ലണ്ടൻ: ചേട്ടന്റെയും അനിയന്റെയും പത്നിമാരായ കേയ്റ്റ് രാജകുമാരിയും മേഗൻ മാർകിളും തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമായെന്നും തൽഫലമായി ഇരുവരും അടിച്ച് പിരിഞ്ഞുവെന്നും പാപ്പരാസികൾ വെളിപ്പെടുത്തുന്നു. ഹാരിയും പത്നി മേഗനും മാറി താമസിക്കാൻ തീരുമാനിച്ചിരിക്കുന്നത് ഡയാനയുടെ രണ്ട് മരുമക്കളും തമ്മിൽ തെറ്റിയതുകൊണ്ടാണെന്നും റിപ്പോർട്ടുണ്ട്. ആരാണ് കൂടുതൽ കേമിയെന്ന് തർക്കിച്ചാണ് ബ്രിട്ടീഷ് രാജകുടുംബത്തിലെ രണ്ട് പുത്രവധുക്കളും അകന്നിരിക്കുന്നതെന്നാണ് സൂചന. ടിവി സീരിയൽ നടി രാജകുമാരിയായതോടെ ഹാരിയും വില്യവും തെറ്റുമോ എന്നാണ് ബ്രിട്ടീഷ് രാജകുടുംബം ഭയക്കുന്നത്.

ഹാരിയും മേഗനും അടുത്ത മാസം അല്ലെങ്കിൽ 2019 ആദ്യം കെൻസിങ്ടൺ പാലസിൽ നിന്നും വിൻഡ്സർ എസ്റ്റേറ്റിലെ ഫ്രോഗ്മോർ കോട്ടേജിലേക്ക് താമസം മാറുമെന്നാണ് റിപ്പോർട്ട്. കുടുംബത്തിലെ ഭിന്നതയാണ് ഇവർ തിടുക്കത്തിൽ മാറിത്താമസിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത വാർത്തകളുണ്ട്. എന്നാൽ ഹാരിയുടെയും വില്യമിന്റെയും ഭാര്യമാർ തമ്മിൽ യാതൊരു വിധത്തിലുമുള്ള പ്രശ്നങ്ങളുമില്ലെന്നാണ് വില്യമിന്റെ അടുത്ത സുഹൃത്ത് വെളിപ്പെടുത്തിയിരിക്കുന്നത്. മേഗനും കേയ്റ്റും തീർത്തും വ്യത്യസ്തമായ രണ്ട് വ്യക്തിത്വങ്ങളാണെന്നാണ് ഒരു ഉറവിടം പ്രതികരിച്ചിരിക്കുന്നത്.

ഹാരിക്കും മേഗനുമായി ഫ്രോഗ്മോർ കോട്ടേജ് രാജ്ഞി അനുവദിച്ച് നൽകുകയായിരുന്നു. അത് ഇവരുടെ ഔദ്യോഗിക വസതിയായി മാറുകയും ചെയ്യും. ഫ്രോഗ്മോറിൽ പത്ത് ബെഡ്റൂമുകളാണുള്ളത്. എന്നാൽ നിലവിൽ ഹാരിയും മേഗനും താമസിക്കുന്ന കെൻസിങ്ടൺ പാലസിലെ നോട്ടിങ്ഹാം കോട്ടേജിൽ വെറും രണ്ട് ബെഡ്റൂമുകളേയുള്ളൂ. മേഗനൊപ്പമുള്ള അമ്മ ഡോറിയ, നാനി എന്നിവർക്ക് ഓരോ റൂം വേണമെന്നും അത്തരം സൗകര്യങ്ങൾ പരിഗണിച്ചാണ് ഫ്രോഗ്മോറിലേക്ക് മാറുന്നതെന്നുമാണ് ഔദ്യോഗിക വിശദീകരണം.

കെൻസിങ്ടൺ പാലസിൽ കേയ്റ്റും വില്യമും മക്കളും താമസിക്കുന്ന 20 റൂം അപാർട്ട്മെന്റിനടുത്ത് നിന്നും എത്രയും വേഗം മാറിത്താമസിക്കാൻ ഹാരിയും മേഗനും ആഗ്രഹിക്കുന്നുവെന്നും ഉള്ളറ സംസാരങ്ങളുണ്ട്..ഇരു സഹോദരങ്ങളും തങ്ങളുടേതായ വഴികളിൽ അകന്ന് പോകുന്ന പ്രവണതയാണ് ഇപ്പോഴുള്ളതെന്നും പാപ്പരാസികൾ വെളിപ്പെടുത്തുന്നു. സമീപകാലത്ത് മേഗന് കൊട്ടാരത്തിലും പൊതുജനങ്ങൾക്കിടയിലും പ്രാധാന്യമേറെ ലഭിച്ചത് കേയ്റ്റിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നും പാപ്പരാസികൾ മത്സരിച്ചെഴുതിയിട്ടുണ്ട്.