ന്യൂഡൽഹി: മുസ്ലിം യൂത്ത് ലീ​ഗിന്റെ കത്വ ഫണ്ട് പിരിവ് വിവാദം പുതിയ വഴിത്തിരിവിൽ. കത്വാ കേസ് നടത്തിപ്പിനായി അഭിഭാഷകർ ആരും പണം വാങ്ങിയിട്ടില്ലെന്നാണ് സുപ്രീം കോടതിയിലടക്കം കേസ് വാദിച്ച ദീപിക സിങ് രജാവത് വെളിപ്പെടുത്തുന്നത്. പബ്ലിക് പ്രൊസിക്യൂട്ടറാണ് വിചാരണ കോടതിയിൽ കേസ് നടത്തുന്നത്. മുസ്ലിം യൂത്ത് ലീഗ് പണം നൽകിയെന്ന് പറയുന്ന അഭിഭാഷകൻ മുബീൻ ഫാറൂഖിക്ക് കേസുമായി ബന്ധമില്ലെന്നും ദീപിക സിങ് രജാവതിന്റെ ഓഡിയോ സന്ദേശത്തിൽ പറയുന്നു. ഇതോടെ വിവാദത്തിൽ യൂത്ത് ലീ​ഗ് കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്.

കത്വ അഭിഭാഷകർക്ക് 9,35,000 രൂപ നൽകിയെന്ന് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് ഭാരവാഹികൾ വാർത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു. എന്നാൽ പണം നൽകിയെന്ന് പറയുന്ന അഭിഭാഷകനായ മുബീൻ ഫറൂഖിക്ക് കേസ് നടത്തിപ്പിൽ യാതൊരു ബന്ധവും ഇല്ലെന്ന് ദീപിക സിങ് രജാവത്ത് പറഞ്ഞു. കേസ് പൂർണ്ണമായും താൻ സൗജന്യമായിട്ടാണ് നടത്തുന്നത്. കേരളത്തിൽ നിന്ന് യാതൊരു പണം ലഭിച്ചിട്ടില്ല. പണം ലഭിച്ചെന്ന് പറയുന്നത് ആശ്ചര്യജനകമാണെന്നും ദീപിക സിങ് പറഞ്ഞു.

കേസിലെ പെൺകുട്ടിയുടെ പിതാവിന് അഞ്ചു ലക്ഷം രൂപയും അഭിഭാഷകർക്ക് ഒമ്പതര ലക്ഷത്തോളം രൂപയും നൽകിയെന്നായിരുന്നു യൂത്ത് ലീഗിന്റെ വിശദീകരണം. മുബീൻ ഫാറൂഖിയാണ് കോടതികളിൽ കേസ് കോർഡിനേറ്റ് ചെയ്യുന്നതെന്നുമായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ മുബീൻ ഫാറൂഖി കേസുമായി ബന്ധപ്പെട്ട് ഒരു കോടതിയിലും ഹാജരായിട്ടില്ലെന്നാണ് ദീപിക സിങ് പറയുന്നത്.

യൂത്ത് ലീഗ് നേതൃത്വത്തിനെതിരെ അഴിമതി ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലമാണ് കഴിഞ്ഞയിടയ്ക്ക് രം​ഗത്തെത്തിയത്. കത്വ, ഉന്നാവോ പീഡനത്തിന് ഇരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ യൂത്ത് ലീഗ് നേതാക്കൾ സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിച്ചെന്നായിരുന്നു ആരോപണം.

കത്വ, ഉന്നാവോ പീഡനത്തിന് ഇരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ യൂത്ത് ലീഗ് നേതാക്കൾ സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിച്ചെന്ന് യൂസഫ് പടനിലം ആരോപിച്ചു. ഈ ഫണ്ടിൽ നിന്ന് കേരളത്തിലെ യൂത്ത് ലീഗ് നേതാക്കളും വിഹിതം കൈപ്പറ്റിയിട്ടുണ്ടെന്നും യൂസഫ് പടനിലം പറയുന്നു. യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ് നയിച്ച 2019-ലെ യുവജന യാത്രയുമായി ബന്ധപ്പെട്ട കടം തീർക്കാൻ എന്ന പേരിൽ ഉന്നാവോ ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ നേതൃത്വം വകമാറ്റി ചെലവഴിച്ചുവെന്ന് യൂസഫ് പടനിലം ആരോപിക്കുന്നു.

യൂത്ത് ലീഗിലെ അഴിമതി ചോദ്യം ചെയ്ത മുഈനലി തങ്ങളെ (ഹൈദരലി തങ്ങളുടെ മകൻ) അവഹേളിക്കാൻ പാർട്ടിക്കുള്ളിൽ ശ്രമമുണ്ടെന്നും ആരോപണ വിധേയരായ സി.കെ.സുബൈർ, പി.കെ.ഫിറോസ് എന്നീ മുസ്ലിം ലീഗ് സംരക്ഷിക്കുകയാണെന്നും യൂസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യൂത്ത് ലീഗിലെ സാമ്പത്തിക ക്രമക്കേടുകൾ സംസ്ഥാന തലത്തിൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂസഫ് ഇതിനായി വിജിലൻസിനെ സമീപിക്കുമെന്നും വ്യക്തമാക്കി.

യൂത്ത് ലീഗിലെ ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് യൂസഫ് പടനിലം ഉന്നയിച്ച ആരോപണങ്ങൾ ഭാഗീകമായി ശരിവച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനുമായ മുഈനലി തങ്ങൾ രംഗത്തു വന്നിരുന്നു. പീഡനത്തിന് ഇരയായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ പിരിച്ച പണം സംബന്ധിച്ച കണക്ക് രണ്ട് വ‍ർഷം കഴിഞ്ഞും നേതാക്കൾ പുറത്തു വിട്ടിട്ടില്ലെന്നും ഈ പണം കുടുംബങ്ങൾക്ക് കൊടുത്തോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും മുഈനലി തങ്ങൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് തവണ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് പരാതി നൽകിയിട്ടും നടപടിയായില്ലെന്നും മുഈനലി കൂട്ടിച്ചേ‍ർത്തു.