തലശ്ശേരി: ആർഎസ്എസ് നേതാവ് കതിരൂർ മനോജ് വധക്കേസിൽ പ്രതിയായ സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി സെഷൻസ് കോടതി വീണ്ടും തള്ളി. യുഎപിഎ നിലനിൽക്കുന്ന സാഹചര്യത്തിൽ ജാമ്യം നൽകാൻ കോടതിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജയരാജന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ജയരാജൻ ഇന്നോ നാളെയോ അറസ്റ്റിലാകുന്ന സാഹചര്യം ഉണ്ടാകും. അതേസമയം മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ഉടനെ ഹൈക്കോടതിയിൽ അപേക്ഷ നൽകാനും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജയരാജനെ സിബിഐ അറസ്റ്റ് ചെയ്യുന്നതിനെ പ്രതിരോധിക്കാനുമാണ് സിപിഎമ്മിനുള്ളിലെ ധാരണ.

കേസിലെ മുഖ്യപ്രതി വിക്രമനുമായി അടുത്ത ബന്ധമുള്ള ജയരാജന് അസുഖങ്ങളൊന്നുമില്ലെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മാത്രമാണ് ആശുപത്രിയിൽ കഴിയുന്നതെന്നും സിബിഐ കോടതിയെ ബോധിപ്പിച്ചിരുന്നു. അസുഖമുണ്ടെന്ന പേരിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ജയരാജനെ ആദ്യം ഐ.സി.യുവിൽ അഡ്‌മിറ്റ് ചെയ്‌തെന്നും പിന്നീട് വാർഡിലേക്ക് മാറ്റിയെന്നും ഇപ്പോഴും അദേഹം വാർഡിൽ തുടരുകയാണെന്നും സിബിഐ കോടതിയെ അറിയിച്ചു.

ജയരാജന്റെ ചികിത്സയെ സംബന്ധിച്ച ആശുപത്രി രേഖകളിൽ പരിശോധിച്ചതിൽ അദ്ദേഹത്തിന് ഏന്തെങ്കിലും ഗുരുതര രോഗങ്ങളുള്ളതായി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന വിവരവും സിബിഐ കോടതിക്ക് കൈമാറിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഇത് മൂന്നാം തവണയാണ് ജയരാജന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. കേസിൽ ജയരാജനെ ഇരുപത്തിയഞ്ചാം പ്രതിയാക്കി സിബിഐ നേരത്തെ കോടതിയിൽ ഈ മാസം 21ന് റിപ്പോർട്ട് നൽകിയിരുന്നു.

കൊലപാതകത്തിനു കൂട്ടുനിന്നതിനും ക്രിമിനൽ ഗൂഢാലോചനയ്ക്കും പുറമേ യു.എ.പി.എ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) വകുപ്പുകൾ പ്രകാരം ആസൂത്രണം, സംഘംചേരൽ എന്നീ കുറ്റങ്ങളാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്. മനോജ് വധക്കേസിൽ സിപിഐ(എം) ഏരിയാ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയ 24 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. രാഷ്ട്രീയവൈരാഗ്യം വച്ചുള്ള കൊലപാതകമെന്നാണ് സിബിഐയുടെ നിഗമനം. ജയരാജന് മനോജിനോട് വ്യക്തിപരമായ ശത്രുതയും രാഷ്ട്രീയ വൈരാഗ്യവും ഉണ്ടായിരുന്നതായി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

1999 ഓഗസ്റ്റ് 25ന് തിരുവോണനാളിൽ ജയരാജനെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മനോജ്. ഈ കേസിൽ പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. നേരത്തേ സിപിഐ(എം) വിട്ട് ആർ.എസ്.എസിൽ ചേർന്ന അഞ്ഞൂറോളം പേർക്ക് സ്വീകരണമൊരുക്കിയതിന്റെ മുഖ്യചുമതലക്കാരൻ മനോജായിരുന്നു. കേസിലെ ഒന്നാംപ്രതി വിക്രമനുമായി സംസാരിച്ച് ജയരാജൻ മറ്റു പ്രതികളെ ഏകോപിപ്പിക്കാൻ ചുമതലയേല്പിച്ചു. വിക്രമൻ മറ്റുള്ളവരെ ഏകോപിപ്പിച്ച് കൊല നടത്തുകയായിരുന്നുവെന്നും ജയരാജനാണ് ആസൂത്രകനെന്നും ഡിവൈ.എസ്‌പിയുടെ റിപ്പോർട്ടിലുണ്ട്.

ആർഎസ്എസ് ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ഇളന്തോട്ടത്തിൽ മനോജ് (46) കൊല ചെയ്യപ്പെട്ടത് 2014 സെപ്റ്റംബർ ഒന്നിനായിരുന്നു. രാവിലെ കിഴക്കെ കതിരൂരിലെ വീട്ടിൽ നിന്ന് തലശേരിയിലേക്ക് ഒംനി വാനിൽ പോകവേ ഉക്കാസ്‌മെട്ടയിൽ വച്ച് ബോംബെറിഞ്ഞ ശേഷം വാഹനത്തിൽ നിന്നു വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

സിപിഎമ്മിന്റെ പ്രമുഖനേതാവ് പ്രതിസ്ഥാനത്തുള്ള കേസെന്ന നിലയിൽ തലശ്ശേരിക്ക് പുറത്തുള്ള കോടതിയിലേക്ക് കേസ് മാറ്റാനുള്ള ശ്രമങ്ങളും സിബിഐ ഊർജിതമാക്കിയിട്ടുണ്ട്. സോളാർ കേസിൽ രാഷ്ടീയ കേരളം ഇളകി മറിയുന്ന സാഹചര്യത്തിലാണ് മുതിർന്ന സിപിഐ(എം) നേതാവ് അറസ്റ്റിലാകുന്ന സാഹചര്യമുള്ളത്. ഈ രാഷ്ട്രീയ സാഹചര്യം യുഡിഎഫ് ആയുധമാക്കുമെന്നതും ഉറപ്പാണ്. ആർഎസ്എസ് നേതാവ് കൊലചെയ്യപ്പെട്ട കേസിൽ കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് പ്രത്യേക താൽപ്പര്യമുണ്ടെന്ന പ്രചരണം ഉയർത്തി പ്രതിരോധിക്കുകയാണ് സിപിഐ(എം) ലക്ഷ്യമിടുന്നത്.