മുംബൈ: ഇന്ത്യയിൽ അസഹിഷ്ണുത ഉണ്ടെന്ന ഒരു വാക്ക് മാത്രമേ ബോളിവുഡ് താരം അമീർഖാന് പറഞ്ഞിട്ടുള്ളൂ. ഇത് മാദ്ധ്യമങ്ങളിൽ വിവാദമായതോടെ അമീർഖാനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായി. ഇതോടെ പരസ്യക്കരാറുകളിൽ നിന്നെല്ലാം അമീർ ഔട്ടാകുകയും ചെയ്തു. അസഹിഷ്ണുത വിവാദത്തെ തുടർന്ന് സ്‌നാപ്ഡീൽ കരാർ അവസാനിപ്പിച്ചതോടെ തന്റെ കരിയറിൽ ഇത് ആദ്യമായി പരസ്യങ്ങളുടെയൊന്നും ഭാഗമാകാതെയായി നടൻ അമീർ ഖാൻ.

അതേസമയം അമീറിന്റെ ഗതി തനിക്കുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടിയുമായാണ് കത്രീന കൈഫ് പ്രതികരിച്ചത്. അമീർ ഖാനും ഷാരൂഖ് ഖാനുമൊക്കെ രാജ്യം അസഹിഷ്ണുതയിലെന്ന് പറയുമ്പോൾ ഏറെ സഹിഷ്ണുതയുള്ള രാജ്യമാണ് നമ്മുടേതെന്ന് ബോളിവുഡ് ബ്യൂട്ടി കത്രീനാ കൈഫ് പറയുന്നു. അസഹിഷ്ണുതാ ചർച്ചയിൽ പങ്കെടുക്കാനില്ല. പുറത്തുനിന്നും ഓരോ തവണ ഇന്ത്യയിൽ കാലു കുത്തുമ്പോഴും സ്വന്തം വീട്ടിൽ എത്തിയ പ്രതീതിയാണ്. സഹിഷ്ണുതയുള്ള രാജ്യമാണ് ഇന്ത്യയെന്നും ജീവിതകാലം മുഴുവൻ ഇന്ത്യയിൽതന്നെ ജീവിക്കുമെന്നും കത്രീന കൂട്ടിച്ചേർത്തു.

അസഹിഷ്ണുതാ വിവാദം തിരിച്ചടിയായ വേളയിൽ അമീർ തന്നെ പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. താനോ തന്റെ ഭാര്യയോ ഇന്ത്യ വിട്ടു പോവാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങളൊരിക്കലും അതു ചെയ്തിട്ടില്ല, ഭാവിയിലും അങ്ങനെ ചെയ്യില്ല. തന്നെ എതിർക്കുന്നവർ താനെന്താണു പറഞ്ഞതെന്നു കേട്ടിട്ടില്ല. അല്ലെങ്കിൽ താൻ പറഞ്ഞതിനെ വളച്ചൊടിക്കുകയായിരുന്നു. 'ഇന്ത്യ എന്റെ രാജ്യമാണ്. ഇന്ത്യയെ ഞാൻ സ്‌നേഹിക്കുന്നു. ഇവിടെ ജനിക്കാനായത് എന്റെ ഭാഗ്യം. ഇവിടയാണ് ഞാൻ ജീവിക്കുന്നത്. ഗോയങ്ക പുരസ്‌കാരവേദിയിലെ അഭിമുഖത്തിൽ പറഞ്ഞതിൽ ഞാൻ ഉറച്ചു നിൽക്കുന്നു. എന്റെ ഹൃദയത്തിലുള്ളത് ഞാൻ പറഞ്ഞതിന് എന്നെ പുലഭ്യം പറയുമ്പോൾ, പറഞ്ഞത് ശരിയാണെന്ന് സങ്കടത്തോടെ ഞാൻ മനസ്സിലാക്കുകയാണ്.' അമിർ പറയുന്നു.

'എന്നെ രാജ്യദ്രോഹിയാക്കി ചിത്രീകരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇന്ത്യക്കാരൻ എന്നതിൽ ഞാൻ അഭിമാനിക്കുന്നു. അതിന് ഒരാളുടെയും അംഗീകാരം എനിക്കു വേണ്ട.' രവീന്ദ്രനാഥ ടാഗോറിന്റെ പ്രശസ്തമായ 'പേടിയില്ലാത്ത ഹൃദയത്തിൽ' എന്ന കവിത ഉദ്ധരിച്ചാണ് ആമിർ പ്രസ്താവന അവസാനിപ്പിച്ചതും. നേരത്തെ അസഹിഷ്ണുതാ വിവാദത്തെ തുടർന്ന് അമീർഖാനെ ടൂറിസംവകുപ്പും പരസ്യത്തിൽ നിന്നും ഒഴിവാക്കിയിരുന്നു.

കരാറുകളിൽ നിന്നെല്ലാം ഒഴിവാക്കപ്പെട്ടെങ്കിലും ഇപ്പോഴും ഏറ്റവും താരമൂല്യമുള്ള നടനാണ് അമീറെന്ന് പരസ്യ രംഗത്തെ പ്രമുഖർ വ്യക്തമാക്കുന്നു. അമീർ ഖാൻ ഉത്തരവാദിത്വമുള്ള നടനാണ്, സിനിമയ്ക്ക് ഉപരിയായി സാമൂഹ്യകാര്യങ്ങളിൽ ഇടപെടുന്ന നടനാണ് അമീറെന്നും ോബൽ അഡ്‌വർടൈസിങ് ഏജൻസിയുടെ എക്‌സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്ടർ വി. സുനിൽ പറഞ്ഞു. ഒരു ചത്രം ഹിറ്റാകുന്നതോടെ എല്ലാ പരസ്യചിത്ര നിർമ്മാതാക്കളും അമീറിന്റെ പിന്നാലെ പായുമെന്നും സുനിൽ പറഞ്ഞു.