പാലാ: മേലമ്പാറയിൽ നിന്നും കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ മണിക്കൂറുകൾക്കുള്ളിൽ ഈരാറ്റുപേട്ട പൊലീസ് തിരുവനന്തപുരത്ത് കാട്ടാക്കടയിൽ നിന്നും കണ്ടെത്തി. ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട യുവാവിനൊപ്പമാണ് പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. യുവാവിനെതിരെ പോക്‌സോ കേസ് ചുമത്തിയേക്കും.

പെൺകുട്ടിയുടെ വീടിനു സമീപമുള്ള ഒരു പുരയിടത്തിൽ എത്തി കാത്തിരിക്കുകയായിരുന്നു യുവാവ്. യുവാവ് പെൺകുട്ടിയെ വന്ന് കൂട്ടികൊണ്ടു പോകുകയായിരുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. ഇതാണ് നിർണ്ണായകമായത്. പെൺകുട്ടി തിരുവനന്തപുരം കാട്ടാക്കട ഭാഗത്തേയ്ക്കാണ് പോയയെന്ന് അന്വേഷണത്തിനിടെ പൊലീസിനു നിർണ്ണായക വിവരം ലഭിച്ചിരുന്നു.

വീട്ടുകാരെ കബളിപ്പിക്കാനായി രണ്ട് തലയിണകൾ ചേർത്തുവച്ച് പുതപ്പു കൊണ്ട് ആൾരൂപം തയ്യാറാക്കിയ ശേഷമാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയത്. ഇതുമൂലം പെൺകുട്ടി വീട്ടിൽ ഇല്ലെന്ന് അറിയാൻ വീട്ടുകാരും വൈകി. അവധി ദിവസമായിരുന്നതിനാൽ പെൺകുട്ടി ഉറങ്ങുകയാണെന്ന ധാരണയിലായിരുന്നു വീട്ടുകാർ. പൊലീസിൽ പരാതിപ്പെട്ടപ്പോഴേയ്ക്കും പെൺകുട്ടി ഈരാറ്റുപേട്ട വിട്ടിരുന്നു.

ഇന്നലെ രാവിലെ ആറു മണിയോടെയുള്ള കെ എസ് ആർ ടി സി ബസിലാണ് കാമുകനും കാമുകിയും തിരുവനന്തപുരത്തേയ്ക്കു തിരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബസിലെ കണ്ടക്ടർ സാമൂഹ്യ മാധ്യമങ്ങളിലെ ചിത്രം ശ്രദ്ധയിൽപ്പെട്ടപ്പോൾ ബസിൽ പെൺകുട്ടി യാത്ര ചെയ്തിരുന്ന വിവരം പൊലീസിൽ അറിയിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ അറിയിപ്പ് കണ്ടക്ടർ കണ്ടപ്പോഴേയ്ക്കും പെൺകുട്ടി ബസിൽ നിന്നും ഇറങ്ങിയിരുന്നു.

പെൺകുട്ടി മൊബൈൽ ഫോൺ കൈയിൽ കരുതിയിരുന്നില്ല. അതിനാൽ ആദ്യഘട്ടത്തിൽ അന്വേഷണം വഴിമുട്ടിയിരുന്നു. പിന്നീട് സാമൂഹ്യ മാധ്യമങ്ങളിലെ സൂചന വച്ച് സൈബർ സെല്ലുമായി ചേർന്നു നടത്തിയ അന്വേഷണമാണ് പെൺകുട്ടിയുടെ ലക്ഷ്യസ്ഥാനം പെട്ടെന്ന് കണ്ടെത്താൻ പൊലീസിനു സഹായകമായത്. പെൺകുട്ടിക്കൊപ്പമുള്ള യുവാവ് നേരത്തെയും പെൺകുട്ടിയെ തേടി മേലമ്പാറയിൽ എത്തിയിരുന്നു. അന്ന് വഴിതെറ്റി ആ ഭാഗത്ത് വന്ന ആളായി അഭിനയിക്കുകയായിരുന്നു.

മണിക്കൂറുകൾക്കുള്ളിൽ പെൺകുട്ടിയെ സുരക്ഷിതമായി കണ്ടെത്താൻ സാധിച്ചത് ഈരാറ്റുപേട്ട പൊലീസിന്റെ ഇടപെടൽ കാരണമാണ്. ഇൻസ്റ്റാഗ്രാം സൗഹൃദമാണ് ഒളിച്ചോട്ടത്തിലേക്ക് കാര്യങ്ങളെ എത്തിച്ചത്.