കൊച്ചി;25-ാം വിവാഹ വാർഷികം ആഘോഷം വേറിട്ടതാക്കി മലയാളി ദമ്പതികൾ. ഫിലാഡെൽഫിയയിൽ സ്ഥിര താമസക്കാരായ കോലഞ്ചേരി ഏഴക്കരനാട് പാറപ്പൊറ്റയിൽ സുനിൽ മാത്യൂവും പുതുപ്പാടി അമ്പഴച്ചാലിൽ ഷീമോളുമാണ് തങ്ങളുടെ 25-ാം വിവാഹ വാർഷികത്തിനായി നീക്കിവച്ചിരുന്ന തുക കൊണ്ട് നിർദ്ധനകുടംബത്തിന്റെ സ്വപ്നസാക്ഷാൽക്കാരത്തിന് വഴിതുറന്നത്.

കോതമംഗലം കവളങ്ങാട് പഞ്ചായത്തിൽ കയറിക്കിടക്കാൻ വീടില്ലാതെ വിഷമിച്ചിരുന്ന കുടുംബത്തിനാണ് ഈ സുമനസുകളുടെ ഇടപെടൽ തുണയായത്. 3 കിടപ്പുമുറികളും ഒരു ഹാളും അടുക്കളയും രണ്ടു ബാത്‌റൂമുകളും ഉൾപ്പെടെ 710 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള വീടാണ് ഇവർ നാട്ടിലെ സുഹൃത്തുക്കളുടെ കൂടി സഹായത്തോടെ നിർമ്മിച്ച് കൈമാറിയത്.

കഴിഞ്ഞ ദിവസം വീടിന്റെ താക്കോൽദാന കർമ്മം നടന്നു.സുനിൽ മാത്യുവിന്റെയും ഷീമോളുടെയും അടുത്ത സുഹൃത്തുക്കൾ ചടങ്ങിൽ പങ്കെടുത്തു.ഗ്രേറ്റർ ഫിലാഡെൽഫിയ മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ജോൺസൺ മാത്യു കുടുംബത്തിന് വീടിന്റെ താക്കോൽ കൈമാറി.സഹായമെത്തിച്ച എല്ലാവർക്കും കുടംബാംഗങ്ങൾ നന്ദിയും കടപ്പാടും അറിയിച്ചു.