തലശേരി: കതിരുർ ബോംബ് സ്‌ഫോടന കേസിൽ കൂടുതൽ പേരെ പ്രതിചേർക്കാൻ പൊലിസ് ഒരുങ്ങുന്നു. സ്‌ഫോടനമുണ്ടായ കതിരുർ നാലാംമൈലിലെ കുറ്റേരിച്ചാൽ പറമ്പത്ത് ഹൗസിങ് കോളനിയിലെ ബിനുവിന്റെ വീട്ടുമുറ്റത്തുണ്ടായ സ്‌ഫോടനത്തിൽ സിപിഎം പ്രവർത്തകൻ നിജേഷിന്റെ കൈപ്പത്തി കളാ ണ് അറ്റത്. ബോംബുനിർമ്മാണത്തിനിടെ ഇരു കൈപ്പത്തി കളും അറ്റ നിജേഷ് മംഗളുരിലെ ഫാദർ മുള്ളേഴ്‌സ് ആശുപത്രിയിൽ ഐ.സി.യുവിൽ ചികിത്സയിലാണ് ഇവിടെ നിന്നും ഡിസ്ചാർജായാൽ നിജേഷിന്റെ മൊഴി രേഖപ്പെടുത്തി അറസ്റ്റു ചെയ്യുമെന്ന് പൊലിസ് പറഞ്ഞു.

ഇതിനിടെ വീട്ടുടമസ്ഥൻ ബിനുവിനെ പൊലിസ് അറസ്റ്റു ചെയ്യുകയും തലശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ബോംബുനിർമ്മാണത്തിൽ കൂടുതൽ പേർ പങ്കെടുത്തിട്ടുണ്ടാണ് പൊലിസ് അന്വേഷണത്തിൽ ലഭിക്കുന്ന വിവരം. തെളിവു നശിപ്പിച്ചതിനും വെടിമരുന്ന് അശ്രദ്ധമായി കൈകാര്യം ചെയ്തതിനും പൊലിസിനെ വിവരമറിയിക്കാത്തതിരുന്നതിനുമാണ് ഇപ്പോൾ നാലു പേർക്കെതിരെ കേസെടുത്തിരിക്കുന്നത് 'ഇവർ ഒളിവിലാണെന്ന് പൊലിസ് പറഞ്ഞു.ഇവർക്കായി കതിരൂർ ഇൻസ്‌പെക്ടർ സി.കെ സിജുവിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

കതിരുർ നാലാംമൈലിൽ ബോംബ് സ്‌ഫോടനം നടന്നുവെന്ന വിവരമറിഞ്ഞ് പൊലിസ് എത്തുമ്പോഴെക്കും സ്ഥലം മഞ്ഞളും വെള്ളവും ചേർത്ത് വീട്ടുടമയും അവിടെയുണ്ടായിരുന്ന സംഘവും കഴുകി വൃത്തിയാക്കിയിരുന്നു. സ്‌ഫോടനം നടന്നത് വിടിന്റെ മേൽ ഭാഗത്തെ പറമ്പിലാണെന്ന് പറഞ്ഞ് പൊലിസിനെ വഴിതെറ്റിക്കാനും ചിലർ ശ്രമിച്ചു. പിന്നീട് വിശദമായ പരിശോധന നടത്തിയപ്പോൾ വീട്ടുമുറ്റത്ത് രക്തക്കറ കണ്ടെത്തുകയായിരുന്നു.ഇതേ തുടർന്നാണ് സ്ഥലത്ത് ഫോറൻസിക് സംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയത്.

ബോംബുനിർമ്മാണത്തിന് ഉപയോഗിക്കുന്ന ചണ നൂലും നിജേഷ് എന്ന മാരിമുത്തുവിന്റെ അറ്റുപോയ കൈവിരലുകളും സ്ഥലത്തു നടത്തിയ തെരച്ചിലിൽ കണ്ടെത്തുകയായിരുന്നു നി ജേഷിന്റെ സുഹൃത്ത് കുടിയായ വീട്ടുടമസ്ഥൻ ബിനുവിന്റെ വീടിനു പുറകിലെ മാലിന്യ ടാങ്കായി ഉപയോഗിക്കുന്ന സിമന്റ് ടാങ്കിലേക്ക് കൈകൾ താഴ്‌ത്തി ബോംബ് നിർമ്മിക്കുന്നതിനിടെയാണ് ഉഗ്രശബ്ദത്തോടെ ബോംബ് പൊട്ടിയ തെന്നാണ് അന്വേഷണ സംഘം നൽകുന്ന പ്രാഥമിക വിവരം.

