കായംകുളം: വയോധികനായ അയ്യപ്പ ഭക്തനെ സിപിഎം പ്രദേശിക നേതാവ് അക്രമിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. വള്ളികുന്നം എസ്‌ഐ ബി. അനീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. മർദ്ദനമേറ്റ അയ്യപ്പ ഭക്തനെ ഇനിയും കണ്ടെത്താനായില്ല. അതേ സമയം ഒളിവിൽ കഴിയുന്ന പ്രാദേശിക നേതാവിനെതിരെ അപായപ്പെടുത്താൻ ശ്രമിച്ചതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൂടാതെ സീനിയർ സിറ്റിസൺ വകുപ്പ് പ്രകാരവും കേസെടുക്കുമെന്നും പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. മർദ്ദനമേറ്റ അയ്യപ്പ ഭക്തന്റെ മൊഴിയെടുത്ത ശേഷം കൂടുതൽ വകുപ്പ് ചേർത്ത് കേസെടുക്കാനും ആലോചനയുണ്ട്.

മൂന്നാം തീയതിയാണ് ശബരിമലയിലേക്ക് പോകുകയായിരുന്ന വയോധികനായ അയ്യപ്പ ഭക്തനെ സിപിഎം പ്രാദേശിക നേതാവും സിഐ.ടി.യു പ്രവർത്തകനുമായ പള്ളിക്കൽ മന്നത്ത് വീട്ടിൽ കെ. രാജു മർദ്ദിക്കുന്നത്. കായംകുളം ഭാഗത്ത് നിന്നും കറുപ്പണിഞ്ഞ് ഒരു വടിയും കുത്തി വരികയായിരുന്നു വൃദ്ധനായ അയ്യപ്പ ഭക്തൻ. കൈകളിൽ ഒരു സഞ്ചിയും ഇരുമുടിയും ഉണ്ടായിരുന്നു. വരുന്ന വഴിയിൽ ഭിക്ഷയും യാചിച്ചായിരുന്നു നടത്തം. നാലു മണിയോടെ കറ്റാനം ഫെഡറൽ ബാങ്കിന് മുൻവശം എത്തിയപ്പോൾ അവിടെ നിൽക്കുകയായിരുന്ന രാജുവിന്റെ അടുത്ത് ഭിക്ഷ ചോദിച്ചു.

അപ്പോൾ കുപിതനായ രാജു വൃദ്ധന്റെ കൈയിൽ നിന്നും ഊന്നു വടി പിടിച്ചു വാങ്ങുകയും നീ ആർഎസ്എസ്സുകാരനല്ലെടാ. ഈ വടി നീയൊക്കെ ശാഖയിൽ ഉപയോഗിക്കുന്ന ദണ്ഡല്ലെ എന്ന് പറഞ്ഞ് വൃദ്ധനെ ആ വടി കൊണ്ട് തന്നെ മർദ്ദിക്കുകയായിരുന്നു. തടയാൻ വന്നവരോട് ഇവൻ ആർഎസ്എസ്സുകാരനാണ് എന്നും ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ പോകുകയാണ് എന്നും പറഞ്ഞ് വീണ്ടും മർദ്ദിച്ചു. ഇത് കണ്ടു കൊണ്ട് നിന്ന ഒരു സ്ത്രീ ആക്രോശിച്ചു കൊണ്ട് ഇയാൾക്കെതിരെ പാഞ്ഞടുത്തതോടെയാണ് മറ്റു ചിലർ കൂടി എത്തി വൃദ്ധനായ അയ്യപ്പ ഭക്തനെ മർദ്ദനത്തിൽ നിന്നും രക്ഷപെടുത്തിയത്. പിന്നീട് തന്റെ പേരു പോലും പറയാതെ അയാൾ നടന്നു പോയി.

അയ്യപ്പ ഭക്തനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ആരോ മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇത് വൈറലായതോടെ സംഭവത്തിൽ പ്രതിഷേധവുമായി നിരവധി പേർ രംഗത്തെത്തി. ഇതോടെ ബിജെപി കറ്റാനം മേഖലാ പ്രസിഡന്റ് മോഹനൻ പിള്ള വള്ളികുന്നം പൊലീസിൽ പരാതി നൽകി. മർദ്ദനമേറ്റ വൃദ്ധനായ അയ്യപ്പൻ ആരാണ് എന്ന് ഇതുവരെയും കണ്ടെത്താനായില്ല. ശബരിമലയിലേക്ക് നടന്നു പോയ ഇദ്ദേഹത്തെ ഉടൻ കണ്ടെത്തുമെന്ന് മോഹനൻ പിള്ള പറഞ്ഞു.

രാജു മുൻപ് ഭരണിക്കാവ് സർവ്വീസ് സഹകരണ ബാങ്കിലെ ജോലിക്കാരനായിരുന്നു. അവിടെ ചില സാമ്പത്തിക ക്രമക്കേടുകൾ നടത്തിയിരുന്നതിനാൽ ജോലിയിൽ നിന്നും പുറത്താക്കി. പിന്നീട് ഓട്ടോ റിക്ഷാ തൊഴിലാളിയാവുകയായിരുന്നു. കറ്റാനത്തെ സിഐടിയു നേതാവായ ഇയാൾ അവിടെ ചരക്കിറക്കാൻ വരുന്ന വാഹനങ്ങളിൽ നിന്നും മറ്റും വലിയ തുക ചുമട്ടു തൊഴിലാളികൾക്ക് വാങ്ങി നൽകി കമ്മീഷൻ പറ്റുന്ന രീതിയുണ്ട്. ഇതിനെതിരെ ചുമട്ടു തൊഴിലാളികൾക്കിടയിൽ തന്നെ വലിയ പ്രതിഷേധമുണ്ടായിട്ടുണ്ട്. ഇയാളെ പറ്റി നാട്ടിൽ നല്ല അഭിപ്രായമല്ല ഉള്ളത്. പ്രശ്നങ്ങൾ ഒത്തു തീർപ്പാക്കാുവാനും മറ്റും പണം വാങ്ങുന്ന രീതിയും ഉണ്ട്.

എവിടെയെങ്കിലും വയലോ കുളമോ നികത്തുന്ന സ്ഥലത്ത് സിപിഎം കൊടി നാട്ടുകയും അവിടെ നികത്തണമെങ്കിൽ വേണ്ട രീതിയിൽ പരിഗണിക്കണമെന്നും പറയും. ആയിരക്കണക്കിന് രൂപ ഇയാൾ വാങ്ങുകയും വീണ്ടും ആരെങ്കിലും പ്രശ്ന മുണ്ടാക്കുകയാണെങ്കിൽ പണം കൊടുത്ത് ഒതുക്കി കീർക്കുകയും ചെയ്യും. നാട്ടുകാർക്ക് സ്ഥിരം തലവേദനകൂടിയാണ് ഇയാൾ. ഇയാളുടെ ഓട്ടോയെ ഓവർടേക്ക് ചെയ്തു എന്ന് പറഞ്ഞ് യുവാവിനെ മർദ്ദിച്ച സംഭവം വരെയുണ്ടായിട്ടുണ്ട്.

സിപിഎം ഗുണ്ടയായ രാജുവിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നു. അതേ സമയം സിപിഎം പ്രാദേശിക നേതൃത്വം ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് കൊക്കൊള്ളുന്നത്.