ഇടുക്കി: കട്ടപ്പനയിൽ മാനസിക വൈകല്യമുള്ള 30 കാരിയെ ലൈംഗികചൂഷണത്തിന് വിധേയമാക്കിയ കേസിൽ കൂടുതൽ പേർ പങ്കുണ്ടെന്ന് പൊലീസിനെ വിവരം ലഭിച്ചു. സോഷ്യൽ മീഡിയയും ഫോണും ഉപയോഗിച്ച് യുവതിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ആണ് ചൂഷണം നടത്തിയിരിക്കുന്നത് . യുവതിയുടെ മൊബൈൽ കോൺടാക്ട് ലിസ്റ്റിൽ ഉള്ള മുഴുവൻ പേരുടെയും പശ്ചാത്തലം പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇതുകൂടാതെ സോഷ്യൽ മീഡിയയിലെ യുവതിയുടെ അക്കൗണ്ടിൽ ഫ്രണ്ട്‌സ് ലിസ്റ്റിൽ ഉള്ളവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരുന്നു. യുവതിയുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചിട്ടുള്ള ആയിരത്തോളം പേരുടെ ഫോൺ വിവരങ്ങളും പൊലീസ് ശേഖരിച്ചു വരുന്നു. അതേസമയം കേസിൽ അറസ്റ്റിലായ മൂവർ സംഘത്തിന് പ്രദേശത്തെ ലഹരി ഇടപാടുമായി ബന്ധമുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്.

അടുത്തിടെയായി അയ്യപ്പൻകോവിൽ പഞ്ചായത്തിലെ മാട്ടുക്കട്ട പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നിരോധിത ലഹരി ഉപയോഗം വർധിക്കുന്നതായാണ് വിവരം. ലഹരിവസ്തുക്കൾ ഇവിടെ സുലഭമായി ലഭിക്കുന്നതായും വിവരം ഉണ്ട്. ഇത്തരം സംഘങ്ങളുമായി അറസ്റ്റിലായ പ്രതികൾക്ക് ബന്ധമുണ്ടെന്ന് തരത്തിലുള്ള സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

അറസ്റ്റിലായ പ്രതികൾ പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്നും സൂചനയുണ്ട്. മാട്ടുക്കട്ട കേന്ദ്രീകരിച്ച് ഇത്തരം സംഘങ്ങളുടെ കൂടിച്ചേരലുകൾ നടന്നു വരുന്നുണ്ട്. രാത്രികാലങ്ങളിലാണ് സംഘം കൂടുതലായും ഇവിടെ എത്തുന്നത് .യുവതിയെ പീഡിപ്പിച്ചത് സഹോദരങ്ങളായ മാട്ടുക്കട്ട അമ്പലത്തിങ്കൽ എബിൻ ഇയാളുടെ സഹോദരൻ ആൽബിൻ, കുന്നപ്പള്ളി മറ്റം റെനിമോൻ, ചെങ്കര സ്വദേശി റോഷൻ എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ റെനി യുവതിയുമായി ആദ്യം അടുപ്പം സ്ഥാപിച്ച ശേഷം തുടർന്ന് സുഹൃത്തുക്കൾക്ക് നമ്പർ കൈമാറുകയായിരുന്നു.

ലൈംഗിക ചൂക്ഷണം പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞതിനെ തുടർന്നാണ് പീഡന വിവരം പുറത്തുവരുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിരവധിപേർ യുവതിയെ പീഡിപ്പിച്ചതായി കണ്ടെത്തിയത്.