- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുടുംബത്തിന്റെ ദുസ്ഥിതിമൂലം കഷ്ടതയനുഭവിക്കേണ്ടിവന്ന ബാല്യകാലം; ജനിച്ചു വളർന്ന മണ്ണിൽ ആശാവർക്കർ; ഇനി ലക്ഷ്യം ആദിവാസി സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയും നാടിന്റെ സമഗ്ര വികസനവും; കുട്ടമ്പുഴയിലെ ഭാവി പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ ജീവിതം പറയുമ്പോൾ
കോതമംഗലം: കുടുംബത്തിന്റെ ദുസ്ഥിതിമൂലം കഷ്ടതയനുഭവിക്കേണ്ടിവന്ന ബാല്യകാലം.സമുദായത്തിന്റെ ദയനീയ സ്ഥതി അടുത്തറിഞ്ഞത് ജനിച്ചു വളർന്ന മണ്ണിൽ ആശാവർക്കറായി സേവനം അനുഷ്ടിച്ചപ്പോൾ. സമുദായത്തിന് വേണ്ടി ശബ്ദമുയർത്താനും ജനക്ഷേമ പ്രവർത്തനങ്ങൾ അവരിലേയ്ക്ക എത്തിക്കാനും രാഷ്ട്രീയ പ്രവർത്തനം തുണയായി. 5 വർഷം സ്വന്തം നാട്ടിലെ പഞ്ചായത്തംഗം. ഇപ്പോൾ വിജയിച്ചത് തൊട്ടടുത്ത വാർഡിൽ നിന്നും. പ്രസിഡന്റ് പദവിയിലെത്തിയാൽ പ്രവർത്തിക്കുക പഞ്ചായത്തിന്റെ മൊത്തം വികസനം ലക്ഷ്യമിട്ടും.
ജില്ലയിൽ ഏറ്റവും കിഴക്കെ അറ്റത്തുള്ളതും അവികസിത മേഖലകൾ ഏറെയുള്ളതുമായ കുട്ടമ്പുഴ പഞ്ചായത്തിലെ പട്ടികജാതി-പട്ടികവർഗ്ഗ സംവരണ സീറ്റിൽ നിന്നും ഇക്കുറി വിജയിച്ച കാന്തി വെള്ളക്കയ്യൻ തന്റെ ഇതുവരെയുള്ള ജീവിതത്തിന്റെ നാൾ വഴികളെക്കുറിച്ച് മനസ്സുതുറന്നത് ഇങ്ങിനെ. ആദിവാസി വിഭാഗത്തിൽപ്പെടുന്ന മുതുവ സമുദായത്തിലെ അംഗമാണ് കാന്തി. പൂയംകൂട്ടി പുഴയ്ക്ക് അക്കരെ ജനവാസമേഖലയോട് ഏറ്റവും അടുത്തുസ്ഥിതിചെയ്യുന്ന തലവച്ചപാറ ആദിവാസികോളനിയിലായിരുന്നു അടുത്തകാലം വരെ കാന്തി കുടംബസഹിതം ജീവിച്ചിരുന്നത്. ഇപ്പോൾ താമസം പൂയംകൂട്ടിയിലാണ്. ഈ പ്രദേശം ഉൾക്കൊള്ളുന്ന പഞ്ചായത്തിന്റെ എട്ടാം വാർഡിലാണ് ഇത്തവണ കാന്തി മത്സരിച്ചത്.
കഴിഞ്ഞതവണ ആറാം വാർഡിൽ നിന്നാണ് വിജയിച്ചത്. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജയം. ഇക്കുറി ഭൂരിപക്ഷം 76 ആയി. പഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനം പട്ടികജാതി -പട്ടിക വർഗ്ഗസംവരണമാണ്. ഭൂരിപക്ഷം നേടിയ യൂഡിഎഫ് പക്ഷത്തുനിന്നും ഈ വിഭാഗത്തിൽ നിന്നും മറ്റാരും വിജയിച്ചിട്ടില്ല. അതുകൊണ്ട് പ്രസിഡന്റ് സ്ഥാനം കാന്തിയിക്ക് ലഭിക്കുമെന്നതാണ് നിലവിലെ സാഹചര്യം.
ഇതുവരെയുള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ സഹപ്രവർത്തകരുടെ അഭിപ്രായംകൂടി കണക്കിലെത്ത് പഞ്ചായത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് കഴിയാവുന്നതെല്ലാം ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്ന കാന്തി മറുമാടനോട് വെളിപ്പെടുത്തി.
വനമേഖലകളും പുഴയും അതിർത്തിപങ്കിടുന്ന പഞ്ചായത്തിന്റെ വികസനസ്വപ്നങ്ങൾ വലുതാണ്. കൃഷിയാണ് പഞ്ചായത്തുനിവാസികളുടെ പ്രധാന ഉപജീവനമാർഗ്ഗം. വന്യമൃഗശല്യം മൂലം കർഷകർ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്.പഞ്ചായത്ത് സ്ഥിതിചെയ്യുന്നത് പുഴയുടെ തീരത്തായിട്ടും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഉയർന്ന പ്രദേശങ്ങളിലേയ്ക്ക് വെള്ളമെത്തിക്കാൻ മാർഗ്ഗമില്ലാത്തതാണ് ഇതിന്് കാരണം.ഗതാഗത സൗകര്യത്തിന്റെ കാര്യത്തിലും പിന്നോക്കാവസ്ഥയാണ് നിലനിൽക്കുന്നത്.ഇക്കാര്യങ്ങളിൽ കഴിയാവുന്നതെല്ലാം ചെയ്യാൻ പരമാവധി ശ്രമിക്കും.കാന്തി വ്യക്തമാക്കി.
പഞ്ചായത്തിൽ എൽ ഡി എഫി നെ അട്ടിമറിച്ച് യൂഡിഎഫ് ഭൂരിപക്ഷം നേടുകയും മറ്റ് രണ്ട് സംവരണ വാർഡുകളിലെ യൂഡിഎഫ് സ്ഥാനാർത്ഥികൾ പരാജയപ്പെടുകയും ചെയ്തതോടെയാണ് കാന്തി വെള്ളക്കയ്യന് പ്രസിഡന്റ് സ്ഥാനത്തെത്തുന്നതിനുള്ള സുവർണാവസരം കൈവന്നിട്ടുള്ളത്. 17 വാർഡുള്ള പഞ്ചായത്തിൽ 10 സീറ്റ് നേടിയാണ് യൂ ഡി എഫ് എൽ ഡി എഫിൽ നിന്നും ഭരണം പിടിച്ചെടുത്തത്.ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസിമേഖകളുള്ളത് കുട്ടമ്പുഴ പഞ്ചായത്തിലാണ്. തങ്ങൾക്കിടയിൽ നിന്നും ഒരാൾ ആദ്യമായി പഞ്ചായത്ത് പ്രസിഡന്റാകുന്നതിന്റെ സന്തോഷത്തിലാണ് ഊരുനിവാസികൾ.
ആദിവാസി സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയും കുട്ടമ്പുഴ പഞ്ചായത്തിന്റെ സമഗ്ര വികസനവും ലക്ഷ്യമിട്ടായിരിക്കും ഭാവിപ്രവർത്തനം.ഇതിനായി എല്ലാമേഖലകളിൽ നിന്നുള്ളവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുണ്ട്.പഞ്ചായത്തംഗങ്ങളുടെ സഹകരണവും അനുഭാവ പൂർവ്വമായ സർക്കാർ ഇടപെലും സാധ്യമായാൽ വരുന്ന 5 വർഷം കൊണ്ട് പഞ്ചായത്തിന്റെ വികസനചരിത്രം തന്നെ തിരുത്തികുറിക്കനാവുമെന്നാണ് കരുതുന്നത്.കാന്തി നയം വ്യക്തമാക്കി.
മറുനാടന് മലയാളി ലേഖകന്.