ന്റെ സൗന്ദര്യത്തിന്റെയും വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും പേരിൽ കേയ്റ്റ് രാജകുമാരി എന്നും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ്. ഇപ്പോഴിതാ രാജകുമാരി മൂന്നാമതും ഗർഭിണിയാണോ എന്ന് ചോദിച്ച് കൊണ്ടുള്ള ചൂടൻ ചർച്ചകളും യുകെയിലെങ്ങും സജീവമാകുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കുട്ടി ആണോ പെണ്ണോ എന്ന് ചോദിച്ച് കൊണ്ട് വാശിയോടെ പന്തയക്കാരും ഈ അവസരത്തിൽ കളത്തിലിറങ്ങിയിട്ടുണ്ട്. ഓൺലൈൻ ബെറ്റിങ് സൈറ്റായ കോറലിൽ ഇതെ തുടർന്ന് ഗർഭത്തിന്റെ പേരിൽ വാത് വയ്‌പ്പുകാരുടെ തിക്കും തിരക്കുമേറിയിട്ടുണ്ട്.

കേയ്റ്റ് 2017ൽ ഗർഭിണിയാകുമെന്ന് പറഞ്ഞ് കഴിഞ്ഞ 48 മണിക്കൂറുകൾക്കുള്ളിൽ നിരവധി പേരാണ് ഈ സൈറ്റിൽ പണം വാരിയെറിയാൻ തയ്യാറായി രംഗത്തെത്തിയിരിക്കുന്നത്. കേയ്റ്റിന്റെ മൂന്നാമത്തെ കുട്ടി ആണാണോ പെണ്ണാണോ എന്ന് കൃത്യമായി പ്രവചിക്കുന്നവർക്ക് കോറൽ വൻ സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. കേയ്റ്റും വില്യവും അവരുടെ മൂന്നാമത്തെ കുട്ടിയെ പ്രതീക്ഷിച്ചാണിരിക്കുന്നതെന്നും ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത് തന്നെ ഉണ്ടാകുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നുമാണ് ഇക്കാര്യം മുൻനിർത്തി പന്തയത്തിനിറങ്ങിവർ ആത്മവിശ്വാസത്തോടെ തറപ്പിച്ച് പറയുന്നതെന്നാണ് കോറലിലെ ജോൺ ഹിൽ പറയുന്നത്.

കുട്ടി ആണാണോ പെണ്ണാണോ എന്നകാര്യത്തിലും തങ്ങൾ പന്തയം ആരംഭിച്ചുവെന്നും ആൺകുട്ടിയായിരിക്കുമെന്നാണ് മിക്കവരും പ്രവചിക്കുന്നതെന്നും എന്നാൽ ഇരട്ടക്കുട്ടികളാണ് രാജകീയ ദമ്പതികൾക്കുണ്ടാകാൻ പോകുന്നതെന്ന് പറഞ്ഞ് പന്തയം വയ്ക്കുന്നവരുമുണ്ടെന്നും ഹിൽ പറയുന്നു.2013 ജൂലൈ 22നായിരുന്നു വില്യമിനും കേയ്റ്റിനും ആദ്യത്തെ സന്തതിയായ ജോർജ് രാജകുമാരൻ പിറന്നത്. തുടർന്ന് 2015 മെയ് രണ്ടിന് ഇവരുടെ രണ്ടാമത്തെ സന്തതിയായ മകൾ ചാർലറ്റ് രാജകുമാരിയും പിറന്നു. മകളുടെ ജനനത്തിന് ശേഷം ഈ കുടുംബം ലണ്ടനിലെ കെൻസിങ്ടൺ കൊട്ടാരത്തിൽ നിന്നും നോർഫോക്കിലെ ആന്മർ ഹാളിലേക്ക് താമസം മാറിയിരുന്നു. അമേരിക്കൻ മാധ്യമങ്ങളിൽ വന്ന വാർത്തകളെ തുടർന്നാണ് കേയ്റ്റിന്റെ ഗർഭത്തെ ചൊല്ലിയുള്ള പന്തയങ്ങൾ ആരംഭിച്ചതെന്നും സൂചനയുണ്ട്.