മലപ്പുറം: 59 പേരുടെ മരണത്തിനിടയാക്കിയ കവളപ്പാറ ഉരുൾപൊട്ടലുണ്ടായ മുത്തപ്പന്മലയിൽ അനുമതിയില്ലാതെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സിപിഎം പ്രവർത്തകൻ പൂതാനി കരീം മണ്ണ് നീക്കിയത് റവന്യൂ വകുപ്പ് തടഞ്ഞു. ദുരന്തത്തിൽ കാണാതായ 11 പേരുടെ മൃതശരീരങ്ങളുള്ള ഭാഗത്താണ് അധികൃതരുടെ അനുമതിപോലുമില്ലാതെ ഇന്നലെ രാവിലെ മുതൽ മണ്ണ് നീക്കാൻ ആരംഭിച്ചത്. ന

ിലമ്പൂർ താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ അരവിന്ദൻ, പോത്തുകൽ വില്ലേജ് ഉണ്ണിക്കൃഷ്ണൻ എന്നിവർ പോത്തുകൽ പൊലീസിന്റെ സാന്നിധ്യത്തിലെത്തിയാണ് മണ്ണ് നീക്കൽ തടഞ്ഞത്. പാർട്ടിപ്രവർത്തകരുടെ സംരക്ഷണയിലായിരുന്നു മണ്ണ് നീക്കിയിരുന്നത്.
ഉരുൾപൊട്ടലുണ്ടായ മുത്തപ്പന്മലയുടെ 200 മീറ്റർ ചുറ്റളവിൽ താമസയോഗ്യമല്ലെന്ന് ജിയോളജി വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ 150 തോളം കുടുംബങ്ങൾക്ക് സ്ഥലം വാങ്ങി വീടുവെക്കാൻ സർക്കാർ 10 ലക്ഷം രൂപ വീതം സഹായധനം അനുവദിച്ചിരുന്നു.

വീടും സ്ഥലവും നഷ്ടപ്പെട്ട സിപിഎം പ്രവർത്തകൻ കരീമിന് സൗജന്യമായി ബിൽഡിങ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ 10 സെന്റ് സ്ഥലവും വീടും നേരത്തെ കൈമാറിയിട്ടുണ്ട്. ഇതിനു പുറമെ സംസ്ഥാന സർക്കാരിന്റെ വകയായി വീടും സ്ഥലത്തിനുമായി 10 ലക്ഷം അനുവദിച്ചിട്ടുമുണ്ട്. ഇയാളുടെ വീടുതകർന്ന് ഭാര്യയും ഒരു ആദിവാസിയുമാണ് മരണപ്പെട്ടത്. ആദിവാസിയുടെ മൃതദേഹം കിട്ടിയിട്ടുമില്ല. മൃതദേഹം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആദിവാസികൾ.

2019 ആഗസ്‌റ്്‌റ് 8നാണ് കവളപ്പാറയിലെ ഉരുൾപൊട്ടലിൽ 59 പേർ മരണപ്പെട്ടത്. 11 പേരുടെ മൃതദേഹം മണ്ണിനടയിൽ നിന്നും ലഭിക്കാതെയാണ് പ്രതികൂല കാലാവസ്ഥകാരണം അന്ന് തെരച്ചിൽ അവസാനിപ്പിച്ചത്. അനുകൂല കാലാവസ്ഥയിൽ തെരച്ചിൽ നടത്തി മൃതദേഹം പുറത്തെടുക്കാമെന്നായിരുന്നു അന്ന് ആദിവാസികൾക്ക് അധികൃതർ നൽകിയ ഉറപ്പ്. ആ ഉറപ്പ് ഇതുവരെയും പാലിച്ചിട്ടില്ല.

ഇതിനിടെയാണ് സിപിഎം പ്രവർത്തകൻ സ്വന്തം നിലക്ക് ദുരന്തഭൂമിയിൽ നിന്നും മണ്ണ് നീക്കുന്നത്. കവളപ്പാറ ദുരന്തത്തിൽ 25 കർഷകരുടെ 30 ഏക്കറോളം കൃഷിഭൂമി ഉപയോഗശൂന്യമായിരുന്നു. ഭൂമി നഷ്ടമായ കർഷകർക്ക് നഷ്ടപരിഹാരം തേടി കവളപ്പാറ കോളനി കൂട്ടായ്മ കൺവീനർ എം. ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് സിപിഎം പ്രവർത്തകൻ ദുരന്തഭൂമിയിൽ നിന്നും അനുമതിയില്ലാതെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കിയത്.