മനാമ: തനതു നാടകപ്രസ്ഥാനത്തിനെ ആചാര്യൻ കാവാലം നാരായണപ്പണിക്കരുടെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ചു ബഹ്റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമ സംഘടിപ്പിക്കുന്ന കാവാലം സ്മൃതി എന്ന പരിപാിയും അവനവൻ കടമ്പ നാടക അവതരണവും ഇന്ന് നടക്കും. താളവും നൃത്തവും സംഗീതവും സമന്വയിപ്പിച്ചുള്ള ഒരു അവതരണമാണ് അവനവൻ കടമ്പയുടെ പ്രത്യേകത. ആസ്വാദകർക്ക് ഇതൊരു പുതിയ അനുഭവമാകുമെന്നും സംഘാടകർ വ്യക്തമാക്കി.

കാവാലത്തിന്റെ തന്നെ കവിതകളുടെ ദൃശ്യാവിഷ്‌കാരത്തോടെ തുടങ്ങുന്ന പരിപാടിയിൽ കാവാലത്തിന്റെ ശിഷ്യനും പ്രശസ്ത നാടക സിനിമ സീരിയൽ താരവുമായ ബിജു സോപാനം മുഖ്യാതിഥി ആയിരിക്കും ഇരുപത്തി അഞ്ചു വർഷമായി കാവാലം നാരായണപ്പണിക്കരുടെ നാടക സംഘത്തിലെ അഭിനേതാവാണ് ബിജു സോപാനം. മാധ്യമവ്യായോഗം, മാളവികാഗ്‌നിമിത്രം, കലിവേഷം എന്നീ പ്രശസ്തമായ നാടകങ്ങൾ ഉൾപ്പെടെ അനവധി വേഷങ്ങൾ ചെയ്ത ബിജു സോപാനം ഫ്ളവേഴ്സ് ടി വിയിലെ ഉപ്പും മുളകും പരിപാടിയിലൂടെ ജനപ്രിയ താരമായി ഈ പ്രകടനത്തിന് നിരവധി അവാർഡുകളും നേടുകയുണ്ടായി. സൈറ ബാബു എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തും സാന്നിധ്യമായ ബിജു അവനവൻ കടമ്പ നാടകത്തിലും പ്രധാന വേഷം ചെയ്തിരുന്നു.

ബഹ്റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടികളിലേക്ക് എല്ലാ നാടക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സമാജം ആക്ടിങ് പ്രസിഡന്റ് ആഷ്ലി ജോർജ്, ജനറൽ സെക്രട്ടറി എൻ കെ വീരമണി എന്നിവർ അറിയിച്ചു.