ലണ്ടൻ: ബ്രിട്ടീഷ് രാജകുമാരി കെയ്റ്റ് മിഡിൽട്ടണിന്റെ വേഷങ്ങളും ഫാഷനുകളും പപ്പാരാസി ക്യാമറകൾക്ക് എന്നും വിരുന്നാണ്. ആരാധകരെ കൈയിലെടുക്കുന്ന തരത്തിലുള്ള ഫാഷനുകൾ പിന്തുടരുന്നതിൽ രാജകുമാരിക്കുമുണ്ട് മിടുക്ക്. വിംബിൾഡണിനെത്തിയപ്പോഴും ആ പതിവ് കെയ്റ്റ് തെറ്റിച്ചില്ല.

21 ഗ്രാൻസ്ലാംകിരീടങ്ങൾക്കുടമയായ, വനിതാ ടെന്നീസിലെ രാജകുമാരി സെറീന വില്യംസുമൊക്കെ കെയ്റ്റിന്റെ സെൽഫിയെടുക്കൽ ഇതിനകം സോഷ്യൽ മീഡിയയ്ക്ക് ഏറെ പ്രിയപ്പെട്ട വിഭവമായി മാറിക്കഴിഞ്ഞു. താനും രാജകുമാരിയുമായുള്ള ചിത്രങ്ങൾ സെറീനയും ട്വിറ്ററിലും മറ്റും പോസ്റ്റ് ചെയ്തു.

തൂമഞ്ഞ നിറമുള്ള ഒറ്റയുടുപ്പ് അണിഞ്ഞാണ് രാജകുമാരി വിംബിൾഡൺ കാണാനെത്തിയത്. ഫാഷനിൽ വലിയ ഭ്രമമുണ്ടെങ്കിലും അനാവശ്യമായി പുതിയ വസ്ത്രങ്ങൾക്ക് പിന്നാലെ പോകുന്ന രാതി കെയ്റ്റിനില്ല. 2014-ൽ ഓസ്‌ട്രേലിയൻ ടൂറിന് പോയപ്പോൾ ധരിച്ചിരുന്ന അതേ ഗൗണാണ് വിംബിൾഡൺ കാണാനും അവരുപയോഗിച്ചതെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.

സെറീന വില്യംസും എലേന വെസ്‌നിനയുമായുള്ള സെമി ഫൈനൽ മത്സരം കാണുന്നതിനാണ് കെയ്റ്റ് എത്തിയത്. രാജകുമാരി ആരാധകർക്കിടയിലുണ്ടെന്ന് താൻ അറിഞ്ഞതില്ലെന്ന് സെറീന പറഞ്ഞു. ടെന്നീസിനോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് മത്സരശേഷം മുൻ ടെന്നീസ് താരം ഗ്രെഗ് റൂസെഡ്‌സ്‌കിയുമായുള്ള ചാറ്റ് ഷോയ്ക്കിടെ കെയ്റ്റും വ്യക്തമാക്കി.