സംഭവസ്ഥലത്തു നിന്നും ചിതറിയ കൈപ്പത്തിയുടെ അവശിഷ്ടങ്ങളും ബോംബ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ചണ നൂൽ, കരിങ്കൽ കഷ്ണങ്ങൾ എന്നിവയും കണ്ടെത്തിയിരുന്നു.കഴിഞ്ഞ വർഷം കതിരുർ പൊലിസ് സ്റ്റേഷൻ പരിധിയിലെ പൊന്യം നരി വയലിൽ പുഴയോരത്ത് താൽക്കാലികമായി നിർമ്മിച്ച ഷെഡിൽ നിന്നും ബോംബ് നിർമ്മിക്കുന്നതിനിടെ മാഹി മുഴിക്കര സ്വദേശിയുടെ ഇരു കൈപ്പത്തി കളും പൊട്ടിത്തെറിച്ചിരുന്നു.ഇതിനെ തുടർന്നാണ് പൊലിസ് റെയ്ഡിനെ ഭയന്ന് വീടുകളിലേക്ക് ബോംബ് നിർമ്മാണ സംഘം കൂടുമാറിയതെന്നാണ് സൂചന.

മുൻ കാലങ്ങളിൽ മരബഞ്ചുകളും മരങ്ങളും മറയാക്കിയാണ് ബോംബ് നിർമ്മിച്ചിരുന്നത്. സ്‌ഫോടനം നടന്നാൽ മുഖത്ത് പരിക്കേൽക്കാതിരിക്കാനായിരുന്നു ഈ മുൻകരുതൽ. എന്നാൽ ഇപ്പോൾ എല്ലാ വീടുകളും തദ്ദേശ സ്ഥാപനങ്ങൾ മാലിന്യ നിർമ്മാർജനത്തിനായി കമ്പോസ്റ്റ് ടാങ്കുകൾ നൽകിയിട്ടുണ്ട്. ഈ ടാങ്കാണ് കതിരൂർ നാലാം മൈലിൽ ബോംബ് നിർമ്മാണത്തിനായി സംഘം ഉപയോഗിച്ചതെന്ന തെളിവ് ലഭിച്ചതോടെ ബോംബുനിർമ്മാണത്തിലും പുതിയ പരിഷ്‌കരണങ്ങളുണ്ടായെന്നാണ് പൊലിസ് പറയുന്നത്.

വർഷങ്ങൾക്ക് മുൻപ്പാനൂരിൽ സ്‌കൂളിലെഅദ്ധ്യാപകന്റെ ബാഗിൽ സുക്ഷിച്ച ചോറ്റുപാത്രത്തിൽ നിന്നും ബോംബ് പൊട്ടിയ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതിനു പുറമേ ബോംബ് നിർമ്മാണത്തിനിടയിൽ കതിരുർ പുല്യോട് ഉൾപ്പെടെനിരവധി ജീവനുകളാണ് മുമ്പ് പൊലിഞ്ഞിട്ടുള്ളത്. കൈപ്പത്തികൾ ഉൾപ്പെടെ നഷ്ടപ്പെട്ട് ഗുരുതരമായ പരിക്കുകളോടെ ജീവിക്കുന്നവരും ഏറെയാണ്. പാനൂർ പൊലീസ് സ്റ്റേഷനു മുന്നിൽ പിടിച്ചെടുക്കുന്ന ബോംബുകൾ നിർവീര്യമാക്കാനുള്ള ബോംബ് കുഴി തന്നെ ഒരു കാലത്ത് ഉണ്ടായിരുന്നു.

അന്നത്തെ കണ്ണുർ എസ്‌പിയായിരുന്നവിൻസന്റ് എം. പോളിന്റെ നേതൃത്വത്തിൽ ബോംബ് കണ്ടെത്താനായി പ്രത്യേക സ്‌ക്വാഡ് തന്നെ പൊന്ന്യം കപ്പരട്ടി ഭവനിൽ മാസങ്ങളോളം ക്യാമ്പ് ചെയ്യുകയും നൂറു കണക്കിൽ ഉഗ്രശേഷിയുള്ള ബോംബുകൾ പിടികൂടുകയും ചെയ്തിരുന്നു.
കതിരൂർ നാലാം മൈലിൽ ബോംബ് നിർമ്മിച്ച സംഘം ഈ രംഗത്തെ ന്യൂ ജനറേഷനാണെന്നാണ് പൊലീസ് നൽകുന്ന സൂചന. പാർട്ടി ഗ്രാമങ്ങളിൽ അതാത് പാർട്ടികളിൽപെട്ടവർ എതിരാളികളെ നേരിടാനായി ഇപ്പോഴും ബോംബ് നിർമ്മിച്ച് സൂക്ഷിക്കുന്നുണ്ടെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകളിൽ പറയുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ കതിരൂർ, തലശേരി, മമ്പറം എന്നിവിടങ്ങളിൽ നടന്ന റെയ്ഡിൽ നിരവധി ബോംബുകൾ പിടികൂടുകയും ചെയ്തിരുന്നു. ഇപ്പോൾ കതിരുർ പൊലിസ് സ്റ്റേഷൻ പരിധിയിൽ ബോംബ് സ്‌ക്വാഡിന്റെ റെയ്ഡ് തുടരുകയാണ്.