൽകിയത്. നായികയോടൊത്ത് കഴിയാനായല്ല ആളുകൾ ഇത്രയധികം പണം മുടക്കുന്നതെന്നായിരുന്നു കസ്തൂരിയുടെ മറുപടി. അത്തരത്തിലുള്ള ചൂഷണങ്ങൾ ഉണ്ടാവാമെന്നും എന്നാൽ തനിക്കിതുവരെ നേരിടേണ്ടിവന്നിട്ടില്ലെന്നും കസ്തൂരി പറഞ്ഞിരുന്നു.

സാധാരണ മാധ്യമങ്ങളിൽ വരുന്ന ഗോസിപ്പുകളോട് പ്രതികരിക്കാറില്ല. പക്ഷേ ഇത് എന്നെ മാത്രമല്ല, എന്റെ സിനിമാകുടുംബത്തെയും ബാധിക്കുന്ന വിഷയമാണ്. അതിനാലാണ്് പ്രതികരിക്കുന്നത്. മാധ്യമങ്ങളുടെ സ്വഭാവസർട്ടിഫിക്കറ്റ് വാങ്ങണ്ട കാര്യം സിനിമക്കാർക്കില്ല. വിപണിയെ ലക്ഷ്യം വെച്ച് എന്തും എഴുതി പിടിപ്പിച്ചാൽ കൈയുംകെട്ടി നോക്കിനിൽക്കാനുമാവില്ലെന്ന് അവർ വ്യക്തമാക്കി.