തിരുവനന്തപുരം: കേരള കൗമുദി ദിനപത്രത്തിന്റെ ചാനലായ കൗമുദി ടിവിയിൽ പ്രധാനവാർത്തകൾ സംപ്രേഷണം ആരംഭിച്ചു. ദിവസവും രാവിലെ 10.30 മുതൽ രാത്രി 9.30 വരെ ഓരോ മണിക്കൂർ ഇടവിട്ടാണ് 'കൗമുദി ഹെഡ്‌ലൈൻസ്' പ്രേക്ഷകർക്കു മുന്നിൽ എത്തുന്നത്.

വാർത്തകളിൽ ഒരു നൂറ്റാണ്ടു പിന്നിട്ട വിശ്വാസ്യതയുടെ പിൻബലമുള്ള കേരളകൗമുദിയുടെ സമ്പന്നപാരമ്പര്യം കാത്തുസൂക്ഷിക്കുന്നതാവും കൗമുദി ടിവി ഹെഡ്‌ലൈൻസെന്ന് അധികൃതർ അറിയിച്ചു. കൗമുദി ഹെഡ്‌ലൈൻസിന്റെ അണിയറയും അരങ്ങും വാർത്താസംപ്രേഷണത്തിന് സുസജ്ജമാണെന്നും അധികൃതർ അറിയിച്ചു.

കൗമുദി ടിവി കുക്കറി റിയാലിറ്റി ഷോയുടെ രണ്ടാം ഭാഗം 'ഷെഫ് മാസ്റ്റർ സീസൺ 2' വിപുലമായ രീതിയിൽ ഒരുങ്ങുന്നതായും ചാനൽ അധികൃതർ അറിയിച്ചു. പ്രാഥമിക ഓഡിഷനിൽ തെരഞ്ഞെടുക്കപ്പെട്ട പത്ത് പേരാണ് രുചിമത്സരത്തിനെത്തുന്നത്.

വെള്ളിത്തിരയിലെ പ്രമുഖ താരങ്ങൾ സൗഹൃദകഥകൾ പങ്കിടുന്ന സിനിമാ കമ്പനിയുടെ അവതാരകയായി എത്തുന്നത് ചലച്ചിത്രതാരം പേർളി മാണിയാണ്. ആദ്യ എപ്പിസോഡ് ഇന്ന് രാത്രി 8.30ന് സംപ്രേഷണം ചെയ്യും. വിനീത് ശ്രീനിവാസൻ, അജു വർഗീസ്, കലാഭവൻ ഷാജോൺ, നോബി, നാദിർഷ, അബി തുടങ്ങിയവർ ആദ്യഭാഗങ്ങളിൽ അതിഥികളായെത്തും. വാവ സുരേഷിനൊപ്പം സഞ്ചരിക്കുന്ന സ്‌നേക് മാസ്റ്റർ വരുംദിവസങ്ങളിൽ കൗമുദി ടിവിയിലെത്തും.