- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്രീനാ കൈഫും വിക്കി കൗശലും വിവാഹിതരായി; ആഹ്ലാദ നിമിഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് വിക്കി കൗശൽ; ഈ നിമിഷത്തിലേക്ക് എത്തിച്ച എല്ലാത്തിനോടുമുള്ള സ്നേഹവും നന്ദിയുമെന്ന് കത്രീന
ജയ്പുർ: ബോളിവുഡ് താരങ്ങളായ കത്രീനാ കൈഫും വിക്കി കൗശലും വിവാഹിതരായി. രണ്ടുകൊല്ലത്തോളമായി പ്രണയത്തിലായിരുന്നു ഇരുവരും. വിവാഹത്തിന്റെ ആദ്യ ചിത്രങ്ങൾ പുറത്തെത്തി. വിക്കി കൗശൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. 'ഞങ്ങളെ ഈ നിമിഷത്തിലേക്ക് എത്തിച്ച എല്ലാത്തിനോടും ഞങ്ങളുടെ ഹൃദയത്തിൽ സ്നേഹവും നന്ദിയും മാത്രം. ഞങ്ങൾ പുതിയൊരു യാത്ര ആരംഭിക്കുന്ന ഈ വേളയിൽ നിങ്ങൾ ഏവരുടെയും സ്നേഹാനുഗ്രഹങ്ങൾ പ്രതീക്ഷിക്കുന്നു', ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് വിക്കി കൗശലും കത്രീനയും ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇരുവരുടെയും അടുത്തബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സവായ് മധോപുരിലെ ചൗത് കാ ബർവാര പട്ടണത്തിലെ സിക്സ് സെൻസസ് ഫോർട്ട് ബർവാരയാണ് താരവിവാഹത്തിന് വേദിയായത്. രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 700 വർഷത്തോളം പഴക്കമുള്ള കൊട്ടാരമാണ് സിക്സ് സെൻസസ് ഫോർട്ട് ബർവാര. പതിനാലാം നൂറ്റാണ്ടിൽ പണിത ഈ കോട്ട ഇന്ന് ആഡംബരസൗകര്യങ്ങളുള്ള റിസോർട്ടാണ്.
മൂന്ന് ദിവസങ്ങളിലായിട്ടായിരുന്നു വിവാഹാഘോഷങ്ങൾ. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഹൽദി, സംഗീത് ചടങ്ങുകളിലും വിവാഹത്തിനുമായി 120 അതിഥികളെ മാത്രമാണ് ക്ഷണിച്ചിരുന്നത്. വിവാഹസ്ഥലത്തേക്ക് മൊബൈൽ ഫോൺ കൊണ്ടുവരരുത് തുടങ്ങി അതിഥികൾക്ക് ചില നിബന്ധനകളും പാലിക്കേണ്ടിയിരുന്നു. കർശന സുരക്ഷ ഏർപ്പെടുത്തിയിരുന്നതിനാൽ വിക്കി കൗശൽ പങ്കുവെക്കുന്നതുവരെ വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൊന്നും എത്തിയിരുന്നില്ല.
സമീപകാലത്ത് മറ്റൊരു താരവിവാഹത്തിനും ലഭിക്കാത്ത തരത്തിലുള്ള പ്രേക്ഷകശ്രദ്ധയാണ് കത്രീന- വിക്കി വിവാഹത്തിന് ലഭിച്ചത്. വിവാഹ വീഡിയോയുടെ സംപ്രേഷണാവകാശം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. താരവിവാഹം സിരീസ് ആയി സംപ്രേഷണം ചെയ്യാൻ ആമസോൺ പ്രൈം വീഡിയോ 80-100 കോടിയാണ് നൽകിയതെന്നാണ് ലഭ്യമായ വിവരം.
വിക്കി കൗശലും കത്രീനയും അവരുടെ കുടുംബങ്ങളും ആറാം തീയതി തന്നെ വിവാഹവേദിയായ റിസോർട്ടിൽ എത്തിയിരുന്നു. പിന്നാലെ ഇരുവരുടെയും സുഹൃത്തുക്കളും സഹപ്രവർത്തകരുമൊക്കെ എത്തിത്തുടങ്ങി. കരൺ ജോഹർ, ഫറാ ഖാൻ, അലി അബ്ബാസ് സഫർ, കബീർ ഖാൻ, മിനി മാത്തൂർ, നേഹ ധൂപിയ, അംഗദ് ബേദി, മാളവിക മോഹനൻ തുടങ്ങി നിരവധി താരങ്ങൾ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. ഇവരിൽ പലരുടെയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ന്യൂസ് ഡെസ്ക